ആഷിഫ് ഇനി റെയിൽവേക്കായി ബൂട്ടണിയും

പി എ ആഷിഫ്
ബഷീർ അമ്പാട്ട്
Published on Aug 25, 2026, 12:35 AM | 1 min read
കൊണ്ടോട്ടി
യൂണിവേഴ്സിറ്റി ഫുട്ബോൾ താരം പി എ ആഷിഫ് ഇനി ഇന്ത്യൻ റെയിൽവേയ്‌ക്കായി ബൂട്ടണിയും. അഖിലേന്ത്യാ അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ്പിലും ഖേലോ ഇന്ത്യാ ഗെയിംസിലും തുടർച്ചയായി മൂന്ന് സീസണുകളിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനായി മിന്നുംപ്രകടനമാണ് ഇൗ മിഡ്ഫീൽഡർ കാഴ്‌ചവച്ചത്. ഇന്ത്യൻ റെയിൽവേ ചെന്നൈയിൽ നടത്തിയ സെലക്ഷൻ ട്രയൽസിലും തിളങ്ങിയതോടെ റെയിൽവേയിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. സതേൺ റയിൽവേയിൽ പാലക്കാട് ഡിവിഷനുകീഴിൽ ആഷിഫിന് നിയമനം ഉറപ്പായി. ക്ലാസ് ഫോർ തസ്തികയിലാണ് നിയമനം.
പള്ളിക്കൽ എഎംയുപി സ്കൂളിലെ പഠനകാലത്താണ് ഫുട്ബോൾ തട്ടിത്തുടങ്ങുന്നത്. പള്ളിക്കൽ വിപികെഎംഎംഎച്ച്എസ് സ്കൂൾ ടീമിനായും പ്രാദേശിക ക്ലബ്ബായ വൈറ്റ് നീഗ്രോസ് പുത്തൂർ പള്ളിക്കലിനായും കളത്തിലിറങ്ങി. മിഷൻ സോക്കർ അക്കാദമിയിലെ പരിശീലനത്തിനിടെ ജില്ലാ സ്കൂൾ ടീമിനായി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കളിച്ചു. മലപ്പുറം ജില്ലാ എ ഡിവിഷൻ ലീഗിലൂടെയാണ് അസോസിയേഷൻ ഫുട്ബോളിലെ അരങ്ങേറ്റം. മഞ്ചേരി എവർഗ്രീൻ സ്പോർട്സ് ക്ലബ്ബിനായി എ ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം നടത്തി. ഇക്കഴിഞ്ഞ മൂന്നുതവണയും ആഷിഫിന്റെ വളാഞ്ചേരി എംഇഎസ് കെവിഎം കോളേജാണ് കലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഇന്റർസോൺ ജേതാക്കൾ. ഇതിനിടെ കലിക്കറ്റിനായി രണ്ട് തവണ ഖേലോ ഇന്ത്യാ യൂണിവേഴ്സിറ്റി ഫുട്ബോൾ കിരീടം ചൂടി. ആഷിഫ് കലിക്കറ്റിന്റെ മികച്ച ഗോൾവേട്ടക്കാരിൽ ഒരാളുമായി. കേരള സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സി ടീമിന്റെ അതിഥി താരമായിരുന്നു. കേരള പ്രീമിയർ ലീഗിലും തിളങ്ങി.
അടുത്ത മാസം നടക്കുന്ന ഓൾ ഇന്ത്യാ ഇന്റർ റെയിൽവേ ചാമ്പ്യൻഷിപ്പിൽ ചെന്നൈ സതേൺ ടീമിനായി ബൂട്ടണിഞ്ഞ് ആഷിഫ് പുതിയ കരിയറിന് തുടക്കമിടും. പള്ളിക്കൽ പുത്തൂരിലെ പി എ അബ്ദുൾ കരീം– ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.









0 comments