മലയാളി ശാസ‌്ത്രജ്ഞന്റെപേരിൽ പുതിയ സസ്യം ‘ഐസിലിമ കുഞ്ഞിക്കണ്ണനി’

കാഞ്ഞങ്ങാട‌്
മലയാളി ശാസ‌്ത്രജ്ഞന്റെ പേരിൽ പുതിയ സസ്യം. രാജസ്ഥാനിലെ ബുണ്ടി ഫോറസ‌്റ്റ‌് ഡിവിഷനിലെ പുൽമേട്ടിൽ ആദ്യമായി കണ്ടെത്തിയ അപൂർവ ഇനം പുൽവർഗച്ചെടിക്കാണ‌് കാസർകോട‌് ജില്ലയിലെ കാലിക്കടവ‌് സ്വദേശി ഡോ. സി കുഞ്ഞിക്കണ്ണന്റെ പേരിട്ടത‌്. ‘ഐസിലിമ കുഞ്ഞിക്കണ്ണനി’ എന്നാണ‌് ചെടിയുടെ പേര‌്. കോയമ്പത്തൂരിൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫോറസ്‌റ്റ് ജനിറ്റിക‌്സ‌് ആൻഡ‌് ട്രീ ബ്രീഡിങ്ങിൽ ശാസ്‌ത്രജ്ഞനാണ് കുഞ്ഞിക്കണ്ണൻ.
ബൊട്ടാണിക്കൽ സർവേ ഓഫ‌് ഇന്ത്യയിലെ പോത്തറെഡ്ഡി പ്രസാദ‌്, വൈ മഹേഷ‌്, ഫോറസ‌്റ്റ‌് സർവേ ഓഫ‌് ഇന്ത്യ മഹാരാഷ്ട്രയിലെ കൊളങ്കണി ചന്ദ്രമോഹൻ, ബി സുബ്രഹ്മണ്യം, സിംല ഫോറസ്‌റ്റ് സർവേ ഓഫ‌് ഇന്ത്യയിലെ സുശാന്ത‌് ശർമ എന്നിവരുൾപ്പെടുന്ന സംഘമാണ് സസ്യത്തെ കണ്ടെത്തിയത‌്. സസ്യശാസ‌്ത്രശാഖയ‌്ക്ക‌് കുഞ്ഞിക്കണ്ണൻ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഇവർ സസ്യത്തിന‌് കുഞ്ഞിക്കണ്ണന്റെ പേരിടാൻ തീരുമാനിച്ചത‌്.
ചന്ദ്രപുർ നാഷണൽ പാർക്കിലെ വെജിറ്റേഷണൽ ഇക്കോളജിയിലെ പഠനത്തിന‌് പിഎച്ച‌്ഡി നേടിയ കുഞ്ഞിക്കണ്ണൻ സൈലന്റ‌് വാലിയിലെ അപൂർവയിനം സസ്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ട‌്. കാലിക്കടവിലെ പുതിയ വളപ്പിൽ അമ്പാടിയുടെയും ചെറവങ്ങാട്ട‌് പാർവതിയുടെയും മകനാണ്. പയ്യന്നൂർ കോളേജിൽനിന്നാണ‌് ബിരുദപഠനം പൂർത്തിയാക്കിയത‌്. തടിയൻ കൊവ്വലിലെ കെ സുധയാണ‌് ഭാര്യ. അണ്ണാ സർവകലാശാലയിൽ എഇ വിദ്യാർഥി അമൃത‌്, കോയമ്പത്തൂർ പിഎസ‌്ജി കോളേജിലെ ബിഎസ‌്സി ബിരുദ വിദ്യാർഥി അഭയ‌് എന്നിവർ മക്കളാണ‌്.










0 comments