വിദേശ നിക്ഷേപകർ തിരിച്ചെത്തി; പച്ചതൊട്ട് ഓഹരി വിപണി

മുംബൈ : ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ഒമ്പത് വർഷത്തിന് ശേഷം നേരിട്ട നഷ്ടം, അവധിക്കുശേഷം തിരിച്ചു പിടിച്ച് ഇന്ത്യൻ ഓഹരി വിപണി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും മികച്ച രണ്ടാം പാദ സാമ്പത്തിക ഫലങ്ങളും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവുമാണ് ഇന്ന് ആഭ്യന്തര സൂചികകൾക്ക് കരുത്തായത്.
ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 772.75 പോയിന്റ് അഥവാ 0.95 ശതമാനം നേട്ടത്തിൽ 81,879.40 എന്ന നിലയിലും, നിഫ്റ്റി 210.40 പോയിന്റ് അഥവാ 0.84 ശതമാനം മുന്നേറി 25,255.05 എന്ന നിലവാരത്തിലുമെത്തി.
ബുധനാഴ്ച വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കി. സെൻസെക്സ് കമ്പനികളിൽ ഇന്റർഗ്ലോബ് ഏവിയേഷൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എറ്റേണൽ, എച്ച്‌ഡിഎഫ്സി ബാങ്ക്, പവർ ഗ്രിഡ്, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടിസിഎസ്, ഇൻഫി, സൺഫാർമ, ടൈറ്റൻ എന്നിവ ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റിയിൽ മഹീന്ദ്ര, ഇൻഡിഗോ, ട്രെന്റ്, ടാറ്റാ സ്റ്റീൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ എന്നിവ നഷ്ടത്തിലാണ്.
വിപണിയിലെ മുന്നേറ്റത്തിന് പ്രധാന പിന്തുണയായത് വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) ഓഹരി വാങ്ങലാണ്. തിങ്കളാഴ്ച മാത്രം 7,212.22 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. നവംബറിൽ ഇതുവരെ ഏകദേശം 53,170 കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ ഓഹരി വിപണിയിലെത്തിയിട്ടുണ്ട്. ഒക്ടോബറിൽ തുടർച്ചയായി ഓഹരികൾ വിറ്റഴിച്ച വിദേശ നിക്ഷേപകർ നവംബറിൽ വീണ്ടും വിപണിയിലേക്ക് മടങ്ങിയെത്തിയത് നിക്ഷേപകരുടെ വികാരം മെച്ചപ്പെടുത്തി.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 92.44 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കുറവ് പണപ്പെരുപ്പ സമ്മർദം കുറയ്ക്കാനും വിദേശനാണ്യ ചെലവ് നിയന്ത്രിക്കാനും സഹായിക്കും. എന്നിരുന്നാലും, പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവുണ്ടാകാത്തതിനാൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയാൻ സാധ്യതയില്ലെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഒട്ടുമിക്ക കമ്പനികളുടെയും രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ മികച്ചതായതും വിപണിയിലെ മുന്നേറ്റത്തിന് പിന്തുണയായി. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ, ടെലികോം, മൂലധന ഉൽപ്പന്നങ്ങൾ, വാഹന നിർമാണം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ കൂടുതൽ വാങ്ങൽ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ഇത്തവണ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു. ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് മുഹൂർത്ത വ്യാപാരത്തിൽ വിപണി നഷ്ടം രേഖപ്പെടുത്തിയത്.








0 comments