കണിയാന്റെ കഥയുമായി കണിയാമ്പറ്റ

കണിയാമ്പറ്റയുടെ പേരിന് പിന്നിലും അതിന്റെ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. കണിയാമ്പറ്റ എന്ന സ്ഥല നാമം ഉണ്ടായതിനെകുറിച്ച് പല മിത്തുകളുമുണ്ട്. പൊങ്ങിണി ഭഗവതിയെ വഞ്ചിച്ച് ബന്ധിയാക്കിയ ഒരു കണിയാനുണ്ടായിരുന്നു. കണിയാന്‍ പറ്റിച്ചു എന്ന കഥ പ്രചരിച്ചതില്‍ നിന്നുമാണ് ഈ പ്രദേശത്തെ കണിയാമ്പറ്റ എന്ന് വിളിച്ചതെന്ന് ഒരു കഥ. മറ്റൊന്നിങ്ങനെ- ആദ്യകാലത്ത് വയനാടിന്റെ പ്രധാന ആദിവാസി ജനവാസ കേന്ദ്രമായിരുന്നു കണിയാമ്പറ്റ. ഇവിടെ ജീവിച്ചിരുന്ന ഒരു ആദിവാസി രാജകുമാരന് കെണിയമ്പേറ്റു. ഈ സംഭവത്തിന് ശേഷം അവിടം കണിയാമ്പറ്റയായി. 37.8 ചതുരശ്ര കിലോമീറ്ററുള്ള കണിയാമ്പറ്റക്ക് നീണ്ടൊരു കുടിയേറ്റ ചരിത്രം പറയാനുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് നായര്‍, നമ്പ്യാര്‍ സമൂഹം, തമിഴ് ബ്രാഹ്മണര്‍, തെലുങ്ക് ചെട്ടിമാര്‍,തുടങ്ങിവരുടെ കുടിയേറ്റം നടന്നത് .കുറിച്യര്‍, കന്നട ഗൗഡര്‍ വന്ന കാലഘട്ടം വ്യക്തമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മുസ്ലിം, തിയ്യ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് വന്നിരിന്നു.കമ്പളക്കാട് ജുമാ മസ്ജിദ് 1906ല്‍ സ്ഥാപിച്ചതായി രേഖകളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങള്‍ കുടിയേറ്റമാരംഭിച്ചത്. ചെറിയ ചെറിയ കുന്നുകളും വയലുകളും തോടുകളും പുഴയും കൊണ്ട് സമ്പന്നമാണ് കണിയാമ്പറ്റയുടെ ഭൂപ്രകൃതി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ തന്നെ ആദ്യം തുടങ്ങിയ പ്രദേശങ്ങളിലൊന്നാണിത്. വയനാട്ടില്‍ 1923ല്‍ ആദ്യമായി മൂന്ന് വിദ്യാലയങ്ങള്‍ തുടങ്ങിയതില്‍ ഒന്നായിരുന്നു കണിയാമ്പറ്റ ഗവ.സ്കൂള്‍. എലിമെന്ററി വിദ്യാലയമായി തുടങ്ങിയ ഈ സ്കൂള്‍ ഇന്ന് യുപി സ്കൂളാണ്. കൂടാതെ ഒരു ഗവ. ഹൈസ്കൂളും കണിയാമ്പറ്റയിലുണ്ട്. കമ്പളക്കാട് ഗവ. യുപി സ്കൂള്‍, ചീക്കല്ലൂര്‍ എല്‍പി സ്കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്കൂള്‍, നടവയല്‍ സെന്റ്തോമസ് എല്‍പി സ്കൂള്‍ എന്നിവയാണ് ഈ പഞ്ചായത്തിലുള്ള പ്രധാന സ്കൂളുകള്‍. കലാകായിക സാംസ്കാരിക രംഗത്തും കണിയാമ്പറ്റ നിവാസികള്‍ മോശമല്ല. ജില്ലയിലെ മിക്ക കലാ മത്സരങ്ങള്‍ക്കും ഈ നാട് വേദിയാകാറുണ്ട്. ഈ പഞ്ചായത്തില്‍ ചുരുക്കമായി ആദിവാസി പാരമ്പര്യചികിത്സകര്‍ അവശേഷിക്കുന്നുണ്ട്. പ്രധാന ആരാധനാലയങ്ങളുടെ ഉത്സവങ്ങള്‍ മതസൗഹാര്‍ദത്തിന്റെ വേദികള്‍ ആകാറുണ്ട്. പഞ്ചായത്ത് അതിര്‍ത്തിയിലുള്ള പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലെ പെരുന്നാള്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. പൊങ്ങിണി ശ്രീ ഭഗവതിക്ഷേത്രം, കണിയാമ്പറ്റ ശ്രീ അയ്യപ്പക്ഷേത്രം എന്നിവ ഹിന്ദുക്കളുടെ പ്രധാന ആരാധനാലയങ്ങളാണ്. പ്രധാന ഭാഗങ്ങളിലെല്ലാം തന്നെ മുസ്ലിം ദേവാലയങ്ങളും ഉണ്ട്.











0 comments