മഴവിൽ കാഴ്ചയൊരുക്കി പാമ്പനാൽ വെള്ളച്ചാട്ടം

പാലാ
മലമുകളിലെ ഹരിത ഭംഗികൾക്കിടയിലൂടെ ഒഴുകിയെത്തി പാറക്കൂട്ടത്തിന്റെ നെറുകയിൽനിന്ന് മഴവില്ലഴകോടെ വീഴുന്ന പാമ്പനാൽ വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുകയാണ്. ടൂറിസം സാധ്യതക്കൊപ്പം പ്രാദേശിക വികസനവും ചെറുകിട ജലവൈദ്യുത പദ്ധതി സാധ്യതയും ഈ വെള്ളച്ചാട്ടത്തെ ശ്രദ്ധേയമാക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ആയിരം അടിയോളം ഉയരത്തിലുള്ള ഈ പ്രദേശം സഞ്ചാരികളെ ഏറെ ആകർഷിക്കും. പാമ്പനാൽ മലയിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള കുറിഞ്ഞി കൂമ്പൻ മലയിലേക്ക് റോപ്‐വേ പദ്ധതി നടപ്പാക്കിയാൽ ജില്ലയിലെ ടൂറിസം മേഖലയിലും വൻ വികസനമാകും.
പാലാ‐തൊടുപുഴ റോഡിൽ മാനത്തൂർ സ്കൂൾ ജങ‌്ഷനിൽനിന്ന് മണിയാക്കുംപാറ റൂട്ടിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പനാൽ വെള്ളച്ചാട്ടത്തിന് സമീപമെത്താം. പാറകളുടെ മുകളിലൂടെ വളരെ ദൂരം ഒഴുകി 50 മീറ്ററോളം താഴേയ‌്ക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടം അപൂർവ ദൃശ്യഭംഗിയാണ‌് പകരുന്നത്. നിരവധി ചെറു വെള്ളച്ചാട്ടങ്ങൾ പിന്നിട്ടാണ‌് പാമ്പനാലിലേക്ക‌് വെള്ളം ഒഴുകിയെത്തുന്നത‌് എന്നതും പ്രത്യേകതയാണ‌്. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കിലോമീറ്ററോളം അകലെ കേൾക്കാം. എന്നാൽ ഇവിടേക്ക് എത്താൻ വേണ്ട യാത്രാസൗകര്യം ഇല്ലെന്നതാണ് സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നത്. ജില്ലാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടേക്കുള്ള റോഡ് വികസനം നടപ്പാക്കിയാൽ പ്രാദേശിക വികസനത്തിനും ഏറെ സഹായകരമാണ്.
മലമുകളിൽനിന്നുള്ള വെള്ളം കുതിച്ചെത്തി സമീപ തോടുകളിലൂടെയും മറ്റ് കൈവഴികളിലൂടെയും ഒഴുകി പൊതുജലസ്രോതസ്സുകളിൽ ചേരുകയാണ്. വെള്ളച്ചാട്ടവുമായി ബന്ധിപ്പിച്ച് ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പാക്കിയാൽ സമീപ പ്രദേശങ്ങളിൽ ഈ വൈദ്യുതി ഉപയോഗിക്കാം. ജില്ലാ പഞ്ചായത്ത് 15 വർഷം മുമ്പ‌് ഇത്തരമൊരു പദ്ധതി തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ജലാശയവും ഉദ്യാനവും നിർമിച്ചാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുമാവും. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് നോക്കിയാൽ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഗ്രാമീണ ഹരിതഭംഗി വേറിട്ട ദൃശ്യാനുഭവമാണ്.
നാലമ്പല ദർശന ടൂറിസം പദ്ധതിയുമായി പാമ്പനാൽ വെള്ളച്ചാട്ടം, കടനാട് പാലസ്, വിവിധ ആരാധനാലയങ്ങൾ എന്നിവ ബന്ധിപ്പിക്കുന്നതും ടൂറിസം വികസനത്തിന‌് ഗുണകരമാണ‌്.










0 comments