ad
Deshabhimani

അടിമുടിമാറ്റത്തിനൊരുങ്ങി മലയാള പ്രസാധനരംഗം; പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്‌റ്റ്‌വയറിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2019, 12:28 PM | 0 min read

തിരുവനന്തപുരം > മലയാളപ്രസാധനരംഗം വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുകയാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. പ്രസാധനത്തിൻ്റെ എല്ലാ മേഖലകളും, എന്നുവച്ചാൽ അക്ഷരവിന്യസനം, രൂപകല്പന, അച്ചടി, വാർത്താപരിപാലനം, വിവരശേഖരപരിപാലനം, ഓഫീസ് നിർവ്വഹണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ, സ്വതന്ത്രസോഫ്റ്റ്‌വെയറുകളിലേക്കു മാറ്റിക്കൊണ്ട് പ്രസാധനത്തെ അപ്പാടെ സ്വാശ്രയത്വത്തിലേക്കു നയിക്കാനുള്ള ഒരു വലിയ പ്രസ്ഥാനം ഒരുങ്ങുകയാണ്. അതിന്റെ പര്യാലോചനകൾക്കായി കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ പ്രസാധനസ്വാശ്രയത്വ ഉച്ചകോടി സംഘടിപ്പിക്കുകയാണ്. അല്പസമയമേ പങ്കെടുക്കാൻ കഴിഞ്ഞുള്ളെങ്കിലും അവിടെ കേൾക്കാൻ കഴിഞ്ഞ കാര്യങ്ങൾ വലിയ പ്രതീക്ഷ പകരുന്നവയാണ്.

പ്രൊപ്രൈറ്ററി ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും പ്രസാധനരംഗത്തു കുത്തകസ്ഥാപിച്ചതോടെ പ്രസാധനവുമായി ബന്ധപ്പെട്ട വിവിധമേഖലകളിൽ പ്രതിസന്ധി രൂപപ്പെടുകയാണ്. ഇവയുടെ കുത്തക ഉടമസ്ഥർ‍ വിലകൾ‍ അടിക്കടി ഉയർ‍ത്തിക്കൊണ്ടിരിക്കുകയാണ്. എത്ര ഉയർത്തിയാലും ഗത്യന്തരമില്ലാതെ ആ വില കൊടുക്കേണ്ട അവസ്ഥയാണ്. മുമ്പെല്ലാം ചിലരൊക്കെ ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ലൈസൻസ് പൊളിച്ച് കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ ഇവ കണ്ടെത്തി ലക്ഷങ്ങൾ പിഴ ഈടാക്കുന്ന നടപടിയും വ്യാപകമായി തുടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്മൂലം ഉത്പന്നങ്ങൾ വിലയ്ക്കുവാങ്ങി തങ്ങളുടെ സ്ഥാപനങ്ങളിലെ നൂറുകണക്കായ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൽ ചെയ്യാൻ ഓരോ പത്രസ്ഥാപനവും നിർബ്ബന്ധിതമാകുകയാണ്. ജനയുഗം പത്രാധിപർകൂടിയായ രാജാജി മാത്യു തോമസ് പറഞ്ഞത് ഒരുകൊല്ലം ഒരുകോടി രൂപയാണ് ഈ ഇനത്തിൽ അവർ ചെലവു കണക്കാക്കിയത് എന്നാണ്. ഇതു നമ്മുടെ മിക്ക പത്രങ്ങൾക്കും താങ്ങാവുന്നതല്ല.

ഇതിനിടെ സാമ്രാജ്യത്വരാഷ്ട്രീയ അജൻഡകൾക്കനുസരിച്ച് ഏകപക്ഷീയമായ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്താനും ഈ സോഫ്റ്റ്‌വെയർ കുത്തകകൾ തയ്യാറാകുന്നു. ഇൻഡിസൈൻ എന്ന സമ്പൂർണ്ണ ഡിസൈൻ സ്വീറ്റിന്റെയടക്കം പല പ്രധാന പ്രസാധനസോഫ്റ്റ്‌വെയറുകളുടെയും കുത്തകയായ അഡോബ് അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പിൻ്റെ തിട്ടൂരം അനുസ്സരിച്ച് വെനിസുവേലയ്ക്കുമേൽ നിരോധനം മൂന്നാഴ്ചമുൻപു പ്രഖ്യാപിക്കുകയും രണ്ടുദിവസം മുൻപ്, ഈ 28-ന്, പൂർണ്ണമായി നടപ്പാക്കുകയും ചെയ്തത് അപകടകരമായ ഉദാഹരണമാണ്.

ഇതെല്ലാമാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിൻ്റെ വഴി തേടാൻ പ്രസാധകരെ നിർബ്ബന്ധിക്കുന്നത്. മലയാളത്തിൽ ജനയുഗവും ദേശാഭിമാനിയുമാണ് ഈ വഴിക്കുള്ള പ്രവർത്തനം ആദ്യം ആരംഭിച്ചത്. ജനയുഗം പത്രം ഈ ഒക്റ്റോബർ 2 മുതൽ സ്ക്രൈബസ് എന്ന സ്വതന്ത്രസോഫ്റ്റ്‌വെയറിൽ പത്രം രൂപകല്പനചെയ്ത് അച്ചടിച്ചുതുടങ്ങി. കേരളപ്പിറവിദിനത്തിൽ അതിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുകയാണ്. ദേശാഭിമാനി സ്ക്രബസിലേക്കു മാറുന്ന പ്രവർത്തനവും പൂർത്തിയായിവരുന്നു. നവവർഷപ്പുലരിയോടെയൊക്കെ അതും യാഥാർത്ഥ്യമാകുമെന്നാണ് അറിയുന്നത്.

ഇത്തരം സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കാനും ജീവനക്കാരെ അതു പരിശീലിപ്പിക്കാനുമൊക്കെ നല്ലൊരുതുക ആവശ്യമുണ്ട്. പക്ഷേ, അത് ഒറ്റത്തവണ മുതൽമുടക്കാണ്. സ്വതന്ത്രസോഫ്റ്റ്‌വെയറായതിനാൽ വാടകയോ ഓരോ നവീകരണത്തിനും പുതിയപതിപ്പു വാങ്ങേണ്ട വിലയോ ഒന്നുമായി ആവർത്തനച്ചെലവുകളില്ല. മെച്ചപ്പെടുത്തലുകൾ ലോകമെങ്ങുമുള്ള സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹം ചെയ്തുകൊള്ളും. അതു സൗജന്യമായി നമുക്കും കിട്ടും. ഈ ഒറ്റത്തവണ മുതൽമുടക്കിനുള്ള പണം കണ്ടെത്താൻ പത്രസ്ഥാപനങ്ങൾ അടക്കമുള്ള സ്റ്റേക് ഹോൾഡർമാർ ഒന്നിച്ചുള്ള ഒരു പ്രസ്ഥാനം രൂപം‌കൊടുക്കാനാണ് ആലോചിക്കുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. അതിൽ സർക്കാരിൻ്റെ സഹായം‌കൂടി വേണമെന്നും അഭിപ്രായപ്പെട്ടു. അത്തരമൊർ കൂട്ടായ്മ രൂപവത്ക്കരിച്ചു കൃത്യമായ പദ്ധതിയുമായി മുന്നോട്ടുവരികയാണെങ്കിൽ ആവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നു ഞാൻ ഉറപ്പു നല്കുകയും ചെയ്തു.

ഡിസൈൻ സോഫ്റ്റ്‌വെയറും അലങ്കാരഫോണ്ടുകളും തയ്യാറാക്കാൻ 50 ലക്ഷം രൂപ ഞാൻ കഴിഞ്ഞതിൻ്റെ മുമ്പത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്. അതു ഫലപ്രദമായി ഉപയോഗിക്കണം. അതിനുപുറമെ ഈ സംരംഭത്തിന് ആവശ്യമായ എല്ലാത്തരം പിന്തുണയും നല്കാൻ സർക്കാർ സന്നദ്ധമാണ്. കാരണം വിവരസ്വാതന്ത്ര്യത്തിൻ്റെയും കുത്തകവിരുദ്ധതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയുമൊക്കെ രാഷ്ട്രീയം‌കൂടി ഉൾച്ചേർന്ന ഒരു പോർമുഖം‌കൂടിയാണു സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home