print edition നേരത്തേ തീർക്കണോ ഭവന വായ്പ?

ജൂഡ് ജരാദ്
Published on Feb 10, 2026, 10:53 AM | 3 min read
"കൈയിൽ അധികം പണം വന്നാൽ ആദ്യം വായ്പ അടയ്ക്കണം' മലയാളി കുടുംബങ്ങളിൽ തലമുറകളായി കേട്ടുവരുന്ന ഒരു ഉപദേശമാണിത്. ചില സാഹചര്യങ്ങളില്‍ അത് ശരിയാണ്. എന്നാൽ, "ഭവനവായ്പ' പ്രത്യേക വായ്പയുടെ കാര്യത്തിൽ ഈ ഉപദേശം എല്ലായ്‌പ്പോഴും ശരിയായ തീരുമാനത്തിലേക്ക് നയിക്കുമോയെന്ന് ശാന്തമായി ആലോചിക്കേണ്ടതുണ്ട്.
ഭവനവായ്പ മുൻകൂട്ടി അടയ്ക്കുന്നത് പലപ്പോഴുമൊരു വൈകാരിക തീരുമാനമാണ്. “വായ്പ ഇല്ലെങ്കിൽ മനസ്സിന് സമാധാനം” എന്ന ചിന്തയാണ് അതിനുപിന്നിൽ. എന്നാൽ, സാമ്പത്തിക തീരുമാനങ്ങളില്‍ വികാരമല്ല, ദീർഘകാല കണക്കുകൂട്ടലുകളാണ് നമ്മളെ നയിക്കേണ്ടത്.
ഏറ്റവും കുറഞ്ഞ പലിശയുള്ള വായ്പ
വ്യക്തിഗത വായ്പകളിൽ ഏറ്റവും കുറഞ്ഞ പലിശനിരക്കും ഏറ്റവും ദീർഘമായ തിരിച്ചടവ് കാലാവധിയുമുള്ളതാണ് ഭവനവായ്പ. ക്രെഡിറ്റ് കാർഡുകൾക്ക് 30 ശതമാനത്തിലധികവും മറ്റ് വ്യക്തിഗത വായ്പകൾക്ക് 12 മുതൽ 18 ശതമാനംവരെയും പലിശ ഈടാക്കുമ്പോൾ, ഭവനവായ്പപലിശ അതിനേക്കാൾ വളരെ താഴെയാണ്. സാധാരണയായി 20–30 വർഷംവരെ നീളുന്ന ഈ വായ്പ, യഥാർഥത്തിൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലകുറഞ്ഞ കടമാണ്. അതിനാലാണ് ഏറ്റവും കുറഞ്ഞ ചെലവുള്ള ഈ വായ്പ ആദ്യം അടച്ചുതീർക്കണോ എന്ന ചോദ്യം ഉയരുന്നത്. ഭവനവായ്പ മുൻകൂട്ടി അടച്ചാല്‍ കടം തീരുമെന്ന് പറയാമെങ്കിലും പിന്നെ കൈയില്‍ കാശൊന്നും ഉണ്ടായേക്കില്ല, അടച്ച പണം തിരികെക്കിട്ടില്ല എന്ന കാര്യംകൂടി പരിഗണിക്കേണ്ടതുണ്ട്. ചെലവ് കുറഞ്ഞൊരു വായ്പ നേരത്തേ അടച്ചുതീര്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്യാവശ്യത്തിന് പണം കൈയിലുണ്ടാകുന്നത്.
അനിശ്ചിതത്വങ്ങളെ നേരിടാന്‍
പണം കൈയിൽ ഉണ്ടാകുന്നത് ഒരു വലിയ സാമ്പത്തിക സുരക്ഷയാണ്. ജീവിതം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. മെഡിക്കൽ അടിയന്തരാവസ്ഥ, കുട്ടികളുടെ വിദ്യാഭ്യാസം, വിദേശപഠനം, വീട് നവീകരണം അല്ലെങ്കിൽ ഒരു ബിസിനസ് അവസരം– ഇവയൊക്കെ ഏതെങ്കിലും ഘട്ടത്തിൽ മുന്നിൽവന്നേക്കാം. ഇന്നുള്ള പൈസകൊണ്ട് ഭവനവായ്പ അടച്ചുതീർത്താൽ, നാളെ ഇത്തരം ആവശ്യങ്ങൾ വരുമ്പോള്‍ അതിനായി വീണ്ടും നിങ്ങൾ കൂടുതൽ പലിശയുള്ള വായ്പകൾ തേടേണ്ടിവരും. അതായത്, കുറഞ്ഞ പലിശയുള്ള വായ്പ അടച്ചിട്ട് ഉയർന്ന പലിശയ്ക്ക് വീണ്ടും കടം വാങ്ങുന്ന അവസ്ഥയിലേക്കാണ് നിങ്ങളുടെ ജീവിതം ചെന്നുവീഴുക.
അധികപണം എവിടെ ഉപയോഗിക്കണം?
കൈയിലുള്ള അധികപണം ഭവനവായ്പ മുൻകൂട്ടി അടയ്ക്കാന്‍മാത്രം ഉപയോഗിക്കണമെന്നില്ല. അതുകൊണ്ട് നേട്ടമുണ്ടാക്കാന്‍ വിവിധ നിക്ഷേപമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുള്ളവർക്ക്, അവരുടെ റിസ്ക് എടുക്കാനുള്ള ശേഷിയും ലക്ഷ്യകാലാവധിയും അനുസരിച്ച് നിക്ഷേപമാർഗങ്ങൾ തെരഞ്ഞെടുക്കാം. ദീർഘകാലത്ത്, ഇത്തരം നിക്ഷേപങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം പലപ്പോഴും ഭവനവായ്പപലിശയേക്കാള്‍ കൂടുതലായിരിക്കും. അങ്ങനെ, വായ്പ നിലനിൽക്കുമ്പോഴും നിങ്ങളുടെ സമ്പത്ത് വളരും. അടിയന്തരഘട്ടത്തില്‍ ഈ നിക്ഷേപം ഭാഗികമായോ പൂര്‍ണമായോ പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്യാം. അതായത് മുമ്പ് പറഞ്ഞതുപോലെ കടം വാങ്ങുന്നതില്‍നിന്നും അതുമൂലം ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളില്‍നിന്നും ഒഴിവാകാം.
ഇഎംഐ ഭാരമാകില്ല
ഇന്ന് ചിലപ്പോള്‍ ഭവനവായ്പ ഇഎംഐ ഒരു ഭാരമായി തോന്നിയേക്കാം. നാളെ അങ്ങനെയായിരിക്കില്ല. അതിന് സമയം നിങ്ങളെ സഹായിക്കും. അതായത് 2–3 വർഷത്തിനുള്ളിൽ നിങ്ങളുടെ വരുമാനം ഉയര്‍ന്നേക്കാം. ശമ്പളവർധനയും സ്ഥാനക്കയറ്റങ്ങളും പുതിയ അവസരങ്ങളും വരും. 7–8 വർഷം കഴിഞ്ഞാൽ, ഇന്ന് വലിയതായി തോന്നുന്ന ഇഎംഐ നിങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ തുകയായി മാറിയേക്കും. ഉദാഹരണത്തിന്, 2005-ൽ 20 ലക്ഷം രൂപ വലിയ തുകയായിരുന്നു. അന്ന് എടുത്ത ഒരു ഭവനവായ്പ ഇന്നും കുറച്ച് ബാക്കി ഉണ്ടാകാം. പക്ഷേ, ഇന്നത്തെ വരുമാനവും ജീവിതച്ചെലവും നോക്കുമ്പോൾ, അന്നത്തെ തുകയും ഇന്നത്തെ ബാക്കിയുമെല്ലാം അത്ര വലിയതായി തോന്നില്ല. പണത്തിന്റെ മൂല്യം കാലക്രമേണ കുറയുകയാണ് എന്നോര്‍ക്കണം. അതിനാൽ പൊതുവില്‍ ഇഎംഐ കുറയ്ക്കാനായി വലിയ തുക ഒറ്റത്തവണ അടയ്ക്കേണ്ട ആവശ്യമില്ല.
അടച്ചാലും വായ്പ കുറയുന്നില്ലേ?
കൃത്യമായി തിരിച്ചടച്ചിട്ടും അഞ്ചാറുവര്‍ഷം കഴിഞ്ഞിട്ടും വായ്പ കുറയുന്നില്ല എന്നത് പലരും പറയുന്ന പരാതിയാണ്. എന്നാല്‍, ഇത് ഒരു തെറ്റിദ്ധാരണയാണ്. ഭവനവായ്പ ഒരു ദീർഘകാല വായ്പയായതിനാൽ ആദ്യവർഷങ്ങളിൽ അടയ്ക്കുന്ന ഇഎംഐയിലെ വലിയ പങ്ക് പലിശയിലേക്കാണ് പോകുക. ബാക്കി നിൽക്കുന്ന തുക കൂടുതലായതിനാൽ പലിശ കൂടുതലുമായിരിക്കും. അതിനാൽ മുഖ്യതുക വേഗത്തിൽ കുറയില്ല. ഭവനവായ്പ അങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. കാലക്രമേണ മുഖ്യതുക (പ്രിന്‍സിപ്പല്‍) കുറയുമ്പോള്‍ പലിശയും കുറയും. അപ്പോള്‍ ഇഎംഐയില്‍നിന്ന് മുഖ്യതുകയിലേക്ക് പോകുന്നത് കൂടും. അപ്പോഴും (വായ്പ കാലാവധി മുഴുവന്‍) നമ്മള്‍ അടയ്ക്കേണ്ട ഇഎംഐ ഒരേ തുകയായിരിക്കും. അതിനാല്‍ ഇഎംഐ കൃത്യമായി അടച്ചാൽ വായ്പ കാലാവധിക്കുള്ളിൽ തീരും.
ഭവനവായ്പയുണ്ടെങ്കില്‍ കിട്ടും അധികവായ്പ
ഭവനവായ്പ ബാക്കിനിൽക്കുന്നത് പലരും ഒരു ദോഷമായി കാണുന്നു. എന്നാൽ, യഥാർഥത്തിൽ അത് ഒരു വലിയ സാമ്പത്തിക സൗകര്യമാണ്. മിക്ക ബാങ്കുകളും നന്നായി തിരിച്ചടവ് നടത്തുന്ന ഭവനവായ്പ അക്കൗണ്ടുകൾക്ക് അധിക വായ്പസൗകര്യം നൽകുന്നുണ്ട്. ഈ വായ്പകൾക്ക് ഈടാക്കുന്ന പലിശ, ഭവനവായ്പയുടേതിനേക്കാള്‍ അൽപ്പം കൂടുതലായിരിക്കും. എന്നാൽ, സാധാരണ വ്യക്തിഗത വായ്പകളേക്കാൾ വളരെ കുറവായിരിക്കും. അതായത്, ഭവനവായ്പ നിലനിൽക്കുമ്പോൾ കുറഞ്ഞ ചെലവിൽ അധിക ധനസഹായം ലഭിക്കാനുള്ള ഒരു വാതിൽ എപ്പോഴും തുറന്നുകിടക്കുന്നു.
വിദേശപഠനംപോലുള്ള ആവശ്യങ്ങൾ വരുമ്പോൾ, ഭവനവായ്പയുണ്ടെങ്കില്‍ പുതിയ ജാമ്യം കണ്ടെത്തേണ്ടതില്ല; നീണ്ട പരിശോധനകൾ പലപ്പോഴും ഒഴിവാകും. ബാങ്കിന് നിങ്ങളുടെ തിരിച്ചടവുശീലവും സാമ്പത്തിക അച്ചടക്കവും ഇതിനകം അറിയാമെന്നതിനാല്‍ വായ്പനടപടിക്രമങ്ങള്‍ എളുപ്പമാകുകയും ചെയ്യും. ഭവനവായ്പ ജാമ്യമുള്ളവായ്പയാണ്. ക്രമമായി ഇഎംഐ അടയ്ക്കുന്ന ഭവനവായ്പ അക്കൗണ്ട്, നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ ശക്തമായ തെളിവാണ്. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുകയും ഭാവിയിൽ വായ്പകൾ വേഗത്തിലും കുറഞ്ഞ പലിശനിരക്കിലും ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
എപ്പോൾ മുൻകൂട്ടി അടയ്ക്കാം?
ഭവനവായ്പ മുൻകൂട്ടി അടയ്ക്കൽ എല്ലായ്‌പ്പോഴും തെറ്റാകണമെന്നില്ല. വിരമിക്കൽ അടുത്തിരിക്കുക, സ്ഥിരവരുമാനം ഇല്ലാതിരിക്കുക, മറ്റ് ഉയർന്ന പലിശയുള്ള വായ്പകൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ അത് ശരിയായ തീരുമാനമായേക്കാം. അല്ലാതെ ഭവനവായ്പ ഒരു ഭാരമല്ല. ശരിയായി ഉപയോഗിച്ചാൽ ജീവിതം പണിതുയര്‍ത്താന്‍ സഹായിക്കുന്ന ഒരു സാമ്പത്തിക ഉപകരണമാകുകയും ചെയ്യും. അതിനാല്‍ ഭവനവായ്‌പയെ ബുദ്ധിയോടെ കൈകാര്യം ചെയ്യണം. അതോടൊപ്പം സാമ്പത്തികമായി വളരാനും മുന്നോട്ടുപോകാനുമുള്ള ശ്രമാണ് ഉണ്ടാകേണ്ടത്.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്, വ്യക്തിപരം. എസ്ബിഐ റിയൽ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിങ് ബിസിനസ് യൂണിറ്റ് എജിഎമ്മാണ് ലേഖകന്‍)










0 comments