ad
Deshabhimani

സ്ത്രീകളുടെയും കുട്ടികളുടെയും പരാതി: അന്വേഷണം ജാഗ്രതയോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 13, 2020, 12:09 AM | 0 min read


തിരുവനന്തപുരം
സ്ത്രീകളുടെയും കുട്ടികളുടെയും പരാതികളിൽ പൊലീസ്‌ കേസെടുത്ത്‌ ജാഗ്രതയോടെ അന്വേഷണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ലൈംഗികാതിക്രമ കേസുകൾ വർധിക്കാൻ കാരണമിതാണ്‌. സ്വന്തക്കാരിൽനിന്നാണ്‌ കുട്ടികൾ കൂടുതൽ പീഡനം നേരിടുന്നത്‌. 

ലൈംഗികാതിക്രമങ്ങൾ പുറത്തുപറയാൻ ഇന്ന്‌ കുട്ടികൾ ധൈര്യം കാണിക്കുന്നു. സ്‌ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ പൊലീസും വനിതാ ശിശുക്ഷേമവകുപ്പും ഒട്ടേറെ പദ്ധതി നടപ്പാക്കുന്നുണ്ട്‌. വാളയാർ കേസിൽ സിബിഐ ഉൾപ്പെടെയുള്ള ഏത്‌ അന്വേഷണവും മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ സർക്കാർ എതിർക്കില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സ്‌ത്രീസുരക്ഷ തകർന്നെന്ന്‌ ആരോപിച്ച്‌ ഷാനിമോൾ ഉസ്‌മാൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കുന്നത്തുകാലിൽ പ്രണയത്തിൽനിന്ന്‌ പിന്മാറിയ പെൺകുട്ടിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്‌ത കേസിൽ വെള്ളറട പൊലീസ്‌ അന്വേഷണം തുടരുകയാണ്‌. വലിയമല കുന്നത്തുമല സ്‌കൂൾ വിദ്യാർഥിനിയെ അധ്യാപകനായ യശോധരൻ ക്ലാസിൽ ലൈംഗികമായി പീഡിപ്പിച്ച കേസിലും അന്വേഷണം നടക്കുന്നു.  

വാളയാർ കേസുകളിൽ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ആറ്‌ അപ്പീൽ നൽകിയിട്ടുണ്ട്‌. ഇവ കോടതിയുടെ പരിഗണനയിലാണ്‌. പെൺകുട്ടികളുടെ മരണം വിശദമായി അന്വേഷിക്കാൻ റിട്ട. ജില്ലാ ജഡ്‌ജി പി കെ ഹനീഫയെ  കമീഷനായി നിയമിച്ചിട്ടുണ്ട്‌. വനിതാ കമീഷനെതിരായ ആരോപണം കുശുമ്പിന്റെ ഭാഗമാണ്‌. കമീഷൻ നല്ല നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌.   പുതിയ വനിതാ ശിശുവികസനവകുപ്പ്‌ രൂപീകരിച്ചതും ജെൻഡർ ബജറ്റ്‌ അവതരിപ്പിച്ചതും സ്‌ത്രീസുരക്ഷയ്‌ക്ക്‌ സർക്കാർ നൽകുന്ന പ്രാധാന്യത്തിന്‌ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home