ad
Deshabhimani

വര്‍ഗീയത പ്രചരിപ്പിച്ചും മാധ്യമങ്ങള്‍ക്കെതിരെ പ്രകോപനം ഉയര്‍ത്തിയും വെള്ളാപ്പള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2015, 01:48 AM | 0 min read

കോട്ടയം> വര്‍ഗീയവിഷം വമിപ്പിച്ച് വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്ര കോട്ടയം ജില്ലയില്‍. മതസ്പര്‍ധയ്ക്ക് ആക്കം കൂട്ടുന്ന പ്രസംഗങ്ങളാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്. ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ പോരാടാന്‍ ഭൂരിപക്ഷസമുദായത്തെ ആഹ്വാനം ചെയ്ത വെള്ളാപ്പള്ളി നടേശനും കൂട്ടരും മാധ്യമങ്ങളെയും കടന്നാക്രമിച്ചു. സ്വീകരണപരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏതാനും ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ  കൈയേറ്റ ശ്രമവുമുണ്ടായി.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ബിജെപി നേതാക്കളും നടേശന്റെ സ്വീകരണയോഗത്തിന് എത്തിയിരുന്നു. യോഗക്ഷേമസഭയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട അക്കീരമണ്‍ കാളിദാസഭട്ടതിരി, വാഴൂര്‍ അദ്വൈതവിദ്യാശ്രമത്തിലെ സ്വാമി ഗരുഡധ്വാനന്ദ, ധീവരസഭാ പ്രസിഡന്റ് സ്വാമി ഗോരഖ്നാഥ്, ശിവഗിരിമഠത്തിലെ സ്വാമി ശാരദാംബ എന്നിവര്‍ ഹിന്ദുവര്‍ഗീയവാദികളുടെ ലേബലായി വേദിയിലെത്തി പ്രസംഗിച്ചു. സ്വാമിമാരാണെങ്കിലും രാഷ്ട്രീയനേതാക്കളെ ചെളി വാരിയെറിയാന്‍ ഇവരും മടിച്ചില്ല. എസ്എന്‍ഡിപി യോഗം കൌണ്‍സിലര്‍ ടി പി മന്മഥന്‍ സിപിഐ എമ്മിന്റെ മണ്‍മറഞ്ഞ നേതാക്കളെയടക്കം കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് അധിക്ഷേപിച്ചത്. വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തിനുള്ള വഴിയൊരുക്കലായി ഇതു മാറി. ഈ മാതൃക പിന്തുടര്‍ന്നാണ് വെള്ളാപ്പള്ളിയും മകനും പ്രസംഗിച്ചത്.മാധ്യമങ്ങള്‍ക്കെതിരായ പ്രവര്‍ത്തകരുടെ വികാരം സ്വാഭാവികമെന്നാണ് വെളളാപ്പള്ളി വിശേഷിപ്പിച്ചത്. മാധ്യമങ്ങള്‍ക്കെതിരെ പ്രവര്‍ത്തകരുടെ വികാരം തിളപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. തന്നെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളാണ് വര്‍ഗീയത വളര്‍ത്തുന്നതെന്നായി വെള്ളാപ്പള്ളിയുടെ ആരോപണം. മാധ്യമങ്ങള്‍ ചില അജന്‍ഡകള്‍ നിശ്ചയിച്ച് യാത്രയെ തകര്‍ക്കുകയാണെന്നും ഒരു മാധ്യമങ്ങളുടെയും സഹായമില്ലാതെയാണ് എസ്എന്‍ഡിപി യോഗം വളര്‍ന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ എസ്എന്‍ഡിപി യോഗം ശാഖകളില്‍ നിന്നും വാഹനങ്ങളില്‍ ആളുകളെ എത്തിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. പലരെയും നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് സ്ഥലത്ത് എത്തിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home