Deshabhimani

നിക്ഷേപകർക്ക്‌ പ്രതീക്ഷ നൽകി പുതുവർഷം; ആദ്യവാരം നേട്ടം... സ്‌റ്റോക്ക്‌ റിവ്യൂ

stock review
avatar
കെ ബി ഉദയ ഭാനു

Published on Jan 05, 2025, 08:24 PM | 2 min read

നിക്ഷേപകർക്ക്‌ പ്രതീക്ഷ പകർന്ന്‌ പുതു വർഷത്തിലെ ആദ്യ വാരം ഓഹരി ഇൻഡക്‌സുകൾ മികവ്‌ കാഴ്‌ച്ചവെച്ചു. തുടർച്ചയായ രണ്ടാം വാരമാണ്‌ മാർക്കറ്റ്‌ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്‌. ബോംബെ സൂചിക 524 പോയിൻറ്റും നിഫ്‌റ്റി സൂചിക 191 പോയിൻറ്റും കഴിഞ്ഞ വാരം വർധിച്ചു. ഓട്ടോ, എഫ്എംസിജി, ഫാർമ, ഓയിൽ ആൻറ്‌ ഗ്യാസ് ഓഹരികളിലെ വാങ്ങൽ താൽപര്യം ശക്തമായിരുന്നു.


ഒഎൻജിസി, മാരുതി, ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻഡ് എം, ഇൻഡസ്‌ ബാങ്ക്‌, കോൾ ഇന്ത്യാ, എച്ച്‌സിഎൽ ടെക്‌, ഇൻഫോസീസ്‌, എച്ച്‌യുഎൽ, ആർഐഎൽ, എൽ ആൻഡ് റ്റി, ബിപിസിഎൽ, ആക്‌സിസ്‌ ബാങ്ക്‌, ഐറ്റിസി, സിപ്ല ഓഹരികൾ മികവ്‌ കാണിച്ചു. വിപ്രോ, റ്റിസിഎസ്‌, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, എയർ ടെൽ, സൺ ഫാർമ്മ, ഡോ. റെഡീസ്‌, ടാറ്റാ സ്‌റ്റീൽ, ഓഹരികൾക്ക്‌ തളർച്ച നേരിട്ടു.


നിഫ്‌റ്റി സൂചിക 23,813 പോയിൻറ്റിൽ നിന്നും വാരമദ്ധ്യം 23,470 ലേയ്‌ക്ക്‌ ഇടിഞ്ഞ അവസരത്തിൽ പുതിയ ബയ്യിങിന്‌ ഒരു വിഭാഗം ഓപ്പറേറ്റർമാർ കാണിച്ച ഉത്സാഹവും ആഭ്യന്തര ഫണ്ടുകളിൽ നിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യവും സൂചികയ്‌ക്ക്‌ പുതുജീവൻ പകർന്നു. മുൻവാരം വ്യക്തമാക്കിയ 24,089 പോയിൻറ്റിലെ തടസം വിപണി മറികടന്ന്‌ 24,217 വരെ ഉയർന്നങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ അൽപ്പം കുറഞ്ഞ്‌ 24,004 ലാണ്‌. ഈവാരം നിഫ്‌റ്റിക്ക്‌ 24,324 പോയിൻറ്റിൽ പ്രതിരോധമുണ്ട്‌, ഇത്‌ മറികടന്നാൽ 24,644 വരെ സഞ്ചരിക്കാനാവും. വിൽപ്പന സമ്മർദ്ദമുണ്ടായാൽ വിപണിക്ക്‌ 23,577– 23,150 പോയിൻറ്റിൽ താങ്ങ്‌ പ്രതീക്ഷിക്കാം.


ബോംബെ സെൻസെക്‌സ്‌ പോയവാരത്തിലെ 78,699 ൽ നിന്നും 77,541 പോയിൻറ്റിലേയ്‌ക്ക്‌ ആദ്യ പകുതിയിൽ ഇടിഞ്ഞു, തിരിച്ചു വരവിൽ സെൻസെക്‌സ്‌ 80,010 ലേയ്‌ക്ക്‌ ചുവടുവെച്ചങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ 79,223 പോയിൻറ്റിലാണ്‌. ഈവാരം വിപണിക്ക്‌ മുന്നിലുള്ള ആദ്യ പ്രതിരോധം 80,308 ലാണ്‌, ഇത്‌ മറികടന്നാൽ റാലി 81,393 പോയിൻറ്റിലേയ്‌ക്ക്‌ നീള്ളാം. വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ വിപണിക്ക്‌ 77,839 – 79500 റേഞ്ചിൽ വിപണിക്ക്‌ താങ്ങ്‌ കണ്ടെത്താനാവും.


രൂപയുടെ മൂല്യ തകർച്ച രുക്ഷം. യു എസ്‌ ഡോളർ ഇൻഡക്‌സ്‌ രണ്ട്‌ വർഷത്തെ ഏറ്റവും മികച്ച നിലവാരം ദർശിച്ചത്‌ പ്രമുഖ നാണയങ്ങളെ മൊത്തിൽ തളർത്തി. 2024 ൽ ഏഴ്‌ ശതമാനം മികവ്‌ കാണിച്ചു ഡോളർ സൂചിക 108.92 ലാണ്‌. ഇതിനിടയിൽ ഡോളറിന്‌ മുന്നിൽ രൂപ 85.54 ൽ നിന്നും 85.78 ലേയ്‌ക്ക്‌ ഇടിഞ്ഞു. ഗോബൽ മാർക്കറ്റിൽ രൂപ 86.04 ലേയ്‌ക്കും ദുർബലമായി. തിരിച്ചു വരവിന്‌ ശ്രമിച്ചാൽ രൂപയ്‌ക്ക്‌ 85.45 തടസം നേരിടും. മുന്നിലുള്ള മുന്ന്‌ മാസകാലയളവിൽ 87 ലേയ്‌ക്കും ദുർബലമാകാം.


വിദേശ ഫണ്ടുകൾ വിൽപ്പനയ്‌ക്ക്‌ തന്നെയാണ്‌ പുതു വർഷത്തിലും മുൻ തൂക്കം നൽകിയത്‌. വാരമദ്ധ്യം അവർ 1507 കോടി രൂപയുടെ വാങ്ങൽ നടത്തിയെങ്കിലും മറ്റ്‌ ദിവസങ്ങളിൽ അവർ 12,548 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകരായി മൊത്തം 9253 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആർബിഐയുടെ കണക്കുകൾ പ്രകാരം ഡിസംബർ അവസാന വാരം രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായ നാലാം ആഴ്ചയും കുറഞ്ഞ്‌ 640.28 ബില്യൺ ഡോളറായി.


ഈ വാരം ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുമായി മുൻ നിര കന്പനികൾ രംഗത്ത്‌ എത്തും. വ്യാഴാഴ്‌ച്ച ഡിസംബറിൽ അവസാനിച്ച മുന്ന്‌ മാസങ്ങളിലെ പ്രവർത്തന ഫലം റ്റി സി എസ്‌ പുറത്ത്‌ വിടും. ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ സ്വർണ വിലയിൽ ഉണർവ്‌ കണ്ടു. ട്രോയ്‌ ഔൺസിന്‌ 2621 ഡോളറിൽ നിന്നും 2667 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം സ്വർണം 2638 ഡോളറാണ്‌.




deshabhimani section

Related News

0 comments
Sort by

Home