ad
Deshabhimani

print edition പുതിയ കലണ്ടർ മാത്രം പോര; വേണം വ്യക്തമായ സാമ്പത്തിക ലക്ഷ്യം

2026
avatar
കെ കെ ജയകുമാർ

Published on Jan 13, 2026, 01:47 PM | 3 min read

നിങ്ങളുടെ വരുമാനവും 
സമ്പാദ്യവും ജീവിതലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കട്ടെ. 
എവിടെയാണോ നിങ്ങൾ 
ഇപ്പോൾ അവിടെനിന്നുതന്നെ 
തുടങ്ങുക. എന്തൊക്കെ 
നിങ്ങളുടെ കൈവശമുണ്ടോ അതെല്ലാം ഈ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക


ഇടത്തരക്കാരുടെ ജീവിതം എപ്പോഴും ഒരു നൂൽപ്പാലത്തിലൂടെയാണല്ലോ കടന്നുപോകുന്നത്. മാസവേതനവും മാസച്ചെലവുകളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഓരോ മാസവുംവലിയ വെല്ലുവിളിയാണ്. കുട്ടികളുടെ പഠനച്ചെലവുകൾ, വായ്പ തിരിച്ചടവുകള്‍, ചികിത്സാ ചെലവുകൾ, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം– എല്ലാം ഒരേ വരുമാനത്തിൽനിന്നാണല്ലോ നടത്തേണ്ടത്. പുതിയ ലേബർ കോഡ്, തൊഴിൽ നിയമത്തിലെ പൊളിച്ചെഴുത്തുകൾ, മൂലധനം മുടക്കുന്നവർക്കുള്ള പുതിയ സംരക്ഷണങ്ങൾ തുടങ്ങിയ പുതിയ പ്രതിസന്ധികളും നേരിടേണ്ടതുണ്ട്. അതിനാല്‍ പഴയ ചുവരിൽ പുതിയ കലണ്ടർ തൂക്കിയതുപോലെ ഇടത്തരക്കാര്‍ പുതിയ, ശക്തമായ ചില തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്. അതിന് അനുസരിച്ച് സാമ്പത്തിക ആസൂത്രണവും (ഫിനാൻഷ്യൽ പ്ലാൻ) വേണം. ഇല്ലെങ്കില്‍ ജീവിതം ഒരിക്കലും ഇനി പഴയതുപോലെയാകില്ല എന്നത് ഓർക്കുന്നത് നല്ലതാണ്. ​


നിങ്ങളുടെ ജീവിതം ജീവിക്കുമ്പോള്‍


സമ്പന്നരെപ്പോലെയല്ല ഇടത്തരക്കാർ. അവർക്ക് സാമ്പത്തിക കാര്യങ്ങളിൽ പറ്റുന്ന തെറ്റുകൾ തിരുത്താന്‍ ജീവിതത്തില്‍ പിന്നീട് ഒരിക്കലും അവസരം കിട്ടിയേക്കില്ല. ഒരു അപ്രതീക്ഷിത രോഗം, ജോലി നഷ്ടപ്പെടൽ, തെറ്റായ നിക്ഷേപ തീരുമാനം– ഇതിലേതെങ്കിലും ഒന്നുമതി ഒരിടത്തരക്കാരന്റെ വർഷങ്ങളായുള്ള സമ്പാദ്യം ഒറ്റയടിക്ക് തകർക്കാൻ. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന ഒരു പ്രധാന ഘടകം അവരുടെ വ്യക്തമായ ഫിനാൻഷ്യൽ പ്ലാനാണ്. അത് ശക്തമായ ആത്മവിശ്വാസവും എന്തിനെയും നേരിടാനുള്ള ധൈര്യവും നൽകും. മികച്ച ഫിനാന്‍ഷ്യല്‍ പ്ലാന്‍ ഉണ്ടെങ്കില്‍ നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുമ്പോള്‍ തന്നെ നിങ്ങളുടെ വരുമാനവും സമ്പാദ്യവും പശ്ചാത്തലത്തിൽ നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കും.


മൂന്ന് ലക്ഷ്യങ്ങള്‍


ഫിനാന്‍‌ഷ്യല്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിക്കുന്നവര്‍ പടിപടിയായി ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. വ്യക്തമായ ജീവിതലക്ഷ്യങ്ങൾ നിശ്ചയിക്കുക എന്നതാണ് ആദ്യ പടി. ഇതിനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം.​ ​


ഹ്രസ്വകാല ലക്ഷ്യങ്ങൾ (1–3 വർഷം)


എമർജൻസി ഫണ്ട് രൂപീകരണം, അവധിക്കാല ഉല്ലാസയാത്രകൾ, ഗാഡ്ജറ്റുകൾ വാങ്ങൽ, വീടിന്റെ ചെറു അറ്റക്കുറ്റപ്പണികൾ തുടങ്ങിയവ ഇതിലുൾപ്പെടുത്താം. ​


മധ്യകാല ലക്ഷ്യങ്ങൾ (3–7 വർഷം)


കുട്ടികളുടെ പഠനച്ചെലവുകൾ, പുതിയ കാർ വാങ്ങൽ, സൈഡ് ബിസിനസ് തുടങ്ങൽ മുതലായവ ഇതിലുൾപ്പെടുത്താം. ​


ദീർഘകാല ലക്ഷ്യങ്ങൾ 
(10 വർഷത്തിൽ കൂടുതൽ)


കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹച്ചെലവ്, സ്വന്തം വിരമിക്കല്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. ​ഇവയെല്ലാം കൃത്യമായി എഴുതിവയ്‌ക്കുക. ഓരോ ലക്ഷ്യവും കൈവരിക്കേണ്ട വർഷവും അതിനുള്ള ഏകദേശ ചെലവും പ്രത്യേകം രേഖപ്പെടുത്തുക. ഇവ ഒരു പോസ്റ്റർപോലെ കുടുംബത്തിലെ എല്ലാവരും കാണുന്നിടത്ത് സ്ഥാപിക്കാൻ കഴിഞ്ഞാൽ നല്ലത്. എന്തിന് എഴുതിവയ്‌ക്കണം, എല്ലാം മനസ്സിലുണ്ടല്ലോ, എല്ലാം ഞാൻതന്നെയല്ലേ ചെയ്യേണ്ടത്. അതൊന്നും ഞാൻ മറക്കില്ലല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, അത്തരം ചിന്തകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ​


മാസബജറ്റ് നിയന്ത്രണം


മികച്ച സാമ്പത്തിക ആസൂത്രണത്തിന് സ്വീകരിക്കേണ്ട രണ്ടാമത്തെ കാര്യം മാസബജറ്റ് നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ്. കുടുംബ ബജറ്റ് ഉണ്ടാക്കണമെന്ന് പറഞ്ഞാല്‍ എല്ലാവരും കരുതും അത് ചെലവ് ചുരുക്കാൻവേണ്ടിയാണെന്ന്. എന്നാൽ, ബജറ്റിങ് എന്നത് ചെലവ് ചുരുക്കലേയല്ല. അത് വാസ്തവത്തില്‍ അൽപ്പം അച്ചടക്കത്തോടെ ഇഷ്ടമുള്ള രീതിയിൽ പണം ചെലവഴിക്കുന്നതിനാണ്. ​ ഒരു ലളിതമായ സൂത്രവാക്യത്തിലൂടെ ഇത് ആരംഭിക്കാം.
​വരുമാനം – സമ്പാദ്യം= ചെലവ് ​ ​


ചെലവെല്ലാം കഴിഞ്ഞ് അവശേഷിക്കുന്നതെന്തോ അതാണ് സമ്പാദ്യം എന്നത് മാറ്റി വരുമാനത്തിൽനിന്ന് ആദ്യമെ കുറച്ച് പണം സമ്പാദ്യമായി എടുത്തുമാറ്റി ബാക്കി ചെലവഴിക്കാന്‍ ശീലിക്കാം. അതുപോലെ വരുമാനം ട്രാക്ക് ചെയ്യുകയും ശമ്പളം, ഇൻസെന്റീവ്, മറ്റു വരുമാനങ്ങൾ എന്നിങ്ങനെ പലരീതിയിൽ മാസംതോറും കിട്ടുന്ന വരുമാനമെല്ലാം ക്രോഡീകരിക്കുകയും വേണം. അനിവാര്യ ചെലവുകളും വിനോദം, ഷോപ്പിങ് എന്നിവപോലെ ഇഷ്ടകാര്യങ്ങൾക്കുള്ള ചെലവുകളും വേര്‍തിരിക്കണം. ചെലവഴിക്കുന്ന ഓരോ രൂപയും കൃത്യമായി നോട്ട്ബുക്കിലോ മൊബൈൽ ആപ്പിലോ അന്നന്നുതന്നെ രേഖപ്പെടുത്തുകയും വേണം. ​


മാസം എത്ര സമ്പാദിക്കണം


ഒരോ മാസവും എത്ര തുക സമ്പാദിക്കണം എന്നത് നേരത്തേ തീരുമാനിക്കുന്നത് നല്ലതാണ്. 50-–30-–20 എന്ന രീതി എല്ലാവർക്കും പിന്തുടരാവുന്നതാണ്. അതായത് വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യകാര്യങ്ങൾക്കും 30 ശതമാനം ഇഷ്ടമുള്ള കാര്യങ്ങൾക്കും ചെലവഴിക്കുക. ബാക്കിയുള്ള 20 ശതമാനമെങ്കിലും എല്ലാമാസവും സമ്പാദ്യത്തിലേക്ക് മാറ്റണം. ​


എമർജൻസി ഫണ്ട് വേണം


സമ്പാദിക്കുന്ന തുക വിവിധ മാർഗങ്ങളിൽ നിക്ഷേപിക്കുന്നതിനുമുമ്പ് അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഒരു "എമർജൻസി ഫണ്ട്' നിർബന്ധമായും ഉണ്ടാക്കിയിരിക്കണം. ഈ തുക എവിടെയെങ്കിലും നിക്ഷേപിച്ച് ലാഭമുണ്ടാക്കാനല്ല, അടിയന്തരസമയത്ത് എടുത്ത് ഉപയോഗിക്കാനാണ് എന്ന് പ്രത്യേകം ഓര്‍ക്കണം. ഇത് സേവിങ്സ് അക്കൗണ്ട്, ഹ്രസ്വകാല സ്ഥിരനിക്ഷേപം, ലിക്വിഡ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ സൂക്ഷിക്കാം.


പണത്തിന് പെട്ടെന്ന് അത്യാവശ്യം വന്നാൽ ഇത് ഒരു ഷോക്ക് അബ്സോർബർപോലെ പ്രവർത്തിക്കും. ​മാസം അത്യാവശ്യങ്ങൾക്കായി എത്ര രൂപ ചെലവാക്കുന്നുണ്ടോ അതിന്റെ ആറിരട്ടിയെങ്കിലും എമർജൻസി ഫണ്ടിലുണ്ടാകണം. അതിനായില്ലെങ്കിലും 500 രൂപയുടെയങ്കിലും എസ്ഐപിയോ ആര്‍ഡിയോ ചിട്ടിയോ ഇന്നുതന്നെ ആരംഭിക്കുക. ​ കടം നിയന്ത്രിക്കണം എല്ലാ കടവും മോശമല്ല. പക്ഷേ, നിയന്ത്രണമില്ലാത്ത കടം അപകടകരമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ക്രെഡിറ്റ് കാര്‍ഡ്. എല്ലാമാസവും ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ മുഴുവന്‍ തുകയും അടയ്ക്കണം. മിനിമം തുക മാത്രം അടച്ച് റോൾ ചെയ്തുപോയാൽ പലിശ ഇല്ലാതെ കിട്ടിയിരുന്ന ക്രഡിറ്റിന് 40 ശതമാനംവരെ പലിശ നൽകേണ്ടിവരും. അതുപോലെ വ്യക്തിഗത വായ്പ (പേഴ്സണല്‍ ലോണ്‍)പോലെ കൂടിയ പലിശയുള്ള വായ്പകള്‍ ആദ്യമെ അടയ്ക്കുകയും വേണം. കടം കുറയ്ക്കുന്നത് പണം ലാഭകരമായി നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നതിന് തുല്യമാണ് എന്നത് മറക്കാതിരിക്കുക. ​


ശരിയായ നിക്ഷേപമാർഗം


വരുമാനത്തില്‍ നിന്ന് കൃത്യമായി ഒരു തുക നീക്കിവച്ചാല്‍ മാത്രം പോര, നല്ല നിക്ഷേപമാര്‍ഗം സ്വീകരിക്കുകയും വേണം. മധ്യവർഗക്കാർക്ക് ലളിതവും സ്ഥിരതയുള്ളതുമായ നിക്ഷേപമാർഗങ്ങളാണ് ഉചിതം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മ്യൂച്വല്‍ ഫണ്ട് എസ്ഐപി, സ്ഥിരനിക്ഷേപം പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. എന്നാല്‍, ഇന്നത്തെ 10 ലക്ഷം രൂപയ്ക്ക് 15 വർഷത്തിനുശേഷം ഇന്നത്തെ മൂല്യമുണ്ടാകില്ല എന്നത് ഓര്‍ക്കണം.


അതിനാല്‍ എവിടെ നിക്ഷേപിച്ചാലും നിക്ഷേപത്തെ കാർന്നുതിന്നുന്ന പണപ്പെരുപ്പത്തിന്റെ കാര്യം മറക്കരുത്. ആറുമാസത്തിലൊരിക്കൽ സ്വന്തം സാമ്പത്തികനില അവലോകനം ചെയ്യണം. ശമ്പളം കൂടുമ്പോഴൊക്കെ എസ്ഐപി വര്‍ധിപ്പിക്കണം. ആരോഗ്യം കാത്തുസൂക്ഷിക്കുകയും ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുകയും വേണം. നിങ്ങളുടെ വരുമാനവും സമ്പാദ്യവും ജീവിതലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കട്ടെ. എവിടെയാണോ നിങ്ങൾ ഇപ്പോൾ അവിടെനിന്നുതന്നെ തുടങ്ങുക. എന്തൊക്കെ നിങ്ങളുടെ കൈവശമുണ്ടോ അതെല്ലാം ഈ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക.


(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റാണ് ലേഖകൻ. ഇ–-മെയിൽ [email protected])





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home