29 October Friday

മത്തിക്കെന്തു പറ്റി ..? സിഎംഎഫ്‌ആർഐ ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


കൊച്ചി
കേരളത്തിന്റെ സ്വാദിഷ്ട മത്സ്യമായ മത്തി പോയ്‌മറഞ്ഞ വഴിതേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. രാജ്യത്തെ മൊത്തം മത്സ്യലഭ്യതയുടെ 17–20 ശതമാനമായിരുന്ന മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞവർഷമുണ്ടായത്‌ 39 ശതമാനം കുറവ്‌.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപാദം മുതൽ ദശാബ്ദങ്ങളുടെ ഇടവേളകളിൽ രാജ്യത്തെ മത്തി ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും നാളിതുവരെ അതിന്റെ യഥാർഥ കാരണങ്ങളിലേക്കെത്താൻ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല. ഈ  സാഹചര്യത്തിലാണ്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്‌ആർഐ) മത്തി മറഞ്ഞ വഴി അന്വേഷിക്കുന്നത്‌.  അന്വേഷണം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നതിനുപുറമേ ഭാവിയിൽ സ്വീകരിക്കേണ്ട കരുതൽ നടപടികളിലേക്കും വിരൽ ചൂണ്ടുമെന്നാണ്‌ പ്രതീക്ഷ.

സ്വാദിഷ്ടവും പോഷകസമ്പന്നവുമായ മത്സ്യാഹാരമായ മത്തി (ചാള) വിദേശാധിപത്യ കാലം മുതൽ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ്‌. മലബാർ തീരത്ത്‌ മത്തി ലഭ്യതയിലുണ്ടാകുന്ന ചാഞ്ചാട്ടത്തെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സിവിൽ സർജൻ ഫ്രാൻസിസ്‌ ഡേയുടെ പരാമർശം ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞൻ ജെയിംസ്‌ ഹോർണൽ എഴുതിയ ഫിഷസ്‌ ഓഫ്‌ മലബാർ എന്ന പുസ്‌തകത്തിലുള്ളതായാണ്‌ വിവരം. രാജ്യത്തെ ആദ്യ മത്സ്യഗവേഷണകേന്ദ്രം സ്ഥാപിതമായതും കേരളത്തിലാണ്‌.  1921ൽ കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്ലിൽ.  1923ൽ  ജെയിംസ്‌ ഹോർണൽ മത്തി ലഭ്യതക്കുറവിനെക്കുറിച്ച്‌ നടത്തിയ പഠനം പുറത്തുവന്നു.   ചാളയിൽനിന്ന്‌ മീനെണ്ണ എടുക്കുന്ന അഞ്ഞൂറോളം ഫാക്ടറികൾ അക്കാലത്ത്‌ കേരളതീരത്ത്‌ പ്രവർത്തിച്ചിരുന്നു. മത്തി വരവ്‌ കുറഞ്ഞത്‌ വരുമാനത്തിലും ഇടിവുണ്ടാക്കി. 1943ൽ  മത്തി ലഭ്യത വീണ്ടും കുറഞ്ഞപ്പോൾ കോഴിക്കോട്‌ മത്സ്യഗവേഷണ കേന്ദ്രത്തിലെ അസിസ്‌റ്റന്റ്‌ ബയോളജിസ്‌റ്റ്‌  റാവു സാഹിബ്‌ ദേവനേശനെ പഠനത്തിന്‌ നിയോഗിച്ചു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  അടക്കംകൊല്ലി വലയുപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതായി  സിഎംഎഫ്‌ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. സി രാമചന്ദ്രൻ പറഞ്ഞു.

1920ലും 40ലും 60ലുമെല്ലാം മത്തി ലഭ്യതയിൽ വൻ കുറവുണ്ടായിട്ടുണ്ട്‌. 1994ലാണ്‌ കേരളത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത്‌. ഉദ്ദേശ്യം 1800 ടൺ.  മത്തി ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എൽനിനോ-–-ലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആർഐ അടുത്തിടെ കണ്ടെത്തിയിരുന്നു. മത്തിയെ  ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതൽ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് സിഎംഎഫ്‌ആർഐ ആസ്ഥാനത്ത്‌ ചൊവ്വാഴ്‌ച വിദഗ്ധരുടെ ചർച്ച സംഘടിപ്പിക്കുന്നത്‌. 
 

ഗവേഷകർ നാളെ ഒത്തുകൂടും
കൊച്ചി
മത്തി വരവിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണമന്വേഷിച്ച്‌ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകർ ചൊവ്വാഴ്‌ച കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒത്തുകൂടും. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ചർച്ചയിൽ  കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹിക-സാമ്പത്തികകാര്യങ്ങൾ എന്നിവ വിഷയമാകും.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്), ഐഎസ്ആർഒയുടെ കീഴിലെ സ്പേസ് അപ്ലിക്കേഷൻസ് സെന്റർ, പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധർ പങ്കെടുക്കും. സിഎംഎഫ്ആർഐ തയ്യാറാക്കിയ ‘മത്തി എന്ന മത്സ്യസമസ്യ' പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top