ad
Deshabhimani

ഓര്‍മകളുടെ വളപ്പൊട്ടുകള്‍ പെറുക്കി...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 28, 2016, 04:48 PM | 0 min read

എസ്എല്‍ പുരം > നിറവാര്‍ന്ന ഓര്‍മകളുടെ വളപ്പൊട്ടുകള്‍ പെറുക്കാന്‍ കലാലയമുറ്റത്ത് ഒത്തുകൂടിയത് ആയിരങ്ങള്‍. ചേര്‍ത്തല എസ്എന്‍ കോളേജിലാണ് മൂന്നുപതിറ്റാണ്ടുകാലത്തെ സഹപാഠികളുടെ കൂട്ടായ്മ ഒരുക്കിയത്. പൂര്‍വവിദ്യാര്‍ഥി സംഘടന 'സ്നോസ'യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സുവര്‍ണസംഗമ'ത്തിന് 1965–1995 കാലഘട്ടത്തിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യം നിറവേകി. 

1991 ഫിലോസഫി ബാച്ചിലെ വിദ്യാര്‍ഥി ബിനോയ് ജോര്‍ജ് 'ഒരുവട്ടംകൂടി ഓര്‍മകള്‍...' എന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഒഎന്‍വി കവിതയിലൂടെ അദ്ദേഹത്തിന് ഹൃദയാഞ്ജലിയര്‍പ്പിച്ചാണ് സംഗമത്തിന് തിരശീല ഉയര്‍ത്തിയത്. പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തിരിതെളിച്ചതോടെ ഓര്‍മ്മച്ചെപ്പും തുറന്നു. സഹപ്രവര്‍ത്തകന്റെ പ്രണയത്തെ തല്ലിക്കെടുത്തിയ പെണ്‍കുട്ടിയെ കണ്ടെത്തിയതും കാരണങ്ങള്‍ വിശലകനം ചെയ്തതും വിവരിച്ച് സുവോളജി ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന അഡ്വ. എ എം ആരിഫ് ഓര്‍മ്മച്ചെപ്പ് തുറന്നു. മറ്റൊരു വിദ്യാര്‍ഥിയുടെ റിക്കാര്‍ഡ് ബുക്കെടുത്ത് പ്രാക്ടിക്കലിനു കയറി പിടിക്കപ്പെട്ട അനുഭവം 1965–67 കാലയളവിലെ പ്രീഡിഗ്രിക്കു പഠിച്ച കാഥികന്‍ തണ്ണീര്‍മുക്കം സദാശിവന്‍ സദസുമായി പങ്കുവച്ചു.

1966–68ല്‍ പ്രീഡിഗ്രിക്കു പഠിച്ച തൃപ്പൂണിത്തുറ സ്വദേശി സോമചന്ദ്രന് പ്രായം 66 കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടിന് ഇന്നും നിത്യയൌവ്വനം. 'ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...' എന്ന ഗാനം സദസിന് കുളിര്‍മയേകി. സര്‍വകലാശാല പ്രതിഭയായിരുന്ന ഇദ്ദേഹം ഇന്നും വേദികളെ ധന്യമാക്കുന്നു. ഗായകന്‍ കൂറ്റുവേലി ബാലചന്ദ്രന്‍ 'സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍' എന്ന വയലാറിന്റെ പ്രശസ്തമായ പാട്ടിലൂടെയാണ് ആശംസയേകിയത്. വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഗമത്തിന് മിഴിവേകി.

കലാലയ ഓര്‍മകളും സൌഹൃദങ്ങളും അക്ഷരങ്ങളില്‍ ചാലിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓട്ടോഗ്രാഫുകളുമായിട്ടാണ് പലരും സംഗമത്തിനെത്തിയത്. 60 വയസുകഴിഞ്ഞ 'സീനിയേഴ്സ്' ആയിരുന്നു സംഗമത്തിലെ താരങ്ങള്‍. യുവാക്കളെക്കാള്‍ എല്ലായിടത്തും ഇവരുടെ സജീവസാന്നിധ്യം ശ്രദ്ധേയമായി. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന സിനിമാ സ്റ്റൈലിലെ ചോദ്യവുമായിട്ടാണ് പലരും സഹപാഠികളോടു കുശലാന്വേഷണം നടത്തിയത്. ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുത്ത് വീണ്ടും കാണാം എന്നുപറഞ്ഞാണ് എല്ലാവരും കലാലയത്തിന്റെ പടിയിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home