Deshabhimani

ജീവൻ നഷ്ടമായ മാധവിയും തങ്കമണിയും, കാൽ നഷ്ടപ്പെട്ട് ജാഫർ; പിഴവുകൾ ആവർത്തിച്ച് ആരോ​ഗ്യമേഖല

government hospitals

വലതുകാൽ മുറിച്ചു മാറ്റിയ അബ്ദുൾ ജാഫർ, കട്ടിൽ തകർന്ന് പരിക്കേറ്റ പ്രഭാകരൻ, ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ മരിച്ച മാധവി, ​ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ മരിച്ച തങ്കമണി

വെബ് ഡെസ്ക്

Published on Nov 24, 2026, 10:08 PM | 2 min read

തിരുവനന്തപുരം: കട്ടിലിൽ നിന്നു വീണ് വയോധികന് പരിക്ക്, ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചു. ആരോ​ഗ്യമേഖലയിൽ നിന്ന് ഇന്നു മാത്രം വന്ന രണ്ട് വാർത്തകളാണിത്. ചികിത്സാപ്പിഴവ് തുടർച്ചയായി ആവർത്തിക്കപ്പെടുമ്പോൾ സാധാരണക്കാർക്ക് ആശ്വാസവും ആശ്രയവുമാകേണ്ട ആരോ​ഗ്യ മേഖലയുടെ വിശ്വാസ്യതയും കൂടിയാണ് തകർക്കപ്പെടുന്നത്.


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ 71 കാരിയായ വി വി മാധവിയാണ് ഇന്ന് മരിച്ചത്. ചൊവ്വ രാവിലെയാണ് മാധവി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഈ സമയം ഇവർ പൂർണ ആരോ​ഗ്യവതിയായിരുന്നുവെന്നും മറ്റ് അസ്വസ്ഥകളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ശസ്ത്രകിയ കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷം മരണവാർത്തയാണ് എത്തിയത്.


ഈ ആഘാതത്തിൽ നിൽക്കുമ്പോഴാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നു മറ്റൊരു വാർത്തയെത്തിയത്. ഒരു മാസം മുൻപ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ പ്രഭാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 62 കാരന് കട്ടിൽ തകർന്നു വീണ് നടുവിന് പരിക്കേറ്റു. വെള്ളം കുടിക്കാനായി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ വിടവിലൂടെ താഴേക്ക് വീണത്.


ഒരു മാസം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ​ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണി മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം വാർഡിലേക്ക് മാറ്റിയ തങ്കമണിക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയും തുടർന്ന് നടത്തിയ സ്കാനിങ്ങിൽ വൻകുടലിൽ മുറിവുണ്ടായതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഗർഭാശയം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് വൻകുടലിൽ മുറിവുണ്ടായത്. തുടർന്നുണ്ടായ അണുബാധയാണ് തങ്കമണിയുടെ ജീവനെടുത്തത്.


ആർസിസിയിലും ​ഗുരുതരാ ചികിത്സാപിഴവ് റിപ്പോർട്ട് ചെയ്തു. കീമോതെറാപ്പി നടത്തിയപ്പോൾ ഉപകരണം വെച്ചതിലുണ്ടായ പിഴവിനെ തുടർന്ന്, ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോ​ഗ്യനില വഷളാവുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചികിത്സാപ്പിഴവും റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ്.


ചികിത്സാപിഴവിന്റെ മറ്റൊരു ഇരയാണ് പറവൂർ സ്വദേശിയായ കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാർ. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിനുസമീപം ഹോട്ടൽ നടത്തിയിരുന്ന അബ്ദുൽ ജബ്ബാർ, ജൂലൈ 26 രാത്രി ഏഴിനാണ് പറവൂർ ആശുപത്രിയിൽ കാൽപ്പാദത്തിൽ വേദനയുമായെത്തിയത്‌. അത്യാഹിതവിഭാ​ഗത്തിലെ ഡോക്ടർ പരിശോധിച്ച്‌ വേദനസംഹാരികളും കുത്തിവയ്‌പും നൽകി വീട്ടിലേക്കയച്ചു. വേദന കൂടിയതിനാൽ രാത്രി വീണ്ടുമെത്തി. ചില മരുന്നുകൾകൂടി നൽകി അടുത്തദിവസം സർജനെ കാണാൻ നിർദേശിച്ച്‌ മടക്കി. സർജനെ കണ്ടപ്പോഴാണ്‌ കാലിനുണ്ടായ വേദനയ്‌ക്ക് കാരണം സ്ട്രോക്കാണെന്ന്‌ തിരിച്ചറിഞ്ഞത്‌. വേദന തുടങ്ങി ആറുമണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യണമായിരുന്നെന്നും വൈകിയതിനാൽ മുട്ടിനുതാഴെ മുറിച്ചുനീക്കണമെന്നും സർജൻ അറിയിക്കുകയായിരുന്നു. തുടർന്ന് ജബ്ബാറിന്റെ വലതുകാൽ മുറിച്ചുമാറ്റി.


​ഗുരുതര ചികിത്സാപ്പിഴവുകൾക്കു പുറമെ മരുന്നുമാറി നൽകലും നിത്യസംഭവമായി. അണ്ടൂർക്കോണം പിഎച്ച്സിയിൽ അപസ്മാര രോഗിക്ക് നൽകിയത് മാനസികാരോഗ്യ മരുന്ന്. ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ് നൽകി. ഇതോടെ നമ്പർ വൺ ആയിരുന്ന കേരളത്തിലെ ആരോ​ഗ്യരം​ഗം രോഗികളുടെ ജീവനെടുക്കുന്നതിൽ നമ്പർ വണ്ണാകുന്ന കാഴ്ചയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home