06 June Saturday

ആയിരം വീടോ? അതെന്താ സംഗതി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് കോൺഗ്രസ‌് പ്രഖ്യാപിച്ച 1000 വീട് പദ്ധതിയുടെ അവസ്ഥ എന്താണെന്ന‌് നേതൃത്വത്തിന‌് ഒരു ധാരണയുമില്ല. ജില്ലകളിൽ ഇതുസംബന്ധിച്ച‌് ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്ന‌് ഡിസിസികൾ തന്നെ വ്യക്തമാക്കുന്നു.  ജില്ലാ കമ്മിറ്റികൾ എത്ര വീടുകൾ  വീതം വച്ചുകൊടുക്കണമെന്ന‌് കൃത്യമായി നിർദേശിക്കാൻ കെപിസിസിക്ക്  കഴിഞ്ഞില്ലെന്നാണ‌് ജില്ലയിലെ നേതാക്കൾ പറയുന്നത‌്. പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ പദ്ധതിയുടെ ജില്ലകളിലുള്ള അവസ്ഥ ഇങ്ങനെ:

ചെന്നിത്തല പറഞ്ഞത‌് 20
ആലപ്പുഴ
ഹരിപ്പാട‌് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല മുൻകൈയെടുത്ത‌് 20 വീടുകൾ നിർമിച്ചു നൽകുമെന്നും പ്രഖ്യാപനമുണ്ടായി. അതും നടന്നില്ല. 100 വീടു നിർമിച്ചു നൽകുമെന്ന ആലപ്പുഴ ജില്ലാ കോൺഗ്രസ‌് കമ്മിറ്റി പ്രഖ്യാപനവും വാഗ‌്ദാനത്തിൽ ഒതുങ്ങി. ഒരു വീടുപോലും പൂർത്തിയായില്ല.

പ്രളയത്തിൽ വീടു തകർന്നവർക്ക‌് കെപിസിസി 1000 വീടുകൾ നിർമിച്ചു നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ‌് 100 വീടുകൾ ആലപ്പുഴയിൽ നിർമിക്കാൻ ഡിസിസി തീരുമാനിച്ചത‌്. കെപിസിസി ഭവന നിർമാണ കമ്മിറ്റി അധ്യക്ഷൻ എം എം ഹസൻകൂടി പങ്കെടുത്ത യോഗത്തിലാണ‌് തീരുമാനമെടുത്തത‌്. 15ഓളം വീടുകൾക്ക‌് തറക്കല്ലിട്ടു. ഇതിൽ അഞ്ചെണ്ണം കെപിസിസി നേരിട്ട‌് നിർമിച്ചു നൽകുമെന്ന‌് പ്രഖ്യാപിച്ചതാണ‌്. ഗുണഭോക്താക്കളെ തീരുമാനിച്ചതിലും ആക്ഷേപമുയർന്നു.

ഇടുക്കിയിൽ  ഒന്നുപോലുമില്ല
പ്രളയം സർവനാശം വിതച്ച ഇടുക്കി ജില്ലയിൽ ഇതുവരെ ഒരാൾക്കുപോലും കെപിസിസി തീരുമാനപ്രകാരം വീടുവച്ച‌് നൽകിയിട്ടില്ലെന്ന‌് സമ്മതിച്ച‌്  ഡിസിസി പ്രസിഡന്റ‌് ഇബ്രാഹിംകുട്ടി കല്ലാർ.  അഞ്ച‌് വീടുകൾ നിർമിച്ചുനൽകാനാണ‌് ഡിസിസി പദ്ധതിയിട്ടത‌്. വീട‌് നിർമിക്കാനായി കെപിസിസി വാഗ‌്ദാനം ചെയ‌്തിരുന്ന ഫണ്ട‌് ഇതുവരെ കിട്ടിയിട്ടില്ല. ഗുണഭോക്താക്കളെ കണ്ടെത്തലും മുടങ്ങിയെന്ന‌് ഇബ്രാഹിംകുട്ടി പറഞ്ഞു. എന്നാൽ, പ്രാദേശിക നേതൃത്വം പണപ്പിരിവിലൂടെ ചെമ്മണ്ണാർ പാമ്പുപാറയിൽ ഒരു വീട‌് നിർമിച്ചതായി ഉടുമ്പൻചോല മണ്ഡലം ഭാരവാഹി സേനാപതി വേണു പറഞ്ഞു.

കണ്ണൂരിൽ രണ്ടെണ്ണം
കണ്ണൂർ ജില്ലയിൽ കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ  രണ്ട‌് വീട‌് നിർമിച്ചുവെന്നാണ‌് ഡിസിസി പ്രസിഡന്റ‌് സതീശൻ പാച്ചേനി അവകാശപ്പെടുന്നത‌്.   കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ തുണ്ടിപ്പറമ്പിൽ ബെറ്റി,  യൂത്ത് കോൺഗ്രസ‌് കണിച്ചാർ മണ്ഡലം പ്രസിഡന്റും കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈലിലെ കുരുവിളാനിക്കൽ  സിനോ ജോസ് എന്നിവർക്കാണ് വീട് നിർമിക്കാൻ കെപിസിസി തീരുമാനിച്ചത്. 

കണിച്ചാറിൽ   നിർമാണം നടക്കുകയാണെന്നും കൊട്ടിയൂരിലേത‌് പൂർത്തിയായെന്നും  പറയുന്നു.   എന്നാൽ ഈ കുടുംബങ്ങൾക്ക‌് വീട‌് വയ‌്ക്കാൻ നാല‌് ലക്ഷം രൂപ സർക്കാർ നൽകി. അതിൽ 95,000 രൂപ വീതം   ലഭിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വീടിന് നാമമാത്രമായ തുക മുടക്കി  കെപിസിസി നിർമിച്ച് നൽകുന്നതായി പ്രചരിപ്പിക്കുകയാണ‌് കോൺഗ്രസ‌് നേതാക്കൾ. ഒരു വീട‌് നിർമിക്കാൻ അഞ്ച‌് ലക്ഷം രൂപ നൽകാനാണ‌് കെപിസിസി തീരുമാനിച്ചത‌്. പിരിവും നടത്തി. പക്ഷേ വീടുകൾ ഉയരുന്നില്ല.

തിരുവനന്തപുരത്ത‌് വീട‌് അടിച്ചുമാറ്റി
തിരുവനന്തപുരത്ത‌് കോൺഗ്രസുകാർ ഒരു വീടു പോലും നിർമിച്ചുനൽകിയില്ല. എന്നാൽ  മഴക്കെടുതിയിൽ വീട് തകർന്ന വിളപ്പിൽ  പേയാട് കാട്ടുവിളയിൽ  ചന്ദ്രികയ്ക്ക് നാലാഞ്ചിറ റസിഡൻസ് അസോസിയേഷൻ (നിറ) നിർമിച്ച് നൽകിയ വീടിന്റെ ക്രഡിറ്റ‌്  കോൺഗ്രസ്  കമ്മിറ്റി അടിച്ചു മാറ്റി. 5.5 ലക്ഷം രൂപ മുടക്കിയാണ് റസിഡൻസ് അസോസിയേഷൻ 360 സ്ക്വയർ ഫീറ്റ് വീട് ചന്ദ്രികയ്ക്ക് നിർമിച്ച് നൽകിയത്.

ഒരു ലക്ഷം രൂപ റോട്ടറി ക്ലബ് റസിഡൻസ് അസോസിയേഷനു നൽകി.  നിർമാണഘട്ടത്തിൽ കോൺഗ്രസ‌് ഒരിക്കൽ പോലും സഹകരിച്ചില്ല.  കെ മുരളീധരൻ എംഎൽഎ താക്കോൽ ദാനവും നടത്തി. ഒരാഴ‌്ച കഴിഞ്ഞ‌് ഇതേ വീട‌ിന്റെ ‘താക്കോൽദാനം’ നടത്താൻ മുൻ കെപിസിസി പ്രസഡന്റ‌് എംഎം ഹസനും കൂട്ടരും എത്തി. തങ്ങൾ നിർമിച്ചതാണ‌് വീടെന്ന‌് അവകാശപ്പെട്ട‌് പ്രവേശന ‘ചടങ്ങും’ ഫോട്ടോ എടുപ്പും നടത്തി  നേതാക്കൾ മടങ്ങി. കോൺഗ്രസ‌് നിർമിച്ചു നൽകുന്ന 1000 വീട് പദ്ധതിയിൽ ഉൾപ്പെട്ടതാണ‌് ഈ വീടെന്ന‌് വ്യാപക പ്രചരണവും നടത്തി. ഫ‌്ളക‌്സുബോർഡുകളും നിരത്തി.

തൃശൂരിൽ പറഞ്ഞത‌് 50; നിർമിച്ചത‌് ഒന്ന‌്
പ്രളയത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി, മാള, ചേർപ്പ്, വടക്കാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളാണ് പൂർണമായി തകർന്നത്. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം ഇതിന്റെ  ഇരട്ടിയിലധികം വരും. ‌എന്നിട്ടും ജില്ലയിൽ 50 വീടുകൾ നിർമിച്ച് നൽകാനായിരുന്നു ഡിസിസിയുടെ തീരുമാനം. എന്നാൽ ഒരു വീടുമാത്രമാണ് നിർമിച്ചു നൽകാനായത്. കുണ്ടുകാട് പ്രദേശത്തുള്ള വീടിന്റെ താക്കോൽദാനം സത്യൻ അന്തിക്കാട് നിർവഹിച്ചു. വടക്കാഞ്ചേരിയിൽ രണ്ടു വീടുകളുടെയും, തളിക്കുളം, താന്ന്യം എന്നിവിടങ്ങളിൽ ഓരോ വീടുകളുടെയും നിർമാണം പുരോഗമിക്കുന്നുണ്ടെന്നാണ‌് നേതാക്കളുടെ അവകാശവാദം. പദ്ധതിക്കായി പിരിച്ചെടുത്ത തുകയെ സംബന്ധിച്ചും പരാതി ഉയർന്നുകഴിഞ്ഞു.

പത്തനംതിട്ടയിൽ പ്രഖ്യാപിച്ചത്‌ 10; ഉയർന്നത‌് ഒന്ന‌്
പ്രളയത്തിൽ പെട്ടവർക്ക‌് 10 വീടുകൾ പണിതുനൽകും എന്ന‌് വാഗ്ദാനംചെയ‌്ത പത്തനംതിട്ട ഡിസിസി ഒരു വീടു മാത്രമാണ‌് നൽകിയത‌്. ആറന്മുള മണ്ഡലത്തിലെ എഴീക്കാട‌് കോളനിയിൽ പൂർത്തിയാക്കിയ ഈ വീടിന്റെ താക്കോൽ കൈമാറി. യൂത്ത‌് കോൺഗ്രസിന്റെ സജീവ പ്രവർത്തകനുതന്നെയാണ‌് വീട‌് നിർമിച്ചുനൽകിയത‌്. ഇദ്ദേഹത്തിന്റെ തന്നെ സ്ഥലത്താണ‌് വീട‌് പണിതതും.

എറണാകുളത്ത‌് ആദ്യമേത‌്?
എറണാകുളം ജില്ലയിൽ ദുരിതബാധിതരെ സഹായിക്കാനെന്നപേരിൽ കെപിസിസി പ്രഖ്യാപിച്ച പദ്ധതിയിൽ തട്ടിപ്പ‌് നടന്നു. ‘ആദ്യ വീട‌ിന്റെ’ താക്കോൽദാനം ചെല്ലാനത്ത‌് രമേശ‌് ചെന്നിത്തല നിർവഹിച്ച‌് രണ്ടാഴ‌്ച കഴിഞ്ഞപ്പോൾ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വരാപ്പുഴയിൽ ‘ആദ്യ വീടിന‌്’ തറക്കല്ലിട്ടു. ഇതോടെയാണ‌് തട്ടിപ്പ‌് വ്യക്തമായത‌്. നവംബർ 20നാണ‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല ചെല്ലാനം വാഴക്കൂട്ടത്തിൽ പീറ്ററിനായി നിർമിച്ചതെന്ന‌ു പറയുന്ന വീട‌് കൈമാറിയത‌്. അടിത്തറയടക്കം കുറെഭാഗം വീട്ടുകാർതന്നെ നിർമിച്ച വീടിന്റെ ബാക്കിപണിമാത്രം നടത്തി കെപിസിസിയുടെ ഭവനപദ്ധതിയിൽ പെടുത്തുകയായിരുന്നു. ഓഖി ദുരന്തരത്തിൽപ്പെട്ട‌് പുനർനിർമിച്ച വീട‌് പ്രളയവീടിന്റെ പട്ടികയിൽപ്പെടുത്തുന്നതിനെ പ്രദേശത്തെ കോൺഗ്രസുകാർതന്നെ എതിർത്തു.

കഴിഞ്ഞദിവസം വരാപ്പുഴയിൽ മുല്ലപ്പളളി രാമചന്ദ്രൻ ‘ആദ്യ വീടിന‌്’ തറക്കല്ലിട്ട വാർത്ത ഡിസിസിയും കോൺഗ്രസ‌് പ്രവർത്തകരും ഫെയ്‌സ‌്ബുക്കിൽ പോസ‌്റ്റ‌്ചെയ്‌തു. ഇതിനുതാഴെ രമേശ‌്ചെന്നിത്തല ചെല്ലാനത്ത‌് താക്കോൽ കൈമാറുന്ന ചിത്രം ഇട്ടശേഷം കെപിസിസിയുടെ ഭവനപദ്ധതിക്ക‌് എത്ര ആദ്യമുണ്ടെന്ന പരിഹാസവുമായാണ‌് ചിലർ പ്രതികരിച്ചത‌്.

50ൽ ഒന്നുമില്ലാതെ മലപ്പുറം
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിർമിച്ചു നൽകാമെന്നേറ്റ വീടുകളിൽ ഒന്നു പോലും പൂർത്തിയാക്കി കൈമാറിയില്ല. 50 വീടുകൾ വരെ മലപ്പുറത്ത് നൽകുമെന്നാണ‌് ഡിസിസി നേതൃത്വം അവകാശപ്പെട്ടിരുന്നത‌്. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ചില വീടുകൾ ഉടൻ പൂർത്തിയാക്കുമെന്നുമാണ് ഇപ്പോൾ നേതൃത്വം പറയുന്നത‌്.

കോട്ടയത്ത‌് മൂന്നെണ്ണം മാത്രം
കോട്ടയം ജില്ലയിൽ എൺപതോളം വീടുകൾ പണിയാനാണ‌്  ജില്ലാ കോൺഗ്രസ‌് കമ്മിറ്റി തീരുമാനിച്ചത‌്. മണ്ഡലം, ബ്ലോക്ക‌് കമ്മിറ്റികളാണ‌് പട്ടിക തയ്യാറാക്കിയത‌്.  ഇതുവരെ പൂർത്തീകരിക്കാനായത‌് മൂന്നെണ്ണം മാത്രം. അയർക്കുന്നം, പുതുപ്പള്ളി , തലയോലപ്പറമ്പ‌്  എന്നിവിടങ്ങളിലായാണ‌് നിർമാണം പൂർത്തീകരിച്ചത‌്.  18 വീടുകളുടെ നിർമാണം നടക്കുന്നതായും നാലെണ്ണത്തിന‌് കല്ലിട്ടതായും ഡിസിസി പ്രസിഡന്റ‌് ജോഷി ഫിലിപ്പ‌് അവകാശപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top