ad
Deshabhimani

മഴക്കാലരോഗങ്ങൾ പെരുകുന്നു; ഈ മാസം പനിക്ക്‌ ചികിത്സ തേടിയത്‌ 36,433 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2020, 12:17 AM | 0 min read

തിരുവനന്തപുരം
മഴ ശക്തമായതോടെ സംസ്ഥാനത്ത്‌ മഴക്കാലരോഗങ്ങളും പെരുകുന്നു. ഈ മാസം സംസ്ഥാനമൊട്ടാകെ 36,433 പേരാണ്‌ പനിക്ക്‌ ചികിത്സ തേടിയത്‌. തിങ്കളാഴ്ചമാത്രം വിവിധ ജില്ലകളിലായി 2365 പനിബാധിതർ ഒപിയിൽ ചികിത്സ തേടി. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്‌. ഈ മാസം ഇതുവരെ 112 പേർക്ക്‌‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു‌. തിങ്കളാഴ്ചമാത്രം 18 പേരിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഏറ്റവും കൂടുതൽ രോഗബാധിതർ കൊല്ലത്താണ്‌, എട്ട്‌. എറണാകുളത്ത്‌ നാലും തൃശൂർ മൂന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ്‌ തിങ്കളാഴ്ച രോഗം പിടിപെട്ടത്‌. 61 പേർ സമാന ലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ മാസം ഇതുവരെ 717 പേരാണ്‌ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്‌. രോഗം സംശയിച്ച ഒരാൾ മരിക്കുകയും ചെയ്തു. ഈവർഷം ഇതുവരെ 950 പേർക്കാണ്‌ രോഗം ബാധിച്ചത്‌.

തിങ്കളാഴ്ച ആറുപേർക്ക്‌ എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്‌ രണ്ടുപേർക്കും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ ഈ മാസം എലിപ്പനി ബാധിച്ചവരുടെ എണ്ണം 47 ആയി. സമാന ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആറുപേർ മരിക്കുകയും ചെയ്തു.

സംസ്ഥാനത്ത്‌ പലയിടത്തും മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌‌ അറിയിച്ചു. മുടങ്ങിക്കിടന്ന ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു‌. വീടും പരിസരവും വൃത്തിയാക്കാനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും പൊതുജനങ്ങളും ശ്രദ്ധിക്കണം. പ്രായാധിക്യമുള്ളവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ്‌ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home