ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു
Photo Credit: X
പൂണെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12:35 ഓടെയാണ് അപകടം. ബാരാമതി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. പൈലറ്റ് സുരക്ഷിതനാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന എൻസിപി നേതാവ് അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഏഴ് മാസങ്ങൾക്ക് മുൻപ്, ജനുവരി 28നായിരുന്നു അപകടം നടന്നത്. വിഎസ്‌ആർ വെഞ്ചേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗ് ശ്രമത്തിനിടെ തകർന്നുവീഴുകയായിരുന്നു. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, അറ്റൻഡന്റ്, കോക്ക്പിറ്റ് ക്രൂ - പൈലറ്റ്-ഇൻ-കമാന്റ് സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശാംഭവി പഥക് എന്നിവർ ആ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലും ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണിരുന്നു. മെയ് 13 ന് ബാരാമതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബാരാമതി എയർസ്ട്രിപ്പ് ഏരിയയ്ക്ക് സമീപമുള്ള ഗോജുബാവിയിലാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പരിശീലന പൈലറ്റ് രക്ഷപ്പെട്ടു.










0 comments