റാസൽഖൈമയിൽ ബസപകടം; മരിച്ചവരിൽ മലയാളികളുമെന്ന് സൂചന

റാസൽഖൈമ: റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഇവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന അപകടത്തിൽ 14 പേർക്ക് പരിക്കേറ്റതായി റാസൽഖൈമ പൊലീസ് അറിയിച്ചു. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിസ മാറ്റത്തിനായി ഒമാനിലെത്തി തിരികെ യുഎഇയിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ.
ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയുടെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, യന്ത്രത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അൽ മുനൈ പൊലീസ് സ്റ്റേഷനിലെയും റാസൽഖൈമ പൊലീസിന്റെ രക്ഷാപ്രവർത്തക വിഭാഗത്തിലെയും സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ് ലൈൻ: 800-46342.








0 comments