ചവറ എംഎൽഎ എൻ വിജയൻപിള്ള അന്തരിച്ചു

കൊച്ചി > ചവറ എംഎല്‍എ എൻ വിജയൻ പിള്ള അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.
പ്രമുഖ വ്യവസായി കൂടിയാണ് വിജയൻ പിള്ള. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിഎംപിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ ഇടത് സ്വതന്ത്രനായി മത്സരിച്ചാണ് എൻ വിജയൻ പിള്ള നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി വിജയിച്ച ആർഎസ്‌പി ഇതര നേതാവ് കൂടിയാണ് വിജയൻ പിള്ള. മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയൻ പിള്ള നിയമസഭയിലെത്തിയത്.
മുതിർന്ന ആർഎസ്‌പി നേതാവായ നാരായണൻ പിള്ളയുടെ മകനാണ് അദ്ദേഹം. 1979 തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ പഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 20 വർഷം സജീവമായി ഈ രംഗത്തുണ്ട്. 2000 ൽ അദ്ദേഹം ജില്ലാ പഞ്ചായത്തിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ആർഎസ്‌പി നേതാവ് ബേബി ജോണിന്റെ വിശ്വസ്‌തനായി പാർട്ടിയിൽ പ്രധാനിയായയിരുന്ന വിജയന്‍പിള്ള പിന്നീടുണ്ടായ ഭിന്നതയെ തുടര്‍ന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുൻപ് കോണ്‍ഗ്രസിലേക്ക് ചുവടുമാറുകയായിരുന്നു. ഇതോടെ കരുണാകരൻ അടുപ്പക്കാരനുമായി. ഇതിനിടെ കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരന്‍ കോണ്‍ഗ്രസിലെത്തിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് മടക്കം.
കഴിഞ്ഞ യുഡിഎഫ് സർക്കാറിൻറെ കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരനുമായുണ്ടായ ഭിന്നതയ്‌ക്കൊടുവിലായിരുന്നു വിജയൻ പിള്ള കോണ്‍ഗ്രസ് വിടുന്നത്. ഇതോടെ സിഎംപിയിലേക്ക് പ്രവർത്തനം ചുവടുമാറ്റി. അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പമായിരുന്നു വിജയൻ പിള്ള നിലയുറപ്പിച്ചത്. അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.











0 comments