ഭരണത്തിൽ യുഡിഎഫ്, സേവിക്കുന്നത് ആർഎസ്എസിനെ; കേരള പൊലീസിന്റെ മോദിഭക്തി


ഹർഷിദ ബത്താലി
Published on Oct 12, 2026, 01:57 PM | 3 min read
തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ കേരളത്തിൽ പ്രതിഷേധിക്കുന്നവർക്ക് നേരിടേണ്ടിവരുന്നത് യുഡിഎഫ് സർക്കാരിന്റെ ക്രൂരമായ പൊലീസ് നടപടികൾ. സംഘപരിവാറിനെതിരായ സമരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കുകയും ലാത്തിച്ചാർജിലൂടെ നേരിടുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കോൺഗ്രസ് നേതൃത്വം കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ നിലപാട് പ്രഖ്യാപിക്കുമ്പോഴും കേരളത്തിലെ പൊലീസ് നടപടികൾ ഉയർത്തുന്നത് മറ്റൊരു ചിത്രമാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആഭ്യന്തര വകുപ്പ് നേരിട്ട് ക്വട്ടേഷൻ നൽകുന്നു. ആർഎസ്എസ്–യുഡിഎഫ് അന്തർധാരയും സർക്കാരിന്റെ ഒത്തുകളിയുമാണ് ഇതിലൂടെ പകൽപോലെ വ്യക്തമാകുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേരളത്തിൽ നിലവിൽ സമരങ്ങൾ നടക്കുന്നത്. എന്നാൽ കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിനെതിരായ സമരങ്ങളെ കേരളത്തിൽ യുഡിഎഫ് ഭരണകൂടം അടിച്ചൊതുക്കുകയാണ്.
ഡൽഹി പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ ആശുപത്രി ജങ്ഷനിൽ റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ പൊലീസ് അഴിച്ചുവിട്ടത് സമാനമായ ആക്രമണമായിരുന്നു. സംസ്ഥാന ട്രഷറർ ആർ രാഹുൽ, ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ ഉൾപ്പെടെ 14 പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രവർത്തകരെ ജാമ്യത്തിൽ വിടാൻ തയ്യാറാകാതെ അർധരാത്രി കഴിഞ്ഞും തടഞ്ഞുവച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി അരുൺകുമാറിന്റെ ഷർട്ട് വലിച്ചുകീറുകയും മൊബൈൽ ഫോണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പൊലീസ് നടപടിയെ ചോദ്യംചെയ്ത എം എസ് അരുൺകുമാർ എംഎൽഎയോടും എസ്‌ഐ മോശമായി പെരുമാറി. പ്രതിഷേധം ശക്തമായതോടെ ആർ രാഹുൽ, ജയിംസ് ശാമുവൽ ഉൾപ്പെടെ ആറുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയാണുണ്ടായത്.
സമാനരീതിയില്‍ പാലക്കാട് നടന്ന എസ്എഫ്ഐ പ്രതിഷേധത്തിനുനേരെയും പൊലീസ് അക്രമം അഴിച്ചുവിട്ടു. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ മദ്യലഹരിയിലെത്തിയ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ഇടിവള ഉപയോഗിച്ച് വിദ്യാർഥികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന ഗുരുതരമായ പരാതിയും ഉയർന്നു.
നീറ്റ് സമരകാലത്തും അതേ 'മോദിഭക്തി'
ഇത് ആദ്യത്തെ സംഭവമല്ല. നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്തപ്പോഴും സമാനമായ വേട്ടയാടലാണ് യുഡിഎഫ് സർക്കാർ നടത്തിയത്. ബിജെപിയെ പ്രീതിപ്പെടുത്താൻ വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ തയ്യാറാകാതെ യുഡിഎഫ് സർക്കാർ അവരെ വേട്ടയാടുകയായിരുന്നു.
നീറ്റ് സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിന് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായിട്ടും കേരളത്തിൽ അതിനുള്ള തുടർനടപടികൾ വൈകി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾ കേസുകൾ പിൻവലിക്കാൻ നടപടികൾ സ്വീകരിച്ചപ്പോഴും കേരളത്തിൽ അതിനുള്ള നീക്കം മുന്നോട്ടുപോയില്ല.
47 കേസുകളിലായി ആറായിരത്തോളം വിദ്യാർഥികളെയാണ് പ്രതികളാക്കിയത്. നാലു കേസുകൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടികൾ ചോദ്യംചെയ്തതിന്റെ പേരിൽ ഇത്രയധികം വിദ്യാർഥികൾ നിയമനടപടികൾ നേരിടേണ്ടിവന്ന സാഹചര്യമാണുണ്ടായത്.
സംഘപരിവാറിന് സ്റ്റേഷൻ ജാമ്യം, ഡിവൈഎഫ്ഐക്കാർക്ക് ജാമ്യമില്ലാ വകുപ്പ്
സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടുന്ന സംഭവങ്ങളിൽ യുഡിഎഫ് സർക്കാരും പൊലീസും പുലർത്തുന്ന സമീപനം തികച്ചും അപലപനീയമാണ്. മന്ത്രി കെ. എം. ഷാജിയുടെ വാഹനം വഴിയിൽ തടഞ്ഞ യുവമോർച്ച പ്രവർത്തകർക്കെതിരെ നാമമാത്രമായ നടപടികൾ മാത്രം സ്വീകരിച്ച് അവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പ്രതികളെ സർക്കാരിന്റെ ഒത്താശയോടെ വിളിച്ചുവരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണുണ്ടായത്. എന്നാൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തുറുങ്കിലടയ്ക്കാനാണ് സർക്കാർ ഉത്തരവിട്ടത്. പ്രതികളുടെ രാഷ്ട്രീയബന്ധം മാറുമ്പോൾ പൊലീസ് സ്വീകരിക്കുന്ന ഈ ഇരട്ടത്താപ്പും വ്യക്തമാണ്.
സെപ്തംബർ അവസാനവാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ മന്ത്രിമാരെ തടഞ്ഞ സംഭവങ്ങളുണ്ടായി. പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, രമേശ് ചെന്നിത്തല, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, കെ എം ഷാജി തുടങ്ങിയവർക്ക് പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നു. പല സംഭവങ്ങളിലും കേസെടുക്കാതിരിക്കുകയോ താരതമ്യേന ലഘുവായ വകുപ്പുകൾ ചുമത്തുകയോ ചെയ്തപ്പോൾ ഇടതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുകയാണുണ്ടായത്. ഇതെല്ലാം മോദിയോടുള്ള വിധേയത്വം തുറന്നുകാട്ടുന്ന സംഭവങ്ങളാണ്.
ആർഎസ്എസിന് സംരക്ഷണം; പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്
കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിന്റെ പേരിൽ അരങ്ങേറിയതും ഇതേ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്. ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിനെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തടയുകയും സംഘർഷത്തിനിടെ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് പോലും പ്രവേശനമനുവദിക്കാതെ ആർഎസ്എസ് നേതാവിന് സെമിനാറിൽ പങ്കെടുക്കാൻ വഴിയൊരുക്കുകയായിരുന്നു പൊലീസ്. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തടഞ്ഞുവയ്ക്കുകയും പിന്നീട് 25 വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അഞ്ച് വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഹോസ്റ്റലിലെ സര്‍ക്കാര്‍ സ്പോണ്‍സേഡ് ആക്രമണം
സെപ്തംബർ 30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന സംഭവങ്ങൾ പൊലീസ് അധികാരപ്രയോഗത്തിന്റെ മറ്റൊരു മുഖമാണ് തുറന്നുകാട്ടിയത്. യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ഹോസ്റ്റലിനുള്ളിലേക്ക് കടന്നുകയറിയ പൊലീസ് വിദ്യാർഥികളെ ക്രൂരമായി മർദിച്ചു. വിദ്യാർഥികളുടെ താമസസ്ഥലംതന്നെ പൊലീസ് ലാത്തിച്ചാർജിന്റെ വേദിയായി മാറി.
പ്രശ്നം പരിഹരിക്കാനെന്ന പേരിൽ ഹോസ്റ്റൽ വളപ്പിലേക്ക് കടന്ന പൊലീസ് വിദ്യാർഥികൾക്കുനേരെ ലാത്തി പ്രയോഗിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനും പൊലീസ് മർദനമേറ്റിരുന്നു.
സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ സെപ്തംബർ ആദ്യം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുനേരെയും പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് അന്ന് നെഞ്ചിൽ ലാത്തിയടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.
കേന്ദ്രത്തിൽ ബിജെപി നടത്തുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്ക് കേരളത്തിൽ വഴിവിട്ട് അവസരമൊരുക്കുകയാണ് യുഡിഎഫ് സർക്കാർ.









0 comments