ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ് അവോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 05, 2017, 07:54 AM | 0 min read

രോഹിത് വെമുല മഞ്ച് (കലൂര്‍) > ഡിവൈഎഫ്ഐ പത്താമത് അഖിലേന്ത്യാ സമ്മേളനം അഡ്വ. പി എ മുഹമ്മദ് റിയാസ് പ്രസിഡന്റും അവോയ് മുഖര്‍ജി സെക്രട്ടറിയുമായുള്ള 83 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. 25 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്േഠ്യന തെരഞ്ഞെടുത്തു. 70 അംഗങ്ങളെയാണ് നിലവില്‍ തെരഞ്ഞെടുത്തത്. ഒഴിവുള്ള 13 സീറ്റുകളില്‍ പിന്നീട് അംഗങ്ങളെ തെരഞ്ഞെടുക്കും. ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബല്‍ബീര്‍ പരാസര്‍ ആണ് ട്രഷറര്‍. സെന്‍ട്രല്‍ കമ്മിറ്റിയില്‍ 16 പേര്‍ വനിതകളാണ്. സെക്രട്ടറിയറ്റിലേക്ക് അഞ്ചു വനിതകളെയും തെരഞ്ഞെടുത്തു.

എസ്എഫ്ഐയിലൂടെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ച റിയാസ് ഡിവൈഎഫ്ഐ കോട്ടൂളി യൂണിറ്റ് സെക്രട്ടറിയായാണ് യുവജനപ്രസ്ഥാനത്തിലെത്തുന്നത്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2016ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. 2009ല്‍ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. എം കെ രാഘവനെതിരെ നിസ്സാരവോട്ടിനാണ് പരാജയപ്പെട്ടത്. പല സമരങ്ങളിലായി നൂറുദിവസത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ബംഗാളില്‍ നിന്നുള്ള അവോയ് മുഖര്‍ജി ബകുറ ജില്ലാ സെക്രട്ടറിയായാണ് ഡിവൈഎഫ്ഐ നേതൃത്വത്തിലേക്ക് വരുന്നത്. 2010ല്‍സംസ്ഥാന കമ്മിറ്റി അംഗവും തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായി. ബംഗളൂരുവില്‍ നടന്ന ഒമ്പതാം അഖിലേന്ത്യാസമ്മേളനത്തില്‍ അഖിലേന്ത്യാ സെക്രട്ടറിയായി. അധ്യാപക ജീവിതം ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകനായത്.

എസ്എഫ്ഐയിലൂടെയാണ് ബല്‍ബീര്‍ പരാസര്‍ സംഘടനാപ്രവര്‍ത്തകനാകുന്നത്. ഡിവൈഎഫ്ഐ ഹിമാചല്‍പ്രദേശ് സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. 2010 മുതല്‍ കേന്ദ്ര കമ്മിറ്റിയംഗമാണ്.

സഞ്ജയ് പസ്വാന്‍, സയന്ദീപ് മിത്ര, എ എന്‍ ഷംസീര്‍, പങ്കജ് ഘോഷ്, ദീപ (വൈസ് പ്രസിഡന്റ്). പ്രീതി ശേഖര്‍, എം സ്വരാജ്, ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി, എസ് ബാല (ജോ. സെക്രട്ടറി). ബി രാജശേഖര മൂര്‍ത്തി, ബിജോയ് കുമാര്‍, സൂര്യ റാവു, രാധേശ്യാം, ജാബര്‍ സിങ് റാര്‍, അമലേന്ദു ദേബ് വെര്‍മ, ശശി ഭൂഷന്‍, ജര്‍ന ദേബ് വെര്‍മ, മനീഷ, വിന്‍ത എന്നിവരാണ് മറ്റു കേന്ദ്ര സെക്രട്ടറിയറ്റംഗങ്ങള്‍.
കേന്ദ്ര കമ്മിറ്റിയില്‍ ഒമ്പതുപേര്‍ മലയാളികളാണ്. എം സ്വരാജ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, നിതിന്‍ കണിച്ചേരി, കെ ബിജു, എസ് സതീഷ്, എ എ റഹീം, വി പി റജീന, വി പി സാനു എന്നിവര്‍.

ഞായറാഴ്ച വൈകീട്ട് മറൈന്‍ഡ്രൈവിലെ ഫിഡെല്‍ കാസ്ട്രോ നഗറില്‍ നടക്കുന്ന വന്‍ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്നു മണിക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് പൊതുസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം ബി രാജേഷ്, അവോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.ഡിവൈഎഫ്ഐ അഖിലേന്ത്യാ  പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട മുഹമ്മദ് റിയാസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home