ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ഓഹരി വിപണി നഷ്ടത്തിൽ; ഒമ്പത് വർഷത്തിന് ശേഷം ആദ്യം

മുംബൈ : ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ (Muhurat Trading) ഓഹരി വിപണിക്ക് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഒമ്പത് വർഷത്തിന് ശേഷമാണ് മുഹൂർത്ത വ്യാപാരത്തിൽ വിപണി നഷ്ടം നേരിടുന്നത്. ദീപാവലി ദിവസം 70 മിനിറ്റ് മാത്രം നീണ്ട പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ, സെൻസെക്സ് 28.62 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 80,999.40 എന്ന നിലയിലും, നിഫ്റ്റി 43.95 പോയിന്റ് 0.18 ശതമാനം കുറഞ്ഞ് 24,986.40 എന്ന നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെയായിരുന്നു മുഹൂർത്ത വ്യാപാരം നടന്നത്.
2017ന് ശേഷം ആദ്യമായാണ് ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ അവസാനിക്കുന്നത്. ഒമ്പത് വർഷമായി ഹൈന്ദവ വിശ്വാസ പ്രകാരം പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്ന ഓഹരി വിപണിയുടെ പ്രത്യേക സെഷൻ നേട്ടത്തോടെയായിരുന്നു അവസാനിച്ചിരുന്നത്.
ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 250 പോയിന്റും നിഫ്റ്റി 40 പോയിന്റും നേട്ടമുണ്ടാക്കിയിരുന്നുവെങ്കിലും, പിന്നീട് കുത്തനെ ഇടിവ് നേരിടുകയായിരുന്നു. സൺ ഫാർമ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ഇൻഡിഗോ, ഇൻഫോസിസ്, വോൾട്ടാസ് തുടങ്ങിയവ നഷ്ടം നേരിട്ടു. മുഹൂർത്ത വ്യാപാരത്തിൽ ബാങ്കിംഗ്, ഐടി, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു.
എന്താണ് മുഹൂർത്ത വ്യാപാരം?
ദീപാവലി ദിനത്തിൽ നടക്കുന്ന ഹ്രസ്വകാല വ്യാപാര സെഷനാണിത്. 1957ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആണ് (ബിഎസ്ഇ) മുഹൂര്‍ത്ത ട്രേഡിങ്ങിന് തുടക്കമിട്ടത്. 1992 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) ഇത് പിന്തുടര്‍ന്നു. പുതുവർഷം ആരംഭിക്കുന്ന ദിവസമായ ദീപാവലിക്ക് നിക്ഷേപകർ സാധാരണയായി നിക്ഷേപം നടത്താറുണ്ട്. ഹിന്ദു കലണ്ടർ വർഷ പ്രകാരം പുതിയ സംവത് വർഷത്തിന്റെയും തുടക്കമാണ് ദീപാവലി.









0 comments