'ധൈര്യമുണ്ടെങ്കിൽ മുഴുവൻ വീഡിയോയും പുറത്തുവിടൂ': ഡൽഹി പൊലീസിനെ വെല്ലുവിളിച്ച് അഭിജീത് ദിപ്കെ

ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സഹായിച്ചെന്ന വ്യാഖ്യാനത്തോടെ ഡൽഹി പൊലീസ് പുറത്തുവിട്ട വീഡിയോയുടെ പൂർണരൂപം പരസ്യപ്പെടുത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. പൊലീസ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും കസ്റ്റഡിയിൽ താൻ നേരിട്ട മാനസിക പീഡനവും അവകാശലംഘനങ്ങളും മറച്ചുവയ്ക്കാനാണ് ശ്രമമെന്നും ദീപ്കെ പറഞ്ഞു. പൊലീസിന്റെ വാദങ്ങൾ ശരിയാണെങ്കിൽ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടാൻ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ദീപ്കെയെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ കഴിയുന്നതിനിടെ മുത്തശ്ശി മരിച്ച വിവരം പൊലീസ് അറിയിച്ചിരുന്നുവെങ്കിലും കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരം നിഷേധിച്ചെന്നാണ് ദീപ്കെയുടെ വെളിപ്പെടുത്തൽ. അഭിഭാഷകനെ ബന്ധപ്പെടാനുള്ള നിയമപരമായ അവകാശവും നിഷേധിക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ ഫോൺ നമ്പർ കണ്ടെത്താനെങ്കിലും സ്വന്തം ഫോൺ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങിയില്ല.
കസ്റ്റഡിയിലെ പൊലീസ് പെരുമാറ്റത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നതോടെയാണ് മുത്തശ്ശിയുടെ മരണവിവരം അറിയിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടത്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സഹായം വാഗ്ദാനം ചെയ്തുവെന്ന് സ്ഥാപിക്കാനാണ് വീഡിയോയിലൂടെ ശ്രമിച്ചത്. എന്നാൽ സംഭവത്തിന്റെ ഒരു ഭാഗം മാത്രം പുറത്തുവിട്ട് കസ്റ്റഡിയിലുണ്ടായ യഥാർഥ അനുഭവങ്ങൾ മറച്ചുവയ്ക്കാനാകില്ലെന്നാണ് ദീപ്കെ പറയുന്നത്.
പുറത്തുവിട്ട ദൃശ്യങ്ങളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ മുത്തശ്ശിയുടെ മരണവിവരം അറിയിക്കുന്നതും നാട്ടിലേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്യുന്നതുമാണുള്ളത്. എന്നാൽ സ്വന്തം പിതാവുമായി സംസാരിക്കാൻപോലും അവസരം ലഭിക്കാത്ത സാഹചര്യത്തിൽ ആ വാഗ്ദാനത്തിന് എന്ത് അർഥമാണുള്ളതെന്ന ചോദ്യമാണ് ദീപ്കെ ഉയർത്തുന്നത്. കുടുംബത്തെ വിവരമറിയിക്കാനോ അഭിഭാഷകനെ ബന്ധപ്പെടാനോ അനുവദിക്കാതെ തടഞ്ഞുവച്ചതിന്റെ വിശദാംശങ്ങളാണ് പൊലീസ് പുറത്തുവിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.








0 comments