ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് പ്രതികളുടെ വീട്ടിൽ പരിശോധന; ഡയറക്ടർ അറസ്‌റ്റിൽ

തൃക്കരിപ്പൂർ
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ മുഖ്യ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പരിശോധന നടത്തി. ഡയറക്ടറെ അറസ്‌റ്റുചെയ്‌തു. ജ്വല്ലറിയുടെ ചെയർമാൻ മുൻ എംഎൽഎ എം സി ഖമറുദീൻ, എംഡി ടി കെ പൂക്കോയതങ്ങൾ എന്നിവരുടേതുൾപ്പെടെ എട്ട് വീടുകളിലാണ് പരിശോധന നടത്തിയത്. പയ്യന്നൂർ ബ്രാഞ്ച് മാനേജരും ഡയറക്ടറുമായ മാട്ടൂലിലെ ഹാരിസ് അബ്ദുൾഖാദറാ (48)ണ് അറസ്‌റ്റിലായത്. പയ്യന്നൂർ മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻഡുചെയ്‌തു.
എം സി ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ രണ്ട് വീട്ടിലും പൂക്കോയതങ്ങളുടെ ചന്തേരയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കണ്ണൂർ മാട്ടൂലിലെ ഒരു വീട്ടിലും പരിശോധനയുണ്ടായി. ചൊവ്വ രാവിലെ ഒമ്പതിന് തുടങ്ങിയ റെയ്ഡ് പകൽ രണ്ടുവരെ നീണ്ടു. ഡിവൈഎസ്‌പിമാരായ എം സുനിൽകുമാർ, എം വി അനിൽകുമാർ, എ വി പ്രദീപ്, രമേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എണ്ണൂറോളം നിക്ഷേപകരില്‍നിന്ന് 150 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്നാണ് പരാതി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരം എന്നിവ സംബന്ധിച്ചാണ് പരിശോധന. 2020 നവംബറിൽ എം സി ഖമറുദീനെയും കഴിഞ്ഞ ആഗസ്‌തിൽ പൂക്കോയതങ്ങളെയും അറസ്‌റ്റുചെയ്‌തിരുന്നു. ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലായി ബ്രാഞ്ചുകളുണ്ടായിരുന്ന ജ്വല്ലറി 2019 ഡിസംബറിലാണ് പൂട്ടിയത്. 2020 ജൂണിൽ ചന്തേര സ്‌റ്റേഷനിൽ നിക്ഷേപത്തട്ടിപ്പിനെതിരെ ആദ്യ കേസ് രജിസ്‌റ്റർചെയ്‌തു. പിന്നാലെ, പയ്യന്നൂരും കാസർകോടുമായി 153 പരാതികളിൽ കേസെടുത്തു. ഖമറുദീൻ 97 ദിവസം ജയിലിൽ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങിയത്. ജ്വല്ലറി മാനേജർ ടി കെ സൈനുൽ ആബിദും രണ്ടുമാസം റിമാൻഡിലായിരുന്നു. നാലാം പ്രതി പൂക്കോയതങ്ങളുടെ മകൻ ടി കെ ഹിഷാം വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാനായില്ല.









0 comments