ad
Deshabhimani

നാട്ടിൻപുറത്ത്‌ കവിടി കളിയാരവം

എയ്യാലിൽ നടന്ന കവിടി കളി

എയ്യാലിൽ നടന്ന കവിടി കളി

വെബ് ഡെസ്ക്

Published on Aug 25, 2026, 12:34 AM | 1 min read


കുന്നംകുളം

ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിൻ പുറങ്ങളിൽ കവിടി കളിയുടെ ആരവം. തെക്കൻ മലബാർ മേഖലയിലെ ഓണക്കാലത്തെ പ്രധാന വിനോദമായ കവിടികളി അഥവാ തായം കളിക്ക് പഴയ പ്രൗഢിയില്ലെങ്കിലും കുന്നംകുളം മേഖലയിൽ അത്തം മുതൽ തിരുവോണം വരെ സ്ഥിരമായി കളി നടക്കുന്നുണ്ട്. വായ്ത്താരിയായി കിട്ടിയ കളി നിയമങ്ങളിൽ കടുകിട വ്യത്യാസമില്ലാതെ പുതുതലമുറയും ഏറ്റെടുക്കുന്നത് ആവേശകരമാണ്. പോർക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഓണത്തിന്റെ വരവറിയിച്ച് ആദ്യം കവിടികളി ആരംഭിച്ചത്. പ്രാദേശികമായി കളി നിയമങ്ങൾക്ക് വ്യത്യാസമുണ്ട്‌. തനത് ശൈലിയിൽ കണ്ടാണശേരിയിലാണ് തായം കളി ഇപ്പോഴും അരങ്ങേറുന്നത്. ഓണത്തിന് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ്‌ പ്രശസ്തമാണ്. ഇവിടെ ആറു കവിടികൾ ഉപയോഗിച്ചാണ് കളി സംഘടിപ്പിക്കുന്നത്. പോർക്കുളം‍, കാട്ടകാമ്പാൽ, കടവല്ലൂർ പഞ്ചായത്തുകളിൽ അഞ്ച് കവിടികൾ ഉപയോഗിച്ചാണ് മിക്കവാറും കളി നടക്കുന്നത്. കളി നിയമങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ട്. മത്സരത്തിനായി തുണിയിലോ, ചട്ടയിലോ, നിലത്തോ കളം വരച്ചു തയ്യാറാക്കുന്നു. കവിടികൾ മലർന്നു വീഴുന്നതിന്റെ എണ്ണത്തിനനുസരിച്ച് തായം 1 , 2, 3, 4, 5 എന്നിങ്ങനെയാണ് പോയിന്റ് കണക്കാക്കുക. തായവും അഞ്ചും കളിക്കുന്നവർക്ക് അഞ്ച്‌ തവണ വരെ കളി തുടരാൻ ഇവിടങ്ങളിലെ നിയമം അനുവദിക്കും. തായം കളിക്കുന്നതിന് അനുസരിച്ച് കരുക്കളെ ഇറക്കി കളത്തിന് അകത്തേക്കും തിരിച്ചും ആദ്യമെത്തിക്കുന്നവർ വിജയികളാകും. ചിലയിടത്ത് അകത്തേക്ക് മാത്രമേ കളിയുണ്ടാകൂ. ഒറ്റയ്ക്ക് ഒറ്റയ്ക്കും, രണ്ടുപേർ ചേർന്ന് ടീമുകളായും കളി നടത്തും. കൂട്ടിയും കിഴിച്ചും ചതുരംഗത്തെ ഓർമിപ്പിക്കും വിധം എതിരാളിയുടെ കരുക്കൾ വെട്ടി ആദ്യം കളത്തിൽ ഇറങ്ങാനും തിരിച്ചെത്തിക്കാനും കഴിയുന്നവർ വിജയികളാകും. തിരുവോണദിവസം അയ്യായിരവും, പതിനായിരവും ഒക്കെ സമ്മാനം നിശ്ചയിച്ചാണ് കളികൾ നടക്കുക. കളി കാണാൻ നിൽക്കുന്നവരും ടീമുകളുടെ ഭാഗം ചേരുന്നതോടെ കളത്തിന്‌ അകത്തും പുറത്തും പിരിമുറുക്കം കൂടും. കളി മികവിനൊപ്പം വാക് ചാതുര്യവും ഒത്തുചേരുമ്പോഴാണ് മികച്ച കളിക്കാരും കളിയും ഉടലെടുക്കുന്നത്. പരമ്പരാഗത കായിക വിനോദത്തെ കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിച്ച് പുതിയ തലമുറയിലും പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് കുന്നംകുളത്തെ ക്ലബുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home