"അവർക്കുമില്ലേ അമ്മ' പൊട്ടിക്കരഞ്ഞ് ശാരദ

ശാരദ
സുധീർ വർക്കല
Published on Jul 28, 2026, 11:45 PM | 1 min read
വർക്കല ‘
അവർക്കുമില്ലേ മക്കളേ അമ്മ, പ്രായമായ എന്നോടിങ്ങനെ ചെയ്യാമോ’? ഏങ്ങലടക്കാൻ കഴിയാതെ 79 കാരി ശാരദ വിങ്ങിപ്പൊട്ടി. മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടറിയറ്റിലെത്തിയ തന്നെ ക്രൂരമായി ആക്രമിച്ച പൊലീസിനോടുള്ള രോഷം ഇൗ അമ്മയ്‌ക്ക് അടക്കാനാകുന്നില്ല. ശാരീരിക വേദനയും മനസ്സിലെ മുറിവും ഭയവും കാരണം പറഞ്ഞുമുഴുമിപ്പിക്കാൻ പാടുപെട്ടു വർക്കല ഇടവ ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ. ഒരാഴ്ച മുമ്പാണ് സംഭവങ്ങളുടെ തുടക്കം. അയൽവാസികളായ രാജൻബാബു, ഭാര്യ ബിന്ദു, ബന്ധു വസന്തകുമാരി എന്നിവർ ശാരദയിൽനിന്ന് 2023ൽ 2.50 ലക്ഷം കടം വാങ്ങിയിരുന്നു. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുന്ന ശാരദ വീടുകളിൽ ജോലിചെയ്ത് സ്വരൂപിച്ച പണമായിരുന്നു. കടംവാങ്ങിയവർ വീടുവിറ്റ് പോയി. പലതവണ ചോദിച്ചിട്ടും പണം തിരികെ നൽകിയില്ല. രാത്രിയിലെത്തി ദേഹോപദ്രവമേൽപ്പിക്കുകയും പരാതി കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരദ അയിരൂർ പൊലീസിൽ പരാതി നൽകി. കേസ് കോടതിയുടെ പരിഗണനയിലാണ്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രിയെ സമീപിച്ചത്. ആദ്യം പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ടുദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. വീണ്ടും സെക്രട്ടറിയറ്റിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വരുന്നതെന്ന് അറിയിച്ചിട്ടും പൊലീസ് കടത്തിവിട്ടില്ല. ദൂരെനിന്ന് വരികയാണ്. കണ്ടേ മടങ്ങൂ എന്ന് പറഞ്ഞതിനായിരുന്നു മർദനമെന്ന് ശാരദ പറഞ്ഞു. അഞ്ച് വനിതാ പൊലീസുകാരും മൂന്ന് സിവിൽ പൊലീസുകാരും ചേർന്ന് പിടിച്ചുവലിച്ച് പൊലീസ് ജീപ്പിലേക്ക് തള്ളിയിട്ടു. മുഖമടിച്ചാണ് വീണത്. കണ്ണട പൊട്ടിപ്പോയി. കൈകാലുകൾക്ക് പരിക്കേറ്റു. ഇറങ്ങാൻ ശ്രമിച്ചപ്പോൾ കാലുകൾ കൂട്ടിപ്പിടിച്ച് വീണ്ടും ജീപ്പിലേക്കിട്ടു. ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹൃദ്‌രോഗിയായ ശാരദ മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് പരാതി നൽകിയത്. പണം നൽകാമെന്നറിയിച്ച് പൊലീസുകാർ ഒത്തുതീർപ്പിന് വന്നിരുന്നതായും ശാരദ പറയുന്നു. വയോധികയെ പൊലീസ് ക്രൂരമായി മർദിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഇടവ ഗ്രാമം ഒന്നടങ്കം പ്രതിഷേധത്തിലാണ്. വയോധികയെ മർദിച്ച പൊലീസുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.










0 comments