25 July Sunday

സാഭിമാനം തലയുയർത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

കെ ശ്രീകണ‌്ഠൻUpdated: Sunday May 24, 2020

തിരുവനന്തപുരം> മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സ്വയം മാതൃക തീർത്ത്‌  കേരളം ലോകനെറുകയിൽ ഇടംപിടിക്കവെ, എൽഡിഎഫ്‌ സർക്കാർ തിങ്കളാഴ്‌ച നാല്‌ വർഷം പൂർത്തിയാക്കുന്നു‌. പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച ഒറ്റ പദ്ധതിയുമില്ല എന്നതാണ്‌ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന  സർക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്ര. കോവി‍ഡ് പശ്ചാത്തലത്തിൽ വാർഷികാഘോഷം വേണ്ടെന്ന്‌ വയ്‌ക്കുമ്പോഴും സർക്കാരിന്‌ എടുത്തുപറയാനുണ്ട് നേട്ടങ്ങളുടെ നീണ്ട പട്ടിക.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 2016 മെയ്‌ 25ന്‌  അധികാരത്തിൽ വന്ന സർക്കാർ നവകേരളത്തിനാണ്‌ ശിലയിട്ടത്‌. പ്രളയവും  നിപായും ദുരന്തങ്ങളും തിരിച്ചടിയായപ്പോൾ അതിജീവനത്തിന്റെ പുതിയ ചുവടുവയ്‌പോടെയാണ്‌  അവയെ നേരിട്ടത്‌.

  പ്രളയാനന്തരം കേരളം പുനർനിർമിക്കുക എന്ന ബൃഹദ്‌ദൗത്യമാണ്‌  ഏറ്റെടുത്തത്‌. പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാൻ ശേഷിയുള്ള  പുതിയ കേരളം നിർമിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള കർമപദ്ധതിയിൽ ശ്രദ്ധയൂന്നി മുന്നോട്ടുപോകുമ്പോഴാണ്‌ കോവിഡിന്റെ കടന്നുവരവ്‌.  രാജ്യത്തെ ആദ്യ കോവിഡ്‌ ബാധയുണ്ടായ സംസ്ഥാനമാണ്‌ കേരളം.  വെല്ലുവിളികൾ ഏറെ കടുത്തതാണെങ്കിലും കോവിഡിനെ നേരിടുന്ന കേരള ‘മോഡൽ’  ലോകത്തെ വലിയ വാർത്തയാണ്‌. 
ഭദ്രമായ ക്രമസമാധാനം, മികവ്‌ തെളിയിച്ച്‌ ആരോഗ്യം, പൊതുവിദ്യാഭ്യാസ മേഖല, അഴിമതി ഏറ്റവുംകുറഞ്ഞ സംസ്ഥാനം, മികച്ച ഭരണനിർവഹണം.... ഇങ്ങനെ എല്ലാ തലങ്ങളിലും കേരളം മുന്നേറിയ നാല്‌ വർഷമാണ്‌ കടന്നുപോകുന്നത്‌. നാല്‌ വർഷത്തിനിടെ വർഗീയ സംഘർഷത്തിന്‌ കേരളം വേദിയായില്ല. വികസനത്തിലും ജനക്ഷേമത്തിലും ചടുലവും ഭാവനാത്മകവുമായ നടപടികളാണ്‌  നടപ്പാക്കിയത്‌. പ്രകടനപത്രികയിലെ 600 ഇനത്തിൽ ചുരുക്കം ചിലത്‌ മാത്രമാണ്‌ ഇനി യാഥാർഥ്യമാകാനുള്ളത്‌.  വാഗ്‌ദാനങ്ങളുടെ നിർവഹണ പുരോഗതി സംബന്ധിച്ച്‌ 2019 മെയിൽ സർക്കാർ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പുറത്തിറക്കി. പറഞ്ഞതിലേറെ ചെയ്‌ത‌ നിറവോടെയാണ്‌  നാലാം വർഷത്തിലേക്ക്‌ കടന്നത്‌. ചെറുകിട വ്യവസായംമുതൽ ദേശീയപാതവരെയുള്ളവയിൽ കേരളം ഇതുവരെ കാണാത്ത വികസനവേഗം കൈവരിച്ചു.

നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ വ്യവസായ വികസനത്തിലും സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിലും കേരളം ഒന്നാമതാണ്‌. കോവിഡാനന്തരകാലത്തെ അതിജീവനത്തിന്റെ പോർമുഖം തുറന്നാണ്‌ സർക്കാർ അഞ്ചാം വർഷത്തിലേക്ക്‌ കടക്കുന്നത്‌. സർക്കാർ മുന്നിലുണ്ട്‌ എന്നത്‌ അന്വർഥമാക്കുന്ന നിലപാടോടെ  ‘ഭക്ഷ്യസ്വയം പര്യാപ്‌തമായ നവകേരളം’ എന്ന ലക്ഷ്യത്തിലേക്കാണ്‌ ഇനി പ്രയാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top