ad
Deshabhimani

ഗായകന്‍ ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2022, 10:11 PM | 0 min read

ആലപ്പുഴ/കൊല്ലം
ഗാനമേളയിൽ പാട്ടുപാടുന്നതിനിടെ ഗായകൻ ഇടവ ബഷീർ (76) കുഴഞ്ഞുവീണു മരിച്ചു. പാതിരപ്പള്ളി ക്യാംലോട്ട്‌ കൺവൻഷൻ സെന്ററിൽ ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പാടുന്നതിനിടെ ശനി രാത്രി 9.30നാണ്‌ നെഞ്ചുവേദനയെത്തുടർന്ന്‌ കുഴഞ്ഞുവീണത്‌. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗാനമേളയെ ജനകീയമാക്കിയതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഇടവ ബഷീർ നാട്ടിലും വിദേശത്തുമായി ആയിരത്തിലധികം വേദികളിൽ ഗാനമേള അവതരിപ്പിച്ചു. നിരവധി സിനിമകൾക്കുവേണ്ടി ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ചു.

|
 

കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ജനനം. രണ്ടു പതിറ്റാണ്ടിലേറെയായി കൊല്ലം കടപ്പാക്കട പ്രതിഭ ജങ്ഷനിൽ സം​ഗീതാലയത്തിലായിരുന്നു താമസം. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽനിന്ന്‌ 1972ൽ ഗാനഭൂഷണം പാസായി. ‌പഠനകാലത്തു തന്നെ ഗാനമേളകളിൽ പാടുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ പാടി. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു. യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി.

1978ൽ ‘രഘുവംശം’  സിനിമയിൽ എ ടി ഉമ്മറിന്റെ സംഗീതസംവിധാനത്തിൽ എസ് ജാനകിയോടൊത്ത് പാടിക്കൊണ്ടായിരുന്നു സിനിമാപ്രവേശം. കെ ജെ ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം മുക്കുവനെ സ്നേഹിച്ച ഭൂതം സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ സൂപ്പർ ഹിറ്റായി. തുടർന്നും സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും ഗാനമേളകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

1972ൽ കൊല്ലം സംഗീതാലയക്ക്‌ രൂപം നൽകി. 1996ൽ കൊല്ലത്ത്‌ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങി.  ഭാര്യമാർ: റഷീദാൽ ബഷീർ, രഹന ബഷീർ. മക്കൾ: ബീമ നസീർ, ഉഷസ്‌ ഇസ്‌മയിൽ, ഉല്ലാസ്‌ ബഷീർ, സ്വീറ്റാ സക്കീർ,  ഉന്മേഷ് ബഷീർ.  മരുമക്കൾ: നസീർഷാ, സുധീർ ഇസ്‌മായിൽ, ഷീബ ഉല്ലാസ്‌, സക്കീർ, ഷെമി ഉന്മേഷ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home