ക്രൂഡ് വിലക്കയറ്റം; ഓഹരി വിപണി സമ്മർദത്തിൽ

മുംബൈ : ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും ഇന്ന് ആഭ്യന്തര ഓഹരി സൂചികകൾ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 50 സൂചിക 19.75 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 24,451.95 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ ക്ലോസ് ചെയ്തത് 24,471.70 എന്ന നിലയിൽ ആയിരുന്നു. സെൻസെക്സ് 78,263.33ൽ ആരംഭിച്ച് 27.18 പോയിന്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 78,127.07 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്..
ചൊവ്വാഴ്ച വ്യാപാരം ദുർബലമായ നിലയിലാണ് അവസാനിച്ചത്. നിഫ്റ്റി 112.10 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞു, സെൻസെക്സ് 388 പോയിന്റ് ഇടിഞ്ഞു. അസംസ്കൃത എണ്ണവിലയിലെ കുത്തനെയുള്ള വർധന രണ്ട് സൂചികകളെയും താഴെയിറക്കി.
യുഎസ് - ഇറാൻ സമാധാന കരാറിൽ അനിശ്ചിതത്വം തുടരുന്നതിനാലും, ഹോർമുസിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതിനാൽ വിതരണ തടസമുണ്ടാവുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലും ഇന്ന് ക്രൂഡ് വില ഉയർന്നു. തുടർച്ചയായ ആറാം ദിവസമാണ് വില ഉയരുന്നത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസും ഇറാനും സമാധാന കരാറിന് അടുത്തെത്തിയതായി പശ്ചിമേഷ്യൻ യുദ്ധത്തിന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹോർമുസിലൂടെയുള്ള പുതിയ പാതയുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്.










0 comments