ad
Deshabhimani

വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; ഇവർ സംസ്ഥാനത്തിന്റെ വനിതാരത്നങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2020, 12:20 AM | 0 min read


സ്വന്തം ലേഖിക
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ 2019ലെ വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സി ഡി സരസ്വതി (സാമൂഹ്യ സേവനം), പി യു ചിത്ര (കായികം), പി പി രഹ്നാസ് (അതിജീവനം), ഡോ. പാർവതി പി ജി വാര്യർ (സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം), ഡോ. വനജ (വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതികമേഖല) എന്നിവർക്കാണ്‌ പുരസ്കാരം. ഒരു ലക്ഷം രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയാണ്‌ സമ്മാനം. ഏഴിന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

അരിവാൾരോഗത്തെ അതിജീവിച്ച വയനാട്‌ മാനന്തവാടി സ്വദേശി സി ഡി സരസ്വതി, ഈ രോഗം ബാധിച്ചവർക്കായി ‘സിക്കിൾസെൽ അനീമിയ പേഷ്യന്റ് അസോസിയേഷൻ’ രൂപീകരിച്ചു. നിരന്തര പ്രയത്നത്തിലൂടെ അരിവാൾ രോഗികൾക്ക് രണ്ടായിരം രൂപ പെൻഷൻ ലഭ്യമാക്കുന്നതിൽ വിജയിച്ചു.

പരീക്ഷണങ്ങളിൽ തളരാതെ കായികരംഗത്ത്‌ രാജ്യത്തിന്റെ യശസ്സ്‌ വാനോളം ഉയർത്തി പാലക്കാട് മുണ്ടൂർ സ്വദേശി പി യു ചിത്ര. 2017ലെ ഏഷ്യൻ മീറ്റ്‌, 2018ലെ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ്‌, 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്‌ എന്നിവയിൽ 1500 മീറ്ററിൽ സ്വർണം നേടി. 2018ലെ നാഷണൽ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും വിജയിയായി.

അതിക്രമത്തെ അതിജീവിച്ച്‌ ജീവിതവിജയം കൈവരിച്ചതിനാണ്‌ പി പി രഹ്നാസിനെ സർക്കാർ ആദരിക്കുന്നത്‌. കുട്ടിയായിരിക്കുമ്പോൾ നേരിട്ട അതിക്രമത്തെതുടർന്ന്‌ വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു. തിരുവനന്തപുരത്ത്‌ നിർഭയ ഹോമിൽ താമസിച്ച് നിയമബിരുദം നേടി. താൻ അനുഭവിച്ച വേദനകൾ തുറന്നുപറഞ്ഞ്‌ മറ്റുള്ളവർക്ക് പ്രചോദനമായി. ഇവരെക്കുറിച്ച്‌ ‘എന്റെ കഥ നിന്റേയും' ഡോക്യുഫിക്‌ഷനും തയ്യാറാക്കിയിരുന്നു.

പാലക്കാട് സ്വദേശി ഡോ. പാർവതി പി ജി വാര്യർ ‘കലയിലൂടെ വനിതാ ശാക്തീകരണ’ത്തിനായി ‘ആവിഷ്‌കാര’ സംഘടന രൂപീകരിച്ചു. ഇരുനൂറിലധികം സ്വയംസഹായ സംഘങ്ങളിലൂടെ സ്വയംതൊഴിൽ പരിശീലനവും സഹായവും നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിഭാധനരായ പെൺകുട്ടികൾക്കായി വിദ്യ, സ്ത്രീസുരക്ഷയ്ക്കായി പ്രകാശിനി എന്നീ പദ്ധതികളും നടത്തുന്നു.

സംസ്ഥാനത്തിന്റെ തനത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കണ്ണൂർ എച്ചിലാംവയൽ സ്വദേശി ഡോ. വനജ, ഏഴോം 1, ഏഴോം 2 എന്നീ നെൽവിത്തുകൾ വികസിപ്പിച്ചു. ദ്രുതവാട്ടത്തെ പ്രതിരോധിക്കുന്ന ആദ്യ ഇന്റർ സ്‌പെസിഫിക് ഹൈബ്രിഡ് കുരുമുളക്‌ വികസിപ്പിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home