Deshabhimani

5 സംരംഭത്തിന്‌ അംഗീകാരം; 791 പേർക്ക്‌ തൊഴിൽ ; 185.5 കോടി നിക്ഷേപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 31, 2022, 12:50 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 185.5 കോടി രൂപ നിക്ഷേപമുള്ള അഞ്ചു സംരംഭത്തിന്‌ അംഗീകാരം. കെഎസ്‌ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായ പാർക്കുകളിലും ഐരാപുരം റബർ പാർക്കിലുമായാണ്‌ പുതിയ സംരംഭങ്ങൾ  തുടങ്ങുന്നത്‌. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്‌ഐഡിസി) സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന സംരംഭങ്ങളിൽ 791 പേർക്ക്‌ നേരിട്ട്‌ തൊഴിൽ ലഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന കെഎസ്‌ഐഡിഡി ബോർഡ്‌ യോഗം പദ്ധതികൾക്ക്‌ അംഗീകാരം നൽകി. വായ്‌പയായി 99.25 കോടി രൂപയാണ്‌ കെഎസ്‌ഐഡിസി നൽകുക.

കൊല്ലം പിറവന്തൂരിലെ കിൻഫ്ര പാർക്കിൽ 15.5 കോടി മുതൽ മുടക്കിലാണ്‌ സാൻ എംപോറിയ ഇന്റർനാഷണലിന്റെ മെഡിക്കൽ ഡിസ്‌പോസബിൾ കമ്പനി ആരംഭിക്കുന്നത്‌. 179 പേർക്ക്‌ തൊഴിൽ ലഭിക്കും. 8.75 കോടി രൂപയാണ്‌ കെഎസ്‌ഐഡിസി വായ്‌പ നൽകുക. ഒറ്റപ്പാലം കിൻഫ്ര പാർക്കിൽ സിറിഞ്ച്‌, സൂചി നിർമാണ കമ്പനിയാണ്‌ ഗ്രീൻവെയ്‌ൻ ഹെൽത്ത്‌കെയർ ആരംഭിക്കുന്നത്‌. 21.5 കോടി മുതൽ മുടക്കുള്ള സംരംഭത്തിൽ 78 പേർക്ക്‌ തൊഴിൽ ലഭിക്കും. കണ്ണൂർ വലിയവെളിച്ചം കെഎസ്‌ഐഡിസി ഇൻഡസ്‌ട്രിയൽ ഗ്രോത്ത്‌ സെന്ററിൽ 70 കോടി മുതൽ മുടക്കിലാണ്‌ അൽഫാസ്‌ വുഡ്‌ പ്രോഡക്ട്‌സ്‌ ആരംഭിക്കുക. 330 പേർക്ക്‌ തൊഴിൽ ലഭിക്കുന്ന സംരംഭത്തിന്‌  35 കോടി രൂപ വായ്‌പ നൽകും.

ചേർത്തല കെഎസ്‌ഐഡിസി മെഗാഫുഡ്‌ പാർക്കിൽ 59 കോടി മുതൽ മുടക്കിലാണ്‌ സെറാഫൈൻ ദേവ്‌ ഇംപെക്‌സ്‌, സ്‌നാക്‌ ഫുഡ്‌ കമ്പനി തുടങ്ങുക.  കമ്പനിയിൽ 104 പേർക്ക്‌ തൊഴിൽ ലഭിക്കും. എറണാകുളം ഐരാപുരം റബർ പാർക്കിൽ അമൈസിങ്‌ ഗ്ലൗസാണ്‌  ആരംഭിക്കുന്നത്‌. 19.5 കോടി മുതൽ മുടക്കുള്ള സ്ഥാപനത്തിൽ 100 പേർക്ക്‌ തൊഴിൽ ലഭിക്കും.

മുന്നേറി കെഎസ്‌ഐഡിസി ; ലാഭവർധന 62 ശതമാനം
കോവിഡ്‌ പ്രതിസന്ധിക്കിടയിലും 62 ശതമാനം ലാഭ വർധനയുമായി  കെഎസ്‌ഐഡിസി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നു പാദത്തിലാണ്‌ ഈ നേട്ടം. നികുതിക്കുശേഷം 35.61 കോടി രൂപയാണ്‌ കോർപറേഷന്റെ ലാഭം‌. കഴിഞ്ഞ വർഷം ഇത്‌ 21.91 കോടിയായിരുന്നു. പ്രവർത്തനലാഭം, വായ്‌പ അനുവദിക്കൽ, പിരിച്ചെടുക്കൽ എന്നിവയിലും വൻ വർധനയുണ്ട്‌. കഴിഞ്ഞ വർഷം ആദ്യ മൂന്നു പാദത്തിൽ 154.57 കോടി രൂപയുടെ വായ്‌പയാണ്‌ അനുവദിച്ചതെങ്കിൽ ഈ വർഷം‌ 213.10 കോടിയായി ഉയർന്നു. വായ്‌പ പിരിച്ചെടുക്കൽ 54.89 കോടിയിൽനിന്ന്‌ 94.39 കോടിയായി. പ്രവർത്തന ലാഭം 27.31 കോടിയിൽനിന്ന്‌ 43.01 കോടിയായും വർധിച്ചു. 559 കോടി രൂപയുടെ നിക്ഷേപ സമാഹരണം നേടാനും 1547 തൊഴിലവസരം സൃഷ്ടിക്കാനും കഴിഞ്ഞതായി കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home