ആലപ്പുഴ > സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ സിഐടിയുവിന്റെ 14–-ാം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്‌ച ആലപ്പുഴയിൽ തുടക്കമാകും. മുഹമ്മദ് അമീൻ നഗറിൽ (ഇഎംഎസ് സ്‌റ്റേഡിയം) രാവിലെ 10ന് ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
21 വർഷത്തിനുശേഷമാണ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ആതിഥ്യം വഹിക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ 22,12,690 അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുസമ്മേളന നഗറിൽ തിങ്കളാഴ്‌ച വൈകിട്ട് സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തും.പ്രതിനിധി സമ്മേളനത്തിനു തുടക്കംകുറിച്ച് ചൊവ്വാഴ്‌ച രാവിലെ 9.45ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും. വ്യാഴാഴ്‌ച വൈകീട്ട് ഒരു ലക്ഷംപേർ പങ്കെടുക്കുന്ന റാലി നടക്കും. കെ കെ ചെല്ലപ്പൻ നഗറിൽ (ആലപ്പുഴ കടപ്പുറം) ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമയി ചൊവ്വാഴ്‌ച വൈകീട്ട് ട്രേഡ്‌യൂണിയൻ സെമിനാർ തപൻസെൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അധ്യക്ഷനാകും.
ബുധനാഴ്‌ച സാംസ്‌കാരിക സായാഹ്‌നം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. ജി സുധാകരൻ അധ്യക്ഷനാകും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ആർ നാസർ, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറിമാരായ പി പി ചിത്തരഞ്ജൻ, കെ എൻ ഗോപിനാഥ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എച്ച് സലാം, ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..