ad
Deshabhimani

അട്ടപ്പാടി ഇരട്ട കൊലപാതകം: ഭാര്യയെയും മകളെയും ഭർത്താവ് കൊലപ്പെടുത്തി

Attappadi: Two Bodies Found.JPG
വെബ് ഡെസ്ക്

Published on Sep 07, 2026, 11:03 AM | 1 min read

പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിനുള്ളിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവ്. ഭാര്യയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇവർ അട്ടപ്പാടിയിൽ എത്തിയിട്ട് ഏകദേശം 20 ദിവസമേ ആയിരുന്നുള്ളൂവെന്നാണ് വിവരം.


യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ബംഗാളിലേക്ക് കടന്നതായും സൂചനയുണ്ട്.


മൃതശരീരങ്ങൾ പൊതിയാൻ ഉപയോഗിച്ച ചാക്കുകളിലൊന്നിലെ എഴുത്തിൽ നിന്നാണ് അന്വേഷണത്തിന് നിർണായക സൂചന ലഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.


കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്.


ഭവാനിപ്പുഴയിൽ നിന്നാണ് യുവതിയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി വേർതിരിച്ച നിലയിലായിരുന്നു. മൃതദേഹങ്ങൾക്ക് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.


മൃതശരീരങ്ങളുടെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.


പശുവിനെ മേയ്ക്കാൻ പോയ പ്രദേശവാസികളാണ് പുഴയോരത്ത് ചാക്കുകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയുടെ കൃത്യമായ തിരിച്ചറിയൽ, കൊലപാതകത്തിന്റെ കാരണം, മൃതദേഹങ്ങൾ പുഴയിൽ എത്തിച്ച സാഹചര്യം എന്നിവ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home