കൊഴിഞ്ഞില്ല ആ ജീവൻ, തിരികെ പിടിച്ചത് പൊലീസുകാരി

കൊച്ചി > മരണത്തെ മുന്നിൽക്കണ്ട അറുപത്തിമൂന്നുകാരനെ ജീവിതത്തിലേക്ക് തിരികെപ്പിടിച്ചത് പൊലീസുകാരിയുടെ സമയോചിത ഇടപെടൽ. പോണേക്കര മാനംചാത്ത് കെ ബി ബാബുവിനാണ് (63) ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥയായ പി ഡി മഹിളാമണി രക്ഷകയായത്. വെള്ളിയാഴ്‌ച രാവിലെ 10.30ന് കലൂർ ദേശാഭിമാനി ജങ്‌ഷന് സമീപം ബാബു കുഴഞ്ഞുവീഴുകയായിരുന്നു.
രാവിലെ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങിയ ബാബു റോഡ് മുറിച്ചുകടക്കാൻ മഹിളാമണിയുടെ സഹായം തേടി. നടക്കുന്നതിനിടെ പ്രയാസം തോന്നിയ ബാബു ഇവരുടെ കൈകളിൽ മുറുകെ പിടിച്ചു. നെഞ്ചു വേദനിക്കുന്നു എന്ന് പറഞ്ഞതോടെ റോഡിന് സമീപത്ത് ഇരുത്തി. സമീപത്തെ ഹോട്ടലിൽനിന്ന് വെള്ളം വാങ്ങി കൊടുത്തെങ്കിലും ഛർദിച്ചു. ബാബുവിന്റെ ബോധം മറയുന്നതിന് മുമ്പ് ബന്ധുക്കളുടെ ഫോൺ നമ്പർ മഹിളാമണി വാങ്ങി വിവരം നൽകി. ഉടൻ ഓട്ടോ വിളിച്ച് ലിസി ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിലെ പരിശോധനയിൽ ഹൃദയത്തിൽ രണ്ട് ബ്ലോക്ക് ഉണ്ടെന്നും പെട്ടെന്ന് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും ഡോക്‌ടർമാർ പറഞ്ഞു. മഹിളാമണി അറിയിച്ചതനുസരിച്ച് ബാബുവിന്റെ ഭാര്യ ശാന്തിനിയും മക്കളും ആശുപത്രിയിലെത്തി. ആൻജിയോഗ്രാം കഴിഞ്ഞ് ആറു മണിക്കൂർ നിരീക്ഷണത്തിലാണ് ബാബു. ബന്ധുക്കളെത്തിയശേഷമാണ് മഹിളാമണി തിരികെ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
ബാബുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മഹിളാമണിക്ക് അഭിനന്ദനങ്ങളുമായി സഹപ്രവർത്തകരും ട്രാഫിക് അസി. കമീഷണർ ഫ്രാൻസിസ് ഷെൽബിയുമെത്തി. ബാബുവിന്റെ കുടുംബാംഗങ്ങളും അവരോട് നന്ദി പറഞ്ഞു. 19 വർഷമായി പൊലീസിൽ ജോലി നോക്കുന്ന മഹിളാമണി ഇടപ്പള്ളി ഈസ്‌റ്റ് ട്രാഫിക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. ചേർത്തല സ്വദേശിനിയായ ഇവർ കുടുംബസമേതം എറണാകുളത്തെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് താമസം.









0 comments