തോക്കും ബാരിക്കേഡുംകൊണ്ട് തടയാനാകില്ല; സമരം തുടരും: എം എ ബേബി

എം എ ബേബി വാർത്താസമ്മേളനത്തിൽ. ബൃന്ദാ കാരാട്ട്, ആദർശ് എം സജി, ജെയ്ക് സി തോമസ്, ഐഷി ഘോഷ്, ശിൽപ സുരേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താനാകില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. രാജ്യത്തിന്റെ മുഴുവൻ പിന്തുണയും സമരത്തിനുണ്ട്. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് ഗണ്ണുകളുമൊന്നുംകൊണ്ട് സമരത്തെ തടയാനാകില്ലെന്ന് നരേന്ദ്രമോദിയും അമിത് ഷായും തിരിച്ചറിയണം. സാധ്യമായ എല്ലാവരുമായും സഹകരിച്ച് സമരം ശക്തമായി തുടരാനാണ് പാർടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനമെന്നും എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്യാനേഷിന്റെ രാജിക്കായി സമാധാനപരമായി സമരം ചെയ്യാനെത്തുന്നവരെ ക്രൂരമായി തല്ലിച്ചതച്ചു. ട്രെയിനുകൾ റദ്ദാക്കിയും മെട്രോ അടച്ചുും ഇന്റർനെറ്റ് വിച്ഛേദിച്ചും ജനജീവിതവും സ്തംഭിപ്പിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കേന്ദ്രസർക്കാർ തടഞ്ഞിരിക്കുകയാണ്. സുപ്രീംകോടതി നിർദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഈ നടപടികൾ.
എന്നാൽ ഈ വിലക്കുകൾകൊണ്ടൊന്നും പ്രക്ഷോഭം അവസാനിക്കില്ല. രാജ്യത്ത് നൂറുകണക്കിന് ജന്തർമന്തറുകളുണ്ടാകുകയാണ്. വരുംദിവസങ്ങളിലും സമരം ശക്തമാകും. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന മോദിയ്ക്കും ഷായ്ക്കും അധികനാൾ തുടരാനാകില്ലെന്നും എം എ ബേബി പറഞ്ഞു.
ഡൽഹി എ കെ ജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ടും പൊലീസിന്റെയും കേന്ദ്രസേനകളുടെയും അതിക്രമത്തിനിരയായ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും പങ്കെടുത്തു.







0 comments