ad
Deshabhimani

print edition ഓഹരിവിപണി : ആഴ്ചയുടെ അവസാന ദിവസം നേട്ടം

Stock market
വെബ് ഡെസ്ക്

Published on Mar 21, 2026, 12:34 AM | 2 min read

കൊച്ചി: ഓഹരിവിപണി കനത്ത നഷ്ടത്തില്‍നിന്ന്‌ കരകയറി. ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ സെന്‍സെക്സ് 0.44 ശതമാനവും നിഫ്റ്റി 0.49 ശതമാനവും ലാഭം രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘർഷം ഉടന്‍ അവസാനിക്കുമെന്ന ശുഭാപ്തിവിശ്വാസവും പൊതുമേഖലാ ബാങ്ക്, ഐടി ഓഹരികളുടെ മികച്ച പ്രകടനവുമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്.സെന്‍സെക്സ് 352.14 പോയിന്റ് നേട്ടത്തില്‍ 74,559.38ലും നിഫ്റ്റി 108 പോയിന്റ് നേട്ടത്തില്‍ 23,110.15ലുമാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 75,286.39ലേക്കും നിഫ്റ്റി 23,345.15ലേക്കും ഉയര്‍ന്നു. ഒടുവില്‍ സെന്‍സെക്സ് 325.72 പോയിന്റ് ഉയര്‍ന്ന് 74,532.96ലും നിഫ്റ്റി 112.35 പോയിന്റ് നേട്ടത്തില്‍ 23,114.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


ബിഎസ്ഇ ഐടി സൂചിക 2.08 ശതമാനവും പൊതുമേഖലാ ബാങ്ക് 2.19 ശതമാനവും മെറ്റല്‍ 1.41 ശതമാനവും ഹെല്‍ത്ത്കെയര്‍ 1.45 ശതമാനവും ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍ ഓഹരി 3.23 ശതമാനവും ടെക് മഹീന്ദ്ര 3.01 ശതമാനവും ഇന്‍ഫോസിസ് 2.78 ശതമാനവും റിലയന്‍സ് 2.11 ശതമാനവും നേട്ടം കൈവരിച്ചു. എൻടിപിസി (1.89), സണ്‍ഫാര്‍മ (1.88), ടിസിഎസ് (1.44), എസ്ബിഐ (0.90) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ചില പ്രധാന ഓഹരികള്‍.


​യുഎസ് ഡോളറിനെതിരെ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ച നേരിട്ടു. ഇന്റര്‍ബാങ്ക് ഫോറെക്സ് വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിരക്കായ 93.71ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രീമിയം പെട്രോള്‍ വില 2.35 രൂപ വരെയും വ്യാവസായിക ഉപയോക്താക്കൾക്കുള്ള ബൾക്ക് ഡീസലിന്റെ നിരക്ക് 22 രൂപയും വർധിപ്പിച്ചതിന്റെ ആഘാതം വരുംദിവസം വിപണിയില്‍ പ്രതിഫലിക്കുമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.​


എച്ച്ഡിഎഫ്സി ബാങ്കിന് വീണ്ടും നഷ്ടം


​രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിവിപണിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും തിരിച്ചടി നേരിട്ടു. ബിഎസ്ഇയില്‍ ഓഹരി 2.41 ശതമാനമാണ് ഇടിഞ്ഞത്. ഓഹരിവില 780.45ലേക്ക് താഴ്ന്നു.


ബാങ്കിന്റെ പാര്‍ട്ട്‌ടൈം ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തിയുടെ അപ്രതീക്ഷിത രാജിയാണ് ഓഹരിവിപണിയിലെ തകര്‍ച്ചയ്ക്ക് കാരണം. ബാങ്കില്‍ തന്റെ മനഃസാക്ഷിക്കും ധാര്‍മികതയ്ക്കും നിരക്കാത്ത പലതും നടക്കുന്നുവെന്ന് വ്യക്തമാക്കി അതാനു രാജിവച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച ഓഹരിവില 5.13 ശതമാനം ഇടിവ് നേരിട്ടിരുന്നു. രണ്ടുവര്‍ഷമായി ബാങ്കിനുള്ളിൽ പൊരുത്തപ്പെടാനാകാത്ത ചില സംഭവങ്ങള്‍ നടക്കുന്നുവെന്ന ചെയര്‍മാന്റെ രാജിക്കത്തിലെ പരാമര്‍ശം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കടുത്ത ആശങ്കയാണ് നിക്ഷേപകരില്‍ സൃഷ്ടിച്ചത്.


അതാനുവിന്റെ രാജിയെത്തുടർന്ന് ഇടക്കാല ചെയർമാനായി നിയമിതനായ കേകി മിസ്ട്രി ബാങ്കില്‍ ഭരണപരമായ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങള്‍ സുസ്ഥിരമായി തുടരുന്നുവെന്നും പറഞ്ഞെങ്കിലും വിപണി അത് വിശ്വാസത്തിലെടുത്തിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home