ചേരാനല്ലൂർ വാഹനക്കുരുതി; അഡീ. ജഡ്ജി നാളെ മുതൽ കോടതിയിലെത്തും, പരിഗണിക്കുന്നത് വാഹനാപകടക്കേസുകൾ

അപകടമുണ്ടാക്കിയ കാർ, മരിച്ച ജയബാലകൃഷ്ണൻ
കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും കാറുടമയുമയ അഡീ. ജില്ലാ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. ഇതുസംബന്ധിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിറങ്ങി. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. കേസിൽ ജഡ്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടമുണ്ടായതിനു പിന്നാലെ ജഡ്ജി നിലവിൽ കോടതിയിൽ ഹാജരാകുന്നുണ്ടായിരുന്നില്ല.
ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്. സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി പൊലീസ് സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു. ഇയാൾക്കൊപ്പമുണ്ടായ സുഹൃത്ത് പൊലീസ് സഹായത്തോടെ ജയബാലകൃഷ്‌ണന്റെ കുടുംബാംഗം പകർത്തിയ പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽനിന്ന് നീക്കി.
അപകടത്തിനുപിന്നാലെ ബെൻസ് കാറിൽനിന്ന് ജഡ്‌ഡിയുടെ ബോർഡും നീക്കം ചെയ്‌തു. പതിനേഴുകാരന്റെ ഇൻസ്‌റ്റഗ്രാം പേജ് അഡീഷണൽ ജില്ലാ ജഡ്‌ജി ഡിലീറ്റ് ചെയ്യിച്ചിരുന്നു. ജഡ്‌ജിക്ക് എതിരെ തെളിവുനശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.







0 comments