ad
Deshabhimani

കേരളാബാങ്ക് :അവസാന കടമ്പയും നീങ്ങി; ഇനി ലയന നടപടി പൂര്‍ത്തിയാക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2019, 01:47 PM | 0 min read

കൊച്ചി> കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള അവസാന കടമ്പയും നീങ്ങി.ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ്‌ 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ടായിരുന്ന കേസുകളില്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നതോടെ ഇക്കാര്യത്തില്‍ ഇനി തടസ്സങ്ങളില്ല. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് മുന്നോട്ടുവച്ച  വാഗ്ദാനത്തില്‍ ഒന്നിനുകൂടി സാക്ഷാല്‍ക്കാരമാകുകയാണ്.

റിസര്‍വ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിയ്ക്കു വിധേയമായേ ലയന നടപടികള്‍ പൂര്ത്തീകരിയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ വേഗത്തിൽ തീരുമാനത്തിനായി സര്‍ക്കാര്‍ അപേക്ഷ നൽകിയിരുന്നു. തുടര്‍ന്നാണ്‌ വാദം പൂര്‍ത്തിയാക്കി കേസില്‍ ഇപ്പോള്‍ വിധിവന്നത്.

ഇനി ഇപ്പോള്‍ കേരള ബാങ്ക്‌ രൂപീകരണത്തിന്റെ ഭാഗമായി സംയോജന നടപടി  സംസ്ഥാന–-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനനടപടികൾ റിസർവ്‌ ബാങ്ക്‌ നിർദേശിച്ച സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. മാർച്ച്‌ 31നകം ലയന നടപടികൾ പൂർത്തീകരിച്ച്‌ റിപ്പോർട്ട്‌ ലഭ്യമാക്കണമെന്ന്‌ റിസർവ്‌ ബാങ്ക്‌ നിബന്ധനയുണ്ട്‌.

കേരള ബാങ്ക് വന്നാല്‍ ജനങ്ങള്‍ക്ക് എന്തൊക്കെ പ്രയോജനങ്ങളാണ് ലഭിക്കുക എന്നത് പലരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ഇതിനു  സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ ഉത്തരങ്ങള്‍ ചുവടെ:

1. വായ്‌പകളുടെ പലിശനിരക്ക് കുറയുമോ ?

കൂടുതല്‍ കാര്‍ഷിക വായ്‌പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍ വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന്ന പുനര്‍ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം എന്ന പലിശ നിരക്കില്‍ നിന്നും കുറച്ചു നല്കാനാകും. കാര്‍ഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും.

2. പ്രവാസി നിക്ഷേപം കേരള ബാങ്കില്‍ സ്വീകരിക്കാനാകുമോ ?

പ്രവാസി മലയാളികള്‍ ഓരോ വര്‍ഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത് 1.5 ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ NRI നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാന്‍ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടില്‍ വിനിയോഗിക്കാന്‍ കഴിയുന്നതിലൂടെ വികസനമേഖലകളില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും.

3. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ ?

സംസ്ഥാന വ്യാപകമായി ഓണ്‍ ലൈന്‍ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലെ സ്ഥിതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നിഷ്പ്രയാസം ഏര്‍പ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന 'ബ്രാന്‍ഡ് മൂല്യം' ആര്‍ജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും.

4. കേരള ബാങ്കില്‍ ഹിഡന്‍ ഫീസുകളുണ്ടാകുമോ ?

സ്വകാര്യ, ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ വിവിധ രീതികളില്‍ പിഴിയുകയാണ്. സേവന ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ കഴിഞ്ഞ 5 ഏതാനും വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കോടി രൂപയാണ് അവര്‍ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ 1 വര്‍ഷം അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ 1772 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കൈവശമാക്കിയതെന്ന വാര്‍ത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താന്‍ കേരള ബാങ്ക് വഴി സാധിക്കും.

5. പ്രാഥമിക സംഘങ്ങള്‍ക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം ?

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നല്‍കുന്ന സാങ്കേതിക മികവുള്ള സേവനങ്ങള്‍ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാന്‍ സാധിക്കും.

6. പ്രതിപക്ഷം എന്തുകൊണ്ട് എതിര്‍ക്കുന്നു?


കേരള ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയക്കുക വരെ ചെയ്യുന്ന സ്ഥിതിയുണ്ടായി. വ്യാജ ആരോപണ കത്തുകളും, കേസുകളുമെല്ലാം നിശ്ചയദാര്‍ഢ്യത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ അതിജീവിച്ചു. ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം. 14 ജില്ലാ ബാങ്കുകളില്‍ 13 എണ്ണത്തിലും ഇടതുഭരണം ഉറപ്പായിരുന്നിട്ടും കേവലം രാഷ്ട്രീയ നേട്ടത്തിന് അപ്പുറം നാടിന് വേണ്ടി നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞതു കൊണ്ടാണ് കേരള ബാങ്ക് എന്ന സ്വപ്നത്തിലേക്ക് കടന്നത്.





 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home