സഹകരണ വാരാഘോഷ പരിപാടി ഉപേക്ഷിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം

തിരുവനന്തപുരം: ദേശീയ സഹകരണ വാരാഘോഷ പരിപാടി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സഹകരണ മേഖലയെ തകര്‍ക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
1905 ലാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 1970 മുതല്‍ ദേശീയ സഹകരണ വാരാഘോഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 മുതല്‍ ആചരിച്ചുവരികയാണ്. പരസ്‌പര സഹകരമാണ് സഹകരണ പ്രസ്ഥാനം രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം. സംഘപരിവാര്‍ പരസ്‌പരം സഹകരിക്കാനല്ല ഭിന്നിപ്പിക്കാനും കലഹിക്കാനുമാണ് ആഹ്വാനം നല്‍കുന്നത്.
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നിയമങ്ങളും നയങ്ങളുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഭരണഘടന അനുസരിച്ച് പൂര്‍ണമായ സംസ്ഥാന വിഷയമായ സഹകരണം കേന്ദ്ര സര്‍ക്കാര്‍ കയ്യടക്കി പുതുതായി സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അമിത്‌ഷായെ സഹകരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്‌തു. തുടര്‍ന്നാണ് സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചത്. ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിക്ഷേപിച്ച പണംപോലും നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കുന്നില്ല. പരിശോധനയ്‌ക്കും ഓഡിറ്റിംഗിനുമായി യാതൊരു സംവിധാനവുമില്ല.
സ്വാതന്ത്ര സമരത്തില്‍ ഒരുപങ്കും വഹിക്കാത്ത ആര്‍എസ്‌എസ് നയിക്കുന്ന ബിജെപി സ്വാതന്ത്ര സമരസേനാനികളുടെ സ്‌മരണീയ ദിനങ്ങളും അവരുടെ പേരിലറിയപ്പെടുന്ന പദ്ധതികളും ഉപേക്ഷിച്ചുവരികയാണ്. അതിന്റെ ഭാഗമാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ത്തത്. മഹാത്മാ ഗാന്ധിയുടെ പേരുപോലും ഗാന്ധി ഘാതകര്‍ക്ക് ഭയമാണ്.
കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. രാജ്യത്താകെയുള്ള സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 70 ശതമാനവും കേരളത്തിലെ ബാങ്കുകളിലാണ്. അത്തരം സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാതിരിക്കുന്നതിലൂടെ, ബിജെപിക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഒന്നുകൂടി വ്യക്തമാക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സഹകാരികളും ജനങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.







0 comments