ആശാന്‍ സ്മാരകത്തിന് പുനര്‍ജനി; ഇനി സാഹിത്യ വിനോദസഞ്ചാരവും

ആലപ്പുഴ > മഹാകവി കുമാരനാശാന്‍ സ്മാരകം സാഹിത്യ വിനോദസഞ്ചാരത്തിന്റെ കേളീഗൃഹമാകാന്‍ ഒരുങ്ങുന്നു. 'വിപ്ളവത്തിന്റെ ശുക്രനക്ഷത്രം' പൊലിഞ്ഞ ഇടം വിസ്മൃതിയില്‍ മറയരുതെന്ന നാട്ടുകാരുടെയും ആശാന്‍സ്നേഹികളുടെയും സ്വപ്നസാക്ഷാല്‍ക്കാരമായി സാഹിത്യത്തിന്റെയും കലയുടെയും പഠനക്കളരികൂടിയായി ഇവിടം മാറുകയാണ്.
1924 ജനുവരി 16ന് പുലര്‍ച്ചെ റെഡീമര്‍ എന്ന ബോട്ടുമുങ്ങി ആശാന്‍ മരിച്ച കുമാരകോടിയിലെ പല്ലനയാറിന്റെ തീരത്ത് ബോട്ടിന്റെ ആകൃതിയില്‍ ആകര്‍ഷകമായ സ്മാരകത്തിന്റെ പുനനിര്‍മ്മാണം മൂന്നുമാസത്തിനകം പൂര്‍ത്തിയാകും. ആശാന്റെ ശവകുടീരം ഇതിനുള്ളിലാണ്. ശവകുടീരം ചില്ലിട്ട് സംരക്ഷിച്ച് വൈദ്യുതാലങ്കാരങ്ങളോടെ മനോഹരമാക്കും. പൂര്‍ണ്ണമായി ശീതീകരിച്ച സ്മാരകത്തിന്റെ ചുവരുകളില്‍ ആശാന്റെ കവിതാസന്ദര്‍ഭങ്ങള്‍ കൊത്തിവയ്ക്കും. ആശാന്റെ കവിതകള്‍ റെക്കോഡുചെയ്ത കിയോസ്കുകള്‍ സാഹിത്യകുതുകികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി സ്ഥാപിക്കും. ആശാന്റെ ഏതു കവിതയും സഞ്ചാരികള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
സ്മാരകത്തിനു വെളിയില്‍ ആശാന്റെ കഥാപാത്രങ്ങളുടെ ശില്‍പ്പങ്ങളാല്‍ അലംകൃതമായ പൂന്തോട്ടം രൂപംകൊള്ളും. അതോടൊപ്പം ആറ്റുതീരത്തിലൂടെ സഞ്ചാരികള്‍ക്കായി വോക്ക്വേ, രണ്ടു ബോട്ടുകള്‍ക്ക് ഒരേസമയം അടുക്കാവുന്ന ജെട്ടി എന്നിവയും പൂര്‍ത്തിയാക്കും. സ്മാരകത്തിനടുത്ത് കൊല്ലം- കോട്ടപ്പുറം ജലപാതയിലൂടെ ദിവസം രണ്ടു ട്രിപ്പു നടത്തുന്ന വിനോദസഞ്ചാര വകുപ്പിന്റെ ബോട്ടുകള്‍ക്ക് നിലവില്‍ എവിടെയും സ്റ്റോപ്പില്ല. സ്മൃതിമണ്ഡപത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇതിന് ഇവിടെ സ്റ്റോപ്പ് അനുവദിപ്പിക്കും.സഞ്ചാരികള്‍ക്കായി ഇവിടെ രണ്ട് ശൌച്യാലയവും ലഘുഭക്ഷണശാലയും നിര്‍മ്മിക്കുന്നുണ്ട്. 4.85 കോടിയുടെ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍, വിനോദസഞ്ചാര വകുപ്പ് കൊടുക്കാനുണ്ടായിരുന്ന ഗഡുകൂടി ലഭ്യമാക്കിയതോടെ നിര്‍മ്മാണത്തിന് പുതുജീവന്‍വച്ചു.
പല്ലനയാറിന്റെ കിഴക്കേക്കരയില്‍ ആശാന്റെ സ്മാരകമായുള്ള ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും ആലോചനയുണ്ട്. ദേശീയ ജലപാതയുടെ വികസനം വന്നപ്പോള്‍ ഗ്രന്ഥശാലക്കെട്ടിടത്തിന് കേടുപാട് സംഭവിച്ചിരുന്നു. 15 വര്‍ഷംമുന്‍പ് പണിത ഈ കെട്ടിടത്തില്‍ ഒരു പുസ്തകം പോലുമില്ല.
കുമാരനാശാന്‍ സ്മാരകസമിതിയുടെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന് പൂര്‍ണ്ണമായി ശീതീകരിച്ച ഏഴുമുറികളും കോണ്‍ഫ്രന്‍സ് ഹാളും ഡോര്‍മിറ്ററിക്കുള്ള സ്ഥലവുമുണ്ട്. ആണ്ടുതോറും ആശാന്റെ ജന്മദിനത്തിനും ചരമദിനത്തിനും നടത്തുന്ന അനുസ്മരണച്ചടങ്ങുകള്‍ക്കുപരി ഈ സൌകര്യങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയും നാടിന്റെയും വികസനത്തിന് ഉപയോഗിക്കാനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. അതിനായി ഇവിടെ നൃത്തത്തിനും സംഗീതത്തിനും ചിത്രരചനയ്ക്കുമൊക്കെയായി പഠനകേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ടെന്ന് സ്മാരകസമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കലും സെക്രട്ടറി പ്രൊഫ. കെ ഖാനും ദേശാഭിമാനിയോട് പറഞ്ഞു. സ്മാരകത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പൈതൃകഗ്രാമമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍വച്ചിട്ടുണ്ട്്. ആശാന്റെ ജീവിതവുമായി അഭേദ്യബന്ധമുള്ള പല്ലന, കായിക്കര, തോന്നയ്ക്കല്‍, അരുവിക്കര എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് സന്ദര്‍ശന പാക്കേജും നടപ്പാക്കാന്‍ ഉദ്ദേശ്യമുണ്ട്. രാമപുരം ചന്ദ്രബാബുവാണ് സ്മാരകസമിതി വൈസ് ചെയര്‍മാന്‍.










0 comments