വിഴിഞ്ഞത്തുനിന്ന് കാർ തട്ടിയെടുത്തവർ പിടിയിൽ

കോവളം
സോഷ്യൽ മീഡിയയിൽ നിന്ന് ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് ഓട്ടംപോകാൻ ആവശ്യപ്പെട്ട കാറുമായി മുങ്ങിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ജോയൽ (26), കാസർഗോഡ് സ്വദേശിയും എറണാകുളത്ത് താമസിക്കുന്നതുമായ സാബിർ (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത കാറും കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി മൈക്കിൾ(29) നെ കമ്പളിപ്പിച്ചാണ് ഇവർ കാറുമായി കടന്നത്. കഴിഞ്ഞ 6ന് പരാതിക്കാരന്റെ നമ്പരിലേയ്ക്ക് പത്തനംതിട്ട സ്വദേശിയാണെന്നും പേര് ജോയൽ എന്നാണെന്നും പറഞ്ഞ് വിളിച്ച് നേരിൽ കാണണമെന്നു പറഞ്ഞു. വിഴിഞ്ഞത്ത് രാത്രി 10.30ന് വരാൻ പറഞ്ഞതനുസരിച്ച് ജോയൽ എത്തുകയും ഒരു ദിവസത്തേയ്ക്ക് കാർ ഓട്ടത്തിന് കൊടുക്കണമെന്നും പിറ്റേദിവസം തിരികെ തരാമെന്നും പറഞ്ഞു. ഓൺലൈനായി 3500 രൂപ മൈക്കിളിന് നൽകുകയും ചെയ്‌തു. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും വാങ്ങിയാണ് കാറ് കൊടുത്തത്. പിറ്റേദിവസവും ജോയൽ 3000 രൂപ അക്കൗണ്ടിലേക്ക് ഇട്ടതായി മൈക്കിൾ പറഞ്ഞു. പിന്നീട് പിതവണ വിളിച്ചിട്ടും ജോയൽ ഫോൺ എടുത്തില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്ന് വാഹനം വാടകയ്ക്ക് കൊടുക്കുന്നവരുടെ നമ്പർ കണ്ടെത്തി വിളിച്ചാണ് തുടങ്ങുക. രണ്ടു ദിവസത്തേക്ക് എന്നു പറഞ്ഞ് വാഹനം വാടകയ്ക്ക് എടുത്ത ശേഷം സാബിറിനെ എൽപ്പിക്കും. സാബിർ വാഹനം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പണയം വയ്ക്കുകയോ പൊളിച്ചു വിൽക്കുകയോ ചെയ്യും. ഇവർ സമാന രീതിയിൽ ഏഴോളം വാഹനങ്ങൾ തട്ടിയെടുത്തിട്ടുണ്ടൈന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായ കൃഷ്‌ണ ലാൽ, ബിനു, സിപിഒമാരായ റെജിൻ, വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.










0 comments