'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത സംഭവം; രണ്ടാം പ്രതിയും അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 10:29 PM | 0 min read

കൊച്ചി > കാലടി മണപ്പുറത്ത് സിനിമാസെറ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി രാഹുൽ ആണ്  അറസ്റ്റിലായത്.  ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെയും കാലടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തിരുന്നു. കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമാണ് കാരി രതീഷ്.

അങ്കമാലിയിൽ നിന്നാണ് കാരി രതീഷിനെ അറസ്റ്റ് ചെയ്‌തത്. ആക്രമണത്തിൽ പങ്കാളികളായ മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരുമാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല.

ഇതിനിടെയാണ് ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് എഎസ്പി എം ജെ സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂ‍‍‍ഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home