സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രോട്ടോക്കോൾ ലംഘിച്ചുു
ഒൗദ്യോഗിക പരിപാടിക്കരികിൽ ബിജെപിയുടെ സമാന്തര ആഘോഷം

തൃശൂർ
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒൗദ്യോഗിക പരിപാടികൾക്കിടെ സമാന്തര പരിപാടി സംഘടിപ്പിച്ച് ബിജെപി. തേക്കിൻകാട് മൈതാനിയിലാണ് ഹൈക്കോടതി വിധി ലംഘിച്ച് ബിജെപിയുടെ സമാന്തര ആഘോഷം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രോട്ടോകോൾ ലംഘനംകൂടിയാണ് ബിജെപിയുടെ നടപടി. അനുമതിതേടാതെ നടത്തിയ പരിപാടിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. തേക്കിൻകാട് മൈതാനത്ത് നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ വേദിക്ക് തൊട്ടരികിലെത്തി ബിജെപി പ്രവർത്തകർ വന്ദേമാതരം മുഴുവനായും ആലപിച്ചു. കോർപറേഷനു മുന്നിൽ പ്രവർത്തകർ സംഘടിച്ച് ജാഥയായി തെക്കേഗോപുര നടയിൽ എത്തി ദേശീയ പതാക ഉയർത്തിയ ശേഷമായിരുന്നു വന്ദേമാതരം ചൊല്ലിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ജില്ലാ പ്രസഡന്റ് ജസ്‌റ്റിൻ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെ അവഹേളിക്കുന്ന നടപടി. തേക്കിൻകാട് മൈതാനിയിൽ രാഷ്‌ട്രീയ പാർടികളുടെ പരിപാടികൾ അനുവദിക്കരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് കൊച്ചിൻ ദേവസ്വം ബോർഡിനോട് അനുമതിക്ക് അപേക്ഷിക്കുക പോലും ചെയ്യാതെ രാഷ്ട്രീയ നാടകം കളിച്ചത്. ഇതിനെതിരെ ദേവസ്വം ഓഫീസർ ഇൗസ്‌റ്റ് പൊലീസിൽ പരാതിനൽകി. ബിജെപിക്കാർ സംഘടിച്ചുനിൽക്കുന്നതുകണ്ട് ഹൈക്കോടതി ഉത്തരവും അനുമതിയില്ലാതെ പരിപാടി നടത്തരുതെന്ന ചട്ടവും വിശദീകരിക്കാൻ എത്തിയ ദേവസ്വം ബോർഡ് ജീവനക്കാരനെ നേതാക്കൾ ഭീഷണിപ്പെടുത്തി. ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ പരിപാടി നടത്തിയതിലും വിവരം ധരിപ്പിക്കാൻ ചെന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിലും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ പ്രതിഷേധിച്ചു.







0 comments