തുക അക്കൗണ്ടിൽ വരാൻ വെെകി
ബാങ്കിൽ വരിനിന്ന് പെൻഷൻകാർ വലഞ്ഞു

സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങാൻ പഞ്ചാബ് നാഷണൽ ബാങ്ക് പള്ളിപ്പുറം ഒറ്റപ്പുന്ന ശാഖയ്‌ക്ക് മുന്നിൽ തിങ്കൾ രാവിലെ എത്തിയ ഗുണഭോക്താക്കൾ

സ്വന്തം ലേഖകൻ
Published on Aug 25, 2026, 01:48 AM | 1 min read
ചേർത്തല
സാമൂഹ്യക്ഷേമ പെൻഷൻ യഥാസമയം സർക്കാർ കൈമാറാതിരുന്നത് ഗുണഭോക്താക്കളെയും ബാങ്ക് ജീവനക്കാരെയും വലച്ചു. ബാങ്കിൽനിന്ന് നേരിട്ട് പെൻഷൻ വാങ്ങുന്നവരാണ് വലഞ്ഞത്. ഓണത്തിന് വിനിയോഗിക്കേണ്ട പെൻഷൻതുക ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയത് ശനിയും ഞായറുമായാണ്.
ഞായർ അവധിയായതിനാൽ തിങ്കളാഴ്‌ച കൂട്ടത്തോടെ ഗുണഭോക്താക്കൾ പണം വാങ്ങാൻ ബാങ്കിലെത്തി. ബാങ്കുകൾ തുറക്കുംമുന്പ് മുറ്റത്ത് പെൻഷൻ ഗുണഭോക്താക്കൾ നിറഞ്ഞു. ബാങ്കിന്റെ വാതിൽ തുറന്നതോടെ തിക്കുംതിരക്കുമായി. മറ്റ് ഇടപാടുകാർക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയുമായി. ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പെൻഷൻതുക നൽകിയത്.
പ്രായത്തിന്റെ അവശതയുള്ളവരും രോഗികളും മണിക്കൂറുകൾ കാത്തുനിന്നാണ് തുക വാങ്ങിയത്. പള്ളിപ്പുറം ഒറ്റപ്പുന്ന പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ ഉൾപ്പെടെ ഇതായിരുന്നു അവസ്ഥ. സഹകരണബാങ്കുകൾ മുഖേന തുക വീട്ടിലെത്തിക്കുന്നത് അവസാനിപ്പിച്ച് സതീശൻ സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ അടുത്ത ഗഡു വിതരണം ഇതിലേറെ കുഴപ്പത്തിലാകും.










0 comments