പശ്ചിമേഷ്യൻ സംഘര്‍ഷം, മദ്യവില കൂട്ടണമെന്ന് നിര്‍മ്മാണ കമ്പനികളുടെ സംഘടന

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന് പിന്നാലെ നേരിടേണ്ടിവന്ന വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉൽപ്പാദനച്ചെലവിലെ വർധനവും കണക്കിലെടുത്ത് മദ്യത്തിന് വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യനിർമ്മാണ രംഗത്തെ പ്രമുഖ സംഘടനകൾ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് (CIABC), ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) എന്നീ സംഘടനകളാണ് ആവശ്യവുമായി രംഗത്ത് എത്തിയത്.
ഇൻപുട്ട് ചെലവിലുണ്ടായ വർധനവ് പരിഹരിക്കുന്നതിനായി മദ്യത്തിന് 15-20 ശതമാനം വില വർധനവ് അനുവദിക്കണമെന്ന് BAI ആവശ്യപ്പെട്ടു. ഇടക്കാല ആശ്വാസമെന്ന നിലയിൽ മാനുഫാക്ചറിംഗ് ലെവിയിൽ ലിറ്ററിന് 3 മുതൽ 5 രൂപവരെ വരെ കുറവ് വരുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL), വൈൻ, ബിയർ എന്നിവയുടെ എക്സ്-ഡിസ്റ്റിലറി/വൈനറി വില (EDP/EWP) പരിഷ്കരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Related News
ഗ്ലാസ് നിർമ്മാണത്തിന് ആവശ്യമായ വാതക വിതരണത്തിൽ ഉണ്ടായ കുറവ് കാരണം കുപ്പികളുടെ വിലയിൽ 20% വരെ വർധനവുണ്ടായി. ഫിറോസാബാദിലെ ഗ്ലാസ് നിർമ്മാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പശ്ചിമേഷ്യയിൽ നിന്നുള്ള അലുമിനിയം വരവ് തടസ്സപ്പെട്ടത് ബിയർ ക്യാനുകളുടെ ലഭ്യതയെ ബാധിച്ചു. പേപ്പർ കാർട്ടണുകളുടെ വില 100% വർധിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത വസ്തുക്കളായ LDPE, BOPP എന്നിവയ്ക്ക് 20-25% വില കൂടി. ക്രൂഡ് ഓയിൽ വിലക്കയറ്റവും ഷിപ്പിംഗ് നിരക്കിലെ വർധനവും കാരണം ഗതാഗതച്ചെലവ് 10% അധികമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് ഇറക്കുമതി ചെലവും വർധിപ്പിച്ചു എന്നിങ്ങനെയാണ് കാരണങ്ങൾ വിശദീകരിക്കുന്നത്.
Related News
യുണൈറ്റഡ് ബ്രൂവറീസ്, ആബ് ഇൻബെവ് (AB InBev), കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്നതാണ് ബ്രൂവേഴ്സ് അസോസിയേഷൻ. ഇന്ത്യയിലെ ബിയർ വിൽപ്പനയുടെ 85 ശതമാനവും ഈ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. വില വർധനവിനോ നികുതി ഇളവിനോ തയ്യാറായില്ലെങ്കിൽ വരും മാസങ്ങളിൽ വിപണിയിൽ മദ്യത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ളതായും നിർമ്മാതാക്കൾ അവകാശപ്പെട്ടു.











0 comments