Deshabhimani

മിസ് യൂണിവേഴ്സ് മത്സരത്തിൽനിന്ന് 15 രാജ്യങ്ങൾ പുറത്ത്

MISS UNIVERSE AUSTRIA BULGARIA

ഓസ്ട്രിയയുടെ വിക്ടോറിയ അമേഴ്സൺ, ബൾഗേറിയയുടെ അന മരിയ

വെബ് ഡെസ്ക്

Published on Nov 11, 2026, 06:10 PM | 2 min read

സാൻ ഹുവാൻ: മിസ് യൂണിവേഴ്സ് മത്സരത്തിൽ തുടക്കത്തിൽതന്നെ വിവാദങ്ങൾ. മത്സരത്തിൽനിന്ന് 15 രാജ്യങ്ങൾ പിന്മാറി. വിസ പ്രശ്നങ്ങൾ, ഫ്രാഞ്ചൈസി അവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ എന്നിവയാണ് പിന്മാറ്റത്തിന് പിന്നിൽ. ഇതിൽ ആറ് ഏഷ്യൻ രാജ്യങ്ങൾക്ക് പങ്കെടുക്കാൻ അനുമതി നിഷേധിച്ചു. നവംബർ 24ന് പ്യൂർട്ടോറിക്കോയിൽ ഫൈനൽ നടക്കാനിരിക്കെയാണ് രാജ്യങ്ങളുടെ പിന്മാറ്റം.


മിസ് യൂണിവേഴ്സിന്റെ 75-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പ്യൂർട്ടോറിക്കോയിൽ എത്തിത്തുടങ്ങിയെങ്കിലും പലർക്കും മത്സരവേദിയിലെത്താനായില്ല. തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ലാവോസ്, സിംഗപ്പുർ, മലേഷ്യ എന്നീ രാജ്യങ്ങളെയാണ് സംഘാടകർ മത്സരത്തിൽനിന്ന് ഒഴിവാക്കിയത്.


മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ദേശീയതല നടത്തിപ്പിനുള്ള ഫ്രാഞ്ചൈസി അവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് വിലക്കിന് കാരണം. ഈ രാജ്യങ്ങളിൽ മത്സരാർഥികളെ തിരഞ്ഞെടുക്കാൻ അനുമതി നൽകിയ സ്ഥാപനത്തിന് നിയമപരമായ അധികാരമില്ലെന്നാണ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ നിലപാട്. എന്നാൽ കരാർപ്രകാരം തങ്ങൾക്ക് അതിനുള്ള അധികാരമുണ്ടെന്ന് മറുവിഭാഗവും വാദിക്കുന്നു. തർക്കം പരിഹരിക്കപ്പെടാത്തതോടെ ആറു രാജ്യങ്ങളിലെയും മത്സരാർഥികൾക്ക് അവസരം നഷ്ടമായി. ഇവർക്ക് സ്വന്തം രാജ്യങ്ങളിൽ നേടിയ സൗന്ദര്യപ്പട്ടങ്ങൾ നിലനിർത്താം.


വിസ പ്രശ്നങ്ങളാണ് മറ്റു ചില രാജ്യങ്ങൾക്ക് തിരിച്ചടിയായത്. നേപ്പാൾ, അംഗോള, സാംബിയ, സിംബാബ്‌വെ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലെ മത്സരാർഥികൾക്ക് യുഎസ് വിസ ലഭിക്കുന്നതിലെ തടസ്സങ്ങളോ യാത്രാനിയന്ത്രണങ്ങളോ കാരണം മത്സരത്തിൽ പങ്കെടുക്കാനായില്ലെന്നാണ് റിപ്പോർട്ട്.


ഇതിനിടെ ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി ചില മത്സരാർഥികളും പിന്മാറി. ഓസ്ട്രിയയുടെ വിക്ടോറിയ അമേഴ്സൺ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് മത്സരത്തിൽനിന്ന് പിന്മാറുന്നതെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കിരീടവും പട്ടവും ഇല്ലെങ്കിലും സ്വന്തം കഴിവിലും കരുത്തിലും വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.



ബൾഗേറിയയുടെ അന മരിയ വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് പിന്മാറിയത്. മത്സരാർഥിയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണനയെന്ന് ബൾഗേറിയയിലെ സംഘാടകർ അറിയിച്ചു. സെന്റ് മാർട്ടിന്റെ മാഡ്‌ലി മരിയൻ വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽനിന്ന് വിട്ടുനിന്നു. മാലദ്വീപിന്റെ അമിനത്ത് യുയിൻ മുഹമ്മദും മൊറോക്കോയുടെ സാറ അല്ലാലിയും പിന്മാറിയെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.



മത്സരത്തിനായി മാസങ്ങളോളം തയ്യാറെടുത്തിട്ടും പങ്കെടുക്കാൻ കഴിയാത്തതിൽ ചില രാജ്യങ്ങളിലെ മത്സരാർഥികൾ നിരാശ പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ഫ്രാഞ്ചൈസി തർക്കത്തിൽ തങ്ങൾക്ക് പങ്കില്ലാതിരുന്നിട്ടും അവസരം നഷ്ടമായതാണ് പ്രതിഷേധത്തിന് കാരണമായത്.


വിവാദങ്ങൾക്കിടയിലും പ്യൂർട്ടോറിക്കോയിൽ മത്സരം തുടരുകയാണ്. നവംബർ 21ന് ദേശീയ വസ്ത്രധാരണ മത്സരവും 22ന് പ്രാഥമിക മത്സരങ്ങളും നടക്കും. 24ന് സാൻ ഹുവാനിലെ ഹോസെ മിഗ്വേൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് ഫൈനൽ. നിലവിലെ മിസ് യൂണിവേഴ്സ് മെക്സിക്കോയുടെ ഫാത്തിമ ബോഷ് പുതിയ ലോകസുന്ദരിക്ക് കിരീടം കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home