ബാങ്കിംഗ് ഓഹരികളുടെ കരുത്തിൽ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും പച്ചതൊട്ടു

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച മികച്ച നേട്ടം രേഖപ്പെടുത്തി. ശക്തമായ ജൂൺ പാദ ബിസിനസ് അപ്‌ഡേറ്റിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ ഉണ്ടായ വൻ മുന്നേറ്റമാണ് പ്രധാന സൂചികകൾക്ക് കരുത്തായത്. ഇതിനൊപ്പം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും പശ്ചിമേഷ്യയിലെ യുദ്ധസംഘർഷങ്ങൾക്ക് നേരിയ അയവ് വന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 521.16 പോയിന്റ് ഉയർന്ന് 78,285.07 എന്ന നിലയിലും, നിഫ്റ്റി 159.50 പോയിന്റ് നേട്ടത്തോടെ 24,430.35 എന്ന നിരക്കിലും എത്തി.
രാജ്യത്ത് കാലവർഷക്കെടുതികൾ കുറയുന്നതും വിപണിക്ക് വലിയ രീതിയിൽ തുണയായിട്ടുണ്ട്. കൂടാതെ വിദേശ നിക്ഷേപകർ വീണ്ടും വലിയ തോതിൽ നിക്ഷേപത്തിന് താല്പര്യം കാണിക്കുന്നതും വിപണിയുടെ കുതിപ്പിന് അനുകൂല ഘടകങ്ങളായി മാറി.
ബാങ്കിംഗ് ഓഹരികളാണ് വിപണിയിലെ നേട്ടത്തിന് മുന്നിൽ നിന്നത്. മികച്ച പാദഫല സൂചനകളെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 3.6 ശതമാനം ഉയർന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, ബന്ധൻ ബാങ്ക്, കരൂർ വൈശ്യാ ബാങ്ക് എന്നിവയും നേട്ടമുണ്ടാക്കി. ബിസിനസ് വളർച്ചയിൽ മന്ദഗതി രേഖപ്പെടുത്തിയതിനെത്തുടർന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകൾ വിപണിയിൽ നഷ്ടം തുടരുന്ന കാഴ്ചയാണുണ്ടായത്. ആകെ 16 സെക്ടറൽ സൂചികകളിൽ 14 എണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ പുതിയ പാദഫലങ്ങൾ പുറത്തുവരാനിരിക്കെ ഐടി ഓഹരികൾ നേരിയ ഇടിവ് നേരിട്ടു.











0 comments