Deshabhimani

കശ്‌മീരിൽ പൂക്കുന്നത്‌ 
ശവക്കല്ലറകൾ: പ്രഭാഷ്‌ ചന്ദ്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 24, 2022, 01:31 AM | 0 min read

തിരുവനന്തപുരം > ഇന്ത്യയുടെ ജനാധിപത്യ സ്വഭാവത്തെയും ഭരണഘടനെയയും ഇരുട്ടിൽ നിർത്തിയ നീക്കമായിരുന്നു കേന്ദ്ര സർക്കാരിന്റെ കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ. മുസ്ലിങ്ങൾ രാജസ്‌നേഹികളാണെന്ന്‌ ഭരണകൂടത്തിന്‌ മുന്നിൽ തെളിയിക്കേണ്ടി വരുന്ന സമകാലിക ഇന്ത്യയെ കശ്‌മീരിന്റെ പശ്ചാത്തലത്തിൽ പറയുകയാണ്‌ ‘ഐ ആം നോട്ട്‌ റിവർ ഝലം’ സിനിമയിലൂടെ പ്രഭാഷ്‌ ചന്ദ്ര.
‘കശ്‌മീരിൽ ഞാൻ നാടകം പഠിപ്പിച്ചിട്ടുണ്ട്‌. അവരുടെ ജീവിതം എപ്പോഴും പ്രതിസന്ധിയിലാണ്‌. അവിടെനിന്ന്‌ ലഭിച്ച അനുഭവമാണ്‌ സിനിമയൊരുക്കാൻ കാരണമെന്ന്‌ പ്രഭാഷ്‌. ‘ഫിക്‌ഷൻ, ഡോക്യുമെന്ററി എന്നിങ്ങനെ വേർതിരിവുണ്ടെന്ന്‌ തോന്നിയിട്ടില്ല. സിനിമയ്‌ക്കായി പ്രതിഷേധങ്ങളടക്കം യഥാർഥ രംഗങ്ങളാണ്‌ ഉപയോഗിച്ചത്‌.

മുസ്ലിങ്ങളെ രാജ്യദ്രോഹികളും ശത്രുകളുമായി അധികാരത്തിന്റെ ഭാഗമായിനിൽക്കുന്ന വിഭാഗം ചിത്രീകരിക്കുകയാണ്‌. ഇത്‌ അനുവദിക്കാനാകില്ല. ഡൽഹിയിലും എതിർ ശബ്‌ദങ്ങൾ ഇല്ലാതാക്കുകയാണ്‌. സ്വതന്ത്ര്യ പദവി ഇല്ലാത്ത കശ്‌മീർ ആ ജനത അംഗീകരിക്കില്ല. സേനയെ ഉപയോഗിച്ചും ഇന്റർനെറ്റും ഫോണും റദ്ദാക്കിയുമെല്ലാം സർക്കാർ കൈക്കൊണ്ട നടപടികൾ തെറ്റാണ്‌. ഇത്‌ മനുഷ്യാവകാശ ലംഘനമാണ്‌. കശ്‌മീരിന്റെ ശബ്ദം ഇന്ന്‌ വെടിയുണ്ടകളുടെയും സ്‌ഫോടനത്തിന്റെതും മാത്രമായി മാറി. അത്‌ സിനിമയിലും കാണിക്കാനാണ്‌ ശ്രമിച്ചത്‌. കശ്‌മീർ ജനതയുടെ ജീവിതത്തിലുടനീളമുള്ള അനിശ്ചിതത്വം പകർത്തുകയാണ്‌ ചെയ്‌തതത്‌. കശ്‌മീരിൽ ഇന്ന്‌ പൂക്കുന്നത്‌ ശവകല്ലറകൾ മാത്രമാണ്‌ എന്ന സ്ഥിതിയാണ്‌. അവരുടെ ജീവിതം എത്രമേൽ ദുസഹമാക്കി മാറ്റപ്പെട്ടു. അവിടെ സിനിമ ചിത്രീകരിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. കൂടുതലും രഹസ്യമായാണ്‌ ചിത്രീകരിച്ചത്‌.

സർക്കാരിനെ കുറ്റപ്പെടുത്താനല്ല സിനിമയെടുത്തത്‌. കശ്‌മീരിൽ ഞാൻ കണ്ട കാര്യങ്ങൾ സിനിമയിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തത്‌. എന്നെ അസ്വസ്‌തമാക്കുന്ന കാര്യങ്ങൾ ഇനിയും സിനിമയിലൂടെ കാണിക്കും. അവരുടെ അജൻഡകൾക്ക്‌ കീഴിടങ്ങില്ല. ഡൽഹി പൊലീസിന്‌ മതേതര മുഖമില്ല. പൊലീസ്‌ വാഹനത്തിൽ ജയ്‌ശ്രീരാം എന്നെല്ലാമാണ്‌ എഴുതിയിരിക്കുന്നത്‌. ഇതെല്ലാം ന്യൂനപക്ഷത്തിന്‌ തങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന ചിന്തയാണ്‌ ഉണ്ടാക്കുന്നത്‌. ഇതിനെതിരെയുള്ള പ്രതിഷേധമായാണ്‌ അത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയത്‌.

തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. ഇതിനെതിരെ പ്രതിരോധം ആവശ്യമാണ്‌. അടിച്ചമർത്താൻ അവർ ശ്രമിക്കും തോറും ഉയർത്തെഴുന്നേൽക്കും. ആഗ്രഹിക്കുന്ന പോലെ കൂടുതൽ സിനിമയെടുക്കും. അത്‌ പ്രദർശിപ്പിക്കാൻ ബദലുകളുണ്ടാകുമെന്നും പ്രഭാഷ്‌ ചന്ദ്ര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home