Deshabhimani

യുഡിഎഫ് 114 മെഗാവാട്ട്, എൽഡിഎഫ് 3868 മെഗാവാട്ട്; മുഖ്യമന്ത്രിയുടെ നുണയ്ക്ക് കണക്ക് സഹിതം മറുപടി

Electricity V D Satheesan
വെബ് ഡെസ്ക്

Published on Nov 11, 2026, 06:09 PM | 5 min read

സംസ്ഥാനത്ത് വൈ​ദ്യുതിലഭ്യത ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാർ ശ്രദ്ധേയമായ ഇടപെടലാണ് കഴിഞ്ഞ 10 വർഷക്കാലം നടത്തിയത്. മുൻപ് യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതികളും എൽഡിഎഫ് യാഥാർത്ഥ്യമാക്കിയിരുന്നു. എന്നാൽ ഈ വസ്തുത മറച്ചുവെച്ച് കഴിഞ്ഞ പത്തു വർഷത്തിൽ ഒരു യൂണിറ്റ് വൈദ്യുതിപോലും കേരളത്തിൽ ഉണ്ടാക്കിയില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ തുടർച്ചയായി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നുണപ്രചാരണത്തെ കണക്ക് സഹിതം തുറന്നുകാട്ടുകയാണ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ വൈസ് പ്രസിഡന്റ്‌ എം ജി സുരേഷ് കുമാർ.


കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജലവൈദ്യുതപദ്ധതികളിലൂടെ മാത്രം കേരളം ഗ്രിഡിൽ കൂട്ടിച്ചേർത്തത് 179.65 മെഗാവാട്ട് വൈദ്യുതി കൂട്ടിച്ചേർത്തെന്ന് സുരേഷ് കുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 2388 മെഗാവാട്ട് സോളാർ വൈദ്യുതിയും 2016-26 കാലത്ത് കൂട്ടിച്ചേർത്തു. ഇതിൽ 2200 മെഗാവാട്ട് പുരപ്പുറ സോളാർ ആണ്. എൽഡിഎഫ് കാലത്ത് ഗ്രിഡിൽ കൂട്ടിച്ചേർത്ത ആകെ ശേഷി ( ജല നിലയങ്ങൾ 179.65മെഗാവാട്ട്, കാറ്റാടി നിലയങ്ങൾ 70 മെഗാവാട്ട്, സോളാർ 2388 മെഗാവാട്ട് എന്നിവയെല്ലാം അടക്കം) ആകെ ഉണ്ടാക്കിയത് 2638 മെഗാവാട്ടാണ്. എന്നാൽ യുഡിഎഫ് ഭരിച്ച പതിനഞ്ചുകൊല്ലത്തെ സംഭാവന 1991-96ൽ 17 മെഗാവാട്ട്, 2001-06ൽ 28 മെഗാവാട്ട്, 2011-16ൽ 69 മെഗാവാട്ട് എന്നിങ്ങനെ ആകെ 114 മെഗാവാട്ട് മാത്രമായിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.


എം ജി സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ പത്രസമ്മേളനം ശ്രദ്ധിച്ചു. പറഞ്ഞതിൽ ഒട്ടുമുക്കാലും വസ്തുതാവിരുദ്ധമായതിനാൽ അതേക്കുറിച്ച് അധികമൊന്നും പറയാനില്ല.


സംസ്ഥാനത്ത് ഡാറ്റാ സെന്ററുകൾ വരുന്നു, വലിയ വികസനം വരുന്നു, അതിനാൽ വൈദ്യുതി ധാരാളം വേണ്ടേ? ഇതാണ് ശ്രീ വി.ഡി. സതീശന്റെ ഒന്നാമത്തെ ചോദ്യം? അതിന് ഇടതുപക്ഷ മുന്നണി എന്തു ചെയ്തു. കഴിഞ്ഞ പത്തു വർഷത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉണ്ടാക്കിയോ? ഇത് അദ്ദേഹത്തിന്റെ ഇന്നത്തെ ചോദ്യമല്ല, എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടേ ഇരിക്കുന്നതാണ്. അങ്ങിനെയല്ലല്ലോ എന്ന് പത്രപ്രവർത്തകർ ചൂണ്ടിക്കാട്ടുമ്പോൾ അദ്ദേഹം പറയുന്നു, അതെല്ലാം ജനങ്ങൾ പുരപ്പുറത്തു വെച്ച സോളാറല്ലേ എന്ന്.


കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിൽ സംസ്ഥാനത്ത് പുരപ്പുറ സോളാർ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് സത്യമാണോ?


കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ജലവൈദ്യുതപദ്ധതികളിലൂടെ മാത്രം കേരളം ഗ്രിഡിൽ കൂട്ടിച്ചേർത്തത് 179.65 മെഗാവാട്ട് വൈദ്യുതിയാണ്. തോട്ടിയാർ, പള്ളിവാസൽ എക്സ്റ്റൻഷൻ തുടങ്ങി 2006-11 സർക്കാർ കാലത്ത് ആരംഭിച്ച് 2011 വരെ നല്ല നിലയിൽ പുരോഗമിച്ച് അതിനു ശേഷം മുടങ്ങിപ്പോയ പദ്ധതികൾ വരെ അതിൽപ്പെടും. 179.65 മെഗാവാട്ട് വളരെ വലിയതൊന്നുമല്ല. എന്നാൽ യു.ഡി.എഫ്. ഭരിച്ച 2011-16 കാലത്ത് എത്ര മെഗാവാട്ടാണ് ജല വൈദ്യുതി നിലയങ്ങളിൽ നിന്ന് അവർ കൂട്ടിച്ചേർത്തത്? 33.75 മെഗാവാട്ട് മാത്രം.


2011-16 കാലത്ത് സോളാർ എന്ന് പറഞ്ഞാൽ കേൾക്കുന്നവർ അറയ്ക്കുമായിരുന്നു. കൊച്ചി വിമാനത്താവളം ഉത്പാദിപ്പിച്ച 13 മെഗാവാട്ട് അല്ലാതെ എന്തെങ്കിലും സംഭാവന അക്കാലത്തുണ്ടായോ?


2016-26 കാലത്ത് കേരളത്തിൽ 2388 മെഗാവാട്ട് സോളാർ വൈദ്യുതിയാണ് കൂട്ടിച്ചേർത്തത്. ഇതിൽ 2200 മെഗാവാട്ട് പുരപ്പുറ സോളാർ ആണ്. അങ്ങിനെയല്ല എന്നാരും പറഞ്ഞിട്ടില്ല. പക്ഷേ കാസർക്കോട് സോളാർ പാർക്കടക്കം 188 മെഗാവാട്ട് പുരപ്പുറ സോളാർ അല്ലാത്തതും ഇതിൽപ്പെടും.


2011-16 കാലത്ത് ഫിലിപ്പ് കാർബൻ കോക്ക് കോ ജനറേഷൻ എന്ന നിലയിൽ 10 മെഗാവാട്ട് നിലയം ഉണ്ടാക്കിയതും അഹാലിയ എന്ന സ്വകാര്യ ഉത്പാദകൻ പാലക്കാട് കഞ്ചിക്കോട് ഭാഗത്ത് വെച്ച് 8.4 മെഗാവാട്ട് കാറ്റാടി നിലയങ്ങളും അട്ടപ്പാടി ഭാഗത്ത് വെച്ച് 3.2 മെഗാവാട്ടും കൂടി യു.ഡി.എഫിന്റെ കണക്കിൽ ഉൾപ്പെടുത്തിയാലും ആകെ ഉണ്ടാക്കിയത് 68-69 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. എന്നിട്ടാണ് അതിന്റെ മൂന്നിരട്ടി ജലവൈദ്യുതി നിലയങ്ങൾ മാത്രം കമ്മീഷൻ ചെയ്ത എൽഡിഎഫ് കാലത്ത് ഒന്നും ചെയ്തില്ലാ എന്ന് മുറവിളി കൂട്ടുന്നത്.


എൽഡിഎഫ് കാലത്ത് ഗ്രിഡിൽ കൂട്ടിച്ചേർത്ത ആകെ ശേഷി ( ജല നിലയങ്ങൾ 179.65മെഗാവാട്ട്, കാറ്റാടി നിലയങ്ങൾ 70 മെഗാവാട്ട്, സോളാർ 2388 മെഗാവാട്ട് എന്നിവയെല്ലാം അടക്കം) ആകെ ഉണ്ടാക്കിയത് 2638 മെഗാവാട്ടാണ്. അതിൽ പുരപ്പുറ സോളാർ 2200 മെഗാവാട്ട് മാറ്റിയാലും 438 മെഗാവാട്ടുണ്ട്.


1991 മുതൽ 2026 വരെയുള്ള 35 കൊല്ലം മുഴുവൻ എടുത്താൽ അതിൽ യു.ഡി.എഫ്. ഭരിച്ചത് 15 കൊല്ലം, എൽ.ഡി.എഫ്. ഭരിച്ചത് 20 കൊല്ലം.

യു.ഡി.എഫിന്റെ പതിനഞ്ചുകൊല്ലത്തെ സംഭാവന എത്രയായിരുന്നു. 1991-96 ലെ 17 മെഗാവാട്ട്, 2001-06 കാലത്തെ 28 മെഗാവാട്ട്, 2011-16 കാലത്തെ 69 മെഗാവാട്ട്. ആകെ കൂട്ടിയാൽ 114 മെഗാവാട്ട്.


എൽ.ഡി.എഫ്. കാലത്തോ? 1996-2001 കാലത്തെ 1088, 2006-11 കാലത്ത് 142 മെഗാവാട്ട്, 2016-26 കാലത്തെ 2638 മെഗാവാട്ട്. ആകെ 3868 മെഗാവാട്ട്. ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും സതീശൻ ചോദിക്കുകയാണ് എൽഡിഎഫ് എന്തു ചെയ്തു എന്ന്.


അടുത്തതായി സതീശൻ പറയുന്നത് 465 മെഗാവാട്ട് കരാർ വെച്ചതാണ്. റഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ 2015ൽ വെച്ച് 765 മെഗാവാട്ട് ദീർഘകാലക്കരാറിൽ 465 മെഗാവാട്ട് 2023ൽ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കി. അതുകൊണ്ട് സംസ്ഥാനം പ്രതിസന്ധിയിലായി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. എന്നാൽ 2016-26 കാലത്ത് എൽ.ഡി.എഫ് വെച്ച് 2122 മെഗാവാട്ടിന്റെ ദീർഘകാലക്കരാർ അദ്ദേഹം കാണുന്നേയില്ല.


ഏതായാലും പട്ടിക ഇവിടെ കിടക്കട്ടെ.

1. 31-03-2017: 50 MW: Solr: IREDA: @3.83/unit

2. 11-05-2018: 92 MW: Solar: NTPC: @2.94/unit

3. 16-01-2019: 50 MW: Solar: THDCIL: @3.10/unit

4. 12-12-2019: 200 MW: Wind: SECI: 2.83/unit

5. 05-02-2021: 90 MW: Solar: NTPC: @2.77/unit

6. 23-03-2021: 110 MW: Solar: Tata: @2.44/unit

7. 20-09-2021: 300 MW: Solar: SECI: @2.44/unit

8. 20-07-2022: 400 MW: Coal: NLC: CERC tariff

9. 10-07-2024: 50 MW: Solar: NHPC: @3.04/unit

10. 12-09-2024: 500 MW: Solar+BESS: SECI: @3.49/unit

11. 26-02-2026: 80 MW: Coal: DVC: CERC Tariff

12. 13-03-2026: 200 MW: Solar+BESS: @2.93) unit

Total 2,122 MW


ഇതൊക്കെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകാരം തന്ന് വെച്ചതാണ്. അവരുടെ വെബ്സൈറ്റിൽ ഇതിന്റെയെല്ലാം ഉത്തരവുണ്ട്. ആർക്കും നോക്കാവുന്നതാണ്.


2015-16ൽ കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഡിമാന്റ് അതായത് പീക്ക് ഡിമാന്റ് 3600 മെഗാവാട്ടായിരുന്നു. പക്ഷേ അന്ന് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ആയിരുന്നു. 2025-26ൽ ഇത് 6000 മെഗാവാട്ടായി, പക്ഷേ പവർക്കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാതെ വൈദ്യുതി കിട്ടി. അത് യു.ഡി.എഫിന്റെ 465 കരാർ കൊണ്ടല്ല. എൽ.ഡി.എഫ്. കാലത്തെ മെച്ചപ്പെട്ട ഊർജ്ജാസൂത്രണം കൊണ്ടാണ്.

പക്ഷേ ഈ കണക്കൊന്നും മുഖ്യമന്തിക്ക് ബാധകമല്ല. ഒരു കണ്ണച്ച് തഗ്ഗടിച്ചാൽപ്പിന്നെ എന്തു കണക്ക്?


ബാറ്ററി സ്റ്റോറേജ് ഉണ്ടാക്കിയോ എന്നാണ് സതീശന്റെ മറ്റൊരു ചോദ്യം? കർണ്ണാടക, 5000 മെഗാവാട്ട്, മറ്റു പല സംസ്ഥാനങ്ങളും അയ്യായിരം, പതിനായിരം മെഗാവാട്ടൊക്കെ ബാറ്റരീ സ്റ്റോറേജ് ഉണ്ടാക്കിയിട്ടും കേരളം എന്തു ചെയ്തു എന്നാണ് സതീശന്റെ ചോദ്യം.


ഇനി ആർക്കും ഗൂഗിൾ ചെയ്തു നോക്കിയാൽ കിട്ടുന്ന കുറച്ച് കണക്കുകൾ പറയട്ടെ.


രാജ്യത്ത് കാര്യമായി ബാറ്ററി സ്റ്റോറേജ് പദ്ധതികൾ ആരംഭിക്കുന്നത് 2024ൽ ആണ്. 2024ൽ ആകെ വന്ന ബാറ്ററി സ്റ്റോറേജ് 440 മെഗാവാട്ടാണ്. 2025ൽ കമ്മീഷൻ ചെയ്ത ബാറ്ററി സ്റ്റോറേജ് 550 മെഗാവാട്ട്. 2026ൽ നല്ലൊരു വർദ്ധനവുണ്ടായിട്ടുണ്ട്. 2026 സെപ്റ്റംബർ വരെ ഈ വർഷം ആകെ കൂട്ടിച്ചേർത്തത് 13500 മെഗാവാട്ടാണ്. അപ്പോൾ കർണ്നാടകയിലെ 5000, മറ്റു സംസ്ഥാനങ്ങളിലെ 5000, 10000 എന്നിവയൊക്കെ എവിടെയാണ്? ഇന്ത്യയിൽത്തന്നെയാണോ? അല്ലെങ്കിൽ വൈദ്യുതി മന്ത്രി പറഞ്ഞ5 കോടി എ.സി. വാങ്ങിയ കണക്കുപോലെ എന്തെങ്കിലും മുഖ്യമന്ത്രിക്ക് ആരോ എഴുതിക്കൊടുത്തോ?


ഇനി കർണ്ണാടകയിലെ സ്ഥിതി എന്താണ്? അവിടെ കർണ്ണാടക പവർ ട്രാൻസ്മിഷൻ കമ്പനി 500 മെഗാവാട്ടിന്റെ ഒരു ബാറ്ററി സ്റ്റോറേജ് പണി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ 2100 മെഗാവാട്ട് അവർ പദ്ധതികൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്. അല്ലാതെ അവിടെ 5000 മെഗാവാട്ട് ബാറ്ററിയൊന്നും ഇതുവരെ വെച്ചിട്ടില്ല. എന്തിനാണ് നമ്മുടെ മുഖ്യമന്ത്രി ഇങ്ങിനെ നട്ടാൽ കുരുക്കാത്ത നുണ, സോറി, വസ്തുതാവിരുദ്ധ കാര്യങ്ങൾ പറയുന്നത്?


കേരളത്തിൽ 2025 ജൂലൈയിൽ ടെണ്ടർ ചെയ്ത് പണി ആരംഭിച്ച 250മെഗാവാട്ട്/ 1000 മെഗാവാട്ട് അവർ പദ്ധതികൾ പൂർത്തിയായി വരുകയാണ്. ഇപ്പോൾ 125 മെഗാവാട്ട് കമ്മീഷൻ ചെയ്തു കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഏകദേശം 1000 മെഗാവാട്ട് /4000 മെഗാവാട്ട് അവർ പദ്ധതികളുടെ നടപടികൾ നടന്നുവരുമ്പോഴാണ് തെരെഞ്ഞെടുപ്പ് വന്നതും യു.ഡി.എഫ്. അധികാരത്തിൽ വന്നതും. നടന്നുവരുന്ന പദ്ധതികൾ വളരെ മന്ദഗതിയിലായി എന്നതാണ് യു.ഡി.എഫ്. ഭരണത്തിൽ വന്ന് ഇപ്പോൾ ആറു മാസം ആകുമ്പോഴുള്ള അവസ്ഥ. അത് പരിഹരിച്ച് കാര്യങ്ങൾ നടത്തുന്നതിന് പകരം പഴയ സർക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപെടാമെന്ന് ആരാണ് മുഖ്യമന്ത്രി സതീശനെ ഉപദേശിക്കുന്നത്?


കേരളം ടെണ്ടർ ചെയ്യാൻ 2025 വരെ എന്തിന് കാത്തിരുന്നു എന്ന് ചിലർക്ക് സംശയം തോന്നാം. ബാറ്ററി സ്റ്റോറേജ് ചെലവുള്ള ഏർപ്പാടാണ്. ഒരു യൂണിറ്റ് വൈദ്യുതി സ്റ്റോർ ചെയ്യാൻ ഏകദേശം 11-12 രൂപ ചെലവു വന്നിരുന്നു. 2024 അവസാനം കേന്ദ്രസർക്കാർ 40% മൂലധന സബ്സിഡി പ്രഖ്യാപിച്ചതിനാലും ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെട്ടതിനാലും ഇപ്പോൾ അത് ആറു രൂപയോളമായി കുറഞ്ഞിട്ടുണ്ട്. ഈ കുറവ് വരുന്നതിന് മുമ്പ് ബാറ്ററി സംസ്ഥാനത്തിന് ഗുണകരമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റെടുത്തുമില്ല. ചെലവ് കുറഞ്ഞപ്പോൾ ഏറ്റെടുത്തു അത്രമാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home