Deshabhimani

പുതിയ പരിഷ്കാരം 24 രാത്രി നിലവിൽ വരും

വെർച്വൽക്യ‍‍ൂ: റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ലഭ്യമാവുക എട്ട്‌ മണിക്കൂറിന് ശേഷം

Sabarimala Virtual Queue: Cancelled Slots to Be Re-Released Only After 8 Hours to Curb Misuse

കെ ജയകുമാർ വാർത്താസമ്മേളനത്തിൽ

avatar
സി ജെ ഹരികുമാർ

Published on Nov 24, 2026, 10:18 PM | 2 min read

ശബരിമല: ശബരിമലയിലെത്താനാഗ്രഹിക്കുന്ന എല്ലാ തീർഥാടകർക്കും വെർച്വൽ ക്യൂ ബുക്കിങ്, സ്‌പോട്ട്‌ ബുക്കിങ് ഉറപ്പാക്കുമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ. ബുക്കിങ് കൂട്ടമായി ചെയ്‌ത ശേഷം ക്യാൻസൽ ചെയ്‌ത്‌ റോബോട്ടിക്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ ഇഷ്‌ടാനുസരണം ടൂർ ഏജൻസികൾ ഉപയോഗിക്കുന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ ഇത്‌ സംബന്ധിച്ച്‌ നിഗമനത്തിലെത്താറായിട്ടില്ല.


സൈബർ ഫേ-ാറൻസിക്‌ വിഭാഗം അന്വേഷിക്കുന്നുണ്ട്‌. ക്യാൻസൽ ചെയ്‌ത സ്‌ളോട്ടുകൾ ഉടൻ ബുക്ക്‌ ചെയ്യുന്നത്‌ ഒഴിവാക്കാൻ ഇ‍ൗ സ്‌ളോട്ടുകൾ എട്ട്‌ മണിക്കൂറുകൾക്ക്‌ ശേഷമാകും ബുധനാഴ്‌ച്ച മുതൽ വെബ്‌സൈറ്റിലെത്തുക. സന്നിധാനത്ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്‌.


80,000 പേർ എത്തിയാലും സന്നിധാനത്ത്‌ തിരക്കില്ല എന്നത്‌ ആഹ്ലാദിക്കേണ്ട കാര്യമാണ്‌. തിരക്ക്‌ കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചതിനിലാണത്‌. കൂടുതൽ സ്‌പോട്ട്‌ ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇതിനോട്‌ പെട്ടെന്ന്‌ പ്രതികരിക്കാൻ പറ്റില്ല. ഇത്‌ ആലോചിച്ചിട്ടെ ചെയ്യാനാവൂ. അയ്യപ്പനെ കാണാൻ വരുന്ന ഒരു തീർഥാടകനെയും മടക്കി അയക്കില്ലെന്ന് കെ ജയകുമാർ പറഞ്ഞു.


ആദ്യ ഒമ്പത്‌ ദിവസം തീർഥാടകർ കുറവായതിനാൽ പുതിയ ക്രമീകരണങ്ങൾ കൃത്യമായി നടപ്പാക്കാനായി. ശബരിമല തീർഥാടനത്തെ സാമ്പത്തികമായി മാത്രം വിലയിരുത്താൻ ദേവസ്വം ബോർഡ്‌ ആഗ്രഹിക്കുന്നില്ല. വരുമാനം അവസാനം വിലയിരുത്തും. തീർഥാടകർക്ക്‌ മതിയായ സ‍ൗകര്യങ്ങൾ ഒരുക്കുകയാണ്‌ ബോർഡിന്റെ ലക്ഷ്യം. പണമിടപാട് പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചു. അതിനാൽ വരുമാനം വർധിക്കുമെന്നാണ്‌ പ്രതീക്ഷ.


നിലയ്‌ക്കലിൽ 12,000 വാഹനങ്ങൾ സുഗമമായി പാർക്ക്‌ ചെയ്യാൻ സാധിക്കുന്നുണ്ട്‌. പാർക്കിങ് ഗ്ര‍ൗണ്ടുകളെ ബന്ധിപ്പിച്ചുള്ള സർക്കുലർ സർവീസുകൾ കൂട്ടാൻ കെഎസ്‌ആർടിസിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ടിക്കറ്റിന്‌ ഇ‍ൗടാക്കുന്ന പത്ത്‌ രൂപ ഒഴിവാക്കാൻ സാധിക്കുമോയെന്ന്‌ കെഎസ്‌ആർടിസി എംഡിയോട്‌ സംസാരിക്കും. നിലയ്‌ക്കലിൽ പണമായി മാത്രം സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ ഇന്ന്‌ തന്നെ പിഒഎസ്‌ മെഷീനും ഡിജിറ്റൽ പേയ്‌മെന്റ്‌ സംവിധാനവും ഒരുക്കും. പമ്പയിൽ തുണി നിക്ഷേപിക്കുന്ന വർഷങ്ങളായുള്ള ദുരാചാരം ബോധവൽക്കരണത്തിലൂടെ വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ശ‍ൗചാലയങ്ങളുടെ ശുചീകരണം എസ്‌ മാക്‌സ്‌ എന്ന കമ്പനിക്കാണ്‌ കരാർ നൽകിയിരിക്കുന്നത്‌. ഇവർ യന്ത്രസഹായത്തോടെ മികച്ചരീതിയിലാണ്‌ പ്രവർത്തിക്കുന്നത്‌. പ്രതിദിനം 3.50 ലക്ഷം അരവണ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. അപ്പം അരവണ ക്ഷാമമുണ്ടാകില്ല. അപ്പാച്ചിമേട്ടിൽ കാർഡിയാക് കേന്ദ്രത്തിന് സമീപം നവീകരിച്ചു മനോഹരമാക്കിയ തീർഥാടകർക്കുള്ള വിശ്രമകേന്ദ്രം 30ന്‌ ഉള്ളിൽ ഉദ്‌ഘാടനം ചെയ്യുമെന്നും ദേവസ്വം പ്രസിഡന്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home